നെടുമങ്ങാട് റവന്യു ടവറിൽ പണിമുടക്കി ലിഫ്റ്റുകൾ; വലഞ്ഞ് ജനം
Mail This Article
നെടുമങ്ങാട് ∙ കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിന്റെ കീഴിലുള്ള നെടുമങ്ങാട്ടെ റവന്യു ടവർ അടിസ്ഥാന സൗകര്യമില്ലാതെ വീർപ്പുമുട്ടുന്നു. താലൂക്ക് ആസ്ഥാനത്തെ റവന്യു ടവറിലെ ലിഫ്റ്റുകൾ പ്രവർത്തന യോഗ്യമല്ലാതായിട്ട് ഒരു വർഷത്തോളമായി.ഉദ്ഘാടന വേളയിൽ സ്ഥാപിച്ച ലിഫ്റ്റുകൾ ഗുണനിലവാരമില്ലാത്തവയാണെന്ന് അന്നു പരാതി ഉയർന്നിരുന്നു. ലിഫ്റ്റ് സ്ഥാപിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ തകരാറിലായി. ലിഫ്റ്റുകൾ പ്രവർത്തനക്ഷമം അല്ലാത്തതിനാൽ രണ്ടും മൂന്നും നാലും നിലകളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകളിൽ വയോധികർ, വികലാംഗർ, സന്ധി വേദന ഉള്ളവർ, നടക്കാൻ കഴിയാത്തവർ തുടങ്ങിയവർക്ക് പോകാൻ കഴിയുന്നില്ല.
മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സബ് റജിസ്ട്രാർ ഓഫിസിൽ വയോജനങ്ങൾക്കും, വികലാംഗർക്കും, നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും ഹാജരായി ആധാര റജിസ്ട്രേഷന് കഴിയാത്ത കാരണം വാസസ്ഥലത്ത് റജിസ്ട്രേഷൻ നടത്തേണ്ടി വരുന്നു. ഇതിന് അധിക വാസസ്ഥല ഫീസ് അടയ്ക്കേണ്ടി വരുന്നു.രണ്ടാഴ്ച മുൻപ് റവന്യു ടവറിലെ ലിഫ്റ്റുകൾ പൊളിച്ച് മാറ്റിയിരുന്നു. ഫ്ലെക്സ് ബോർഡുകളും സ്റ്റാൻഡുകളും വച്ച് അലക്ഷ്യമായായാണ് സുരക്ഷാ ക്രമീകരണം നടത്തിയിരിക്കുന്നത്. കാറ്റിൽ ഫ്ലെക്സ് ബോർഡുകൾ മറിഞ്ഞു വീണ് അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. സംഭവത്തിൽ പല സമരങ്ങൾ നടന്നിട്ടും യാതൊരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. 2006 ലാണ് റവന്യു ടവറിന്റെ ഉദ്ഘാടനം നടന്നത്.
താലൂക്ക് ഓഫിസ്, റീ സർവേ ഓഫിസ്, മോട്ടർ വാഹന വകുപ്പ്, ടൗൺ എംപ്ലോയ്മെന്റ് നികുതി വകുപ്പ്, സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗം, ഇലക്‌ഷൻ വിഭാഗം, അസിസ്റ്റന്റ് ലേബർ ഓഫിസ്, പ്ലാന്റേഷൻ വകുപ്പ്, അസിസ്റ്റൻറ് റജിസ്ട്രാർ ഓഫിസ്, റവന്യു റിക്കവറി വിഭാഗം, പബ്ലിക് പ്രോസിക്യൂട്ടർ ഓഫിസ്, താലൂക്ക് സപ്ലൈ ഓഫിസ്, സഹകരണ സ്ഥാപനങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ, സബ് റജിസ്ട്രാർ ഓഫിസ്, ഇ-സേവന കേന്ദ്രങ്ങൾ, ഹൗസിങ് ബോർഡ് ഓഫിസ് തുടങ്ങിയ സർക്കാർ ഓഫിസുകൾക്കു പുറമേ ഒട്ടേറെ കച്ചവട സ്ഥാപനങ്ങളുമാണു നാല് നിലകളിലായുള്ള റവന്യു ടവറിൽ പ്രവർത്തിച്ചുവരുന്നത്.