നടപ്പാതകൾ കയ്യേറി അനധികൃത പാർക്കിങ്; കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ടിവരുന്നു
Mail This Article
പാറശാല ∙ ഫ്ലെക്സ് ബോർഡുകൾ മാറിയതിനു പിന്നാലെ പ്രധാന ജംക്‌ഷനുകളിലെ അനധികൃത പാർക്കിങ് ഒഴിവാക്കാനും നടപടി വേണമെന്ന ആവശ്യം ശക്തം. കാൽനടയാത്രപോലും തടസ്സപ്പെടുത്തി നടപ്പാതകളിൽ പാർക്ക് ചെയ്യുന്ന സ്കൂട്ടർ, കാർ എന്നിവ സൃഷ്ടിക്കുന്നത് ഗുരുതര അപകടഭീഷണിയാണ്. തിരക്കേറിയ റോഡുകളിൽ ഇറങ്ങി യാത്രക്കാർക്ക് സഞ്ചരിക്കേണ്ടി വരുന്നു. പ്രധാന ജംക്‌ഷനുകളിൽ പാർക്കിങ്ങിനു നിശ്ചിത സ്ഥലം ഒരുക്കിയാൽ പ്രശ്നത്തിനു പരിഹാരമാകുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. തദ്ദേശ സ്ഥാപനങ്ങളും, സർക്കാരും ചേർന്ന് പാർക്കിങ്ങിനു സ്ഥലം കണ്ടെത്തണം.
ചന്ത അടക്കം പ്രവർത്തിക്കുന്ന ദേശീയപാതയോരത്തെ ഉദിയൻകുളങ്ങര ജംക്‌ഷനിൽ കടകൾക്ക് മുന്നിലെ നടപ്പാത കയ്യേറി ഉടമകളുടെ കാർ വരെ കുറുകെ പാർക്ക് ചെയ്യുന്നതാണ് സ്ഥിതി.ദേശീയപാതയുടെ വശങ്ങളിൽ പ്രവർത്തിക്കുന്ന ഒാട്ടോ, ടാക്സി സ്റ്റാൻഡുകളിൽ നിശ്ചിത എണ്ണത്തിലുള്ള വാഹനങ്ങൾ മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ എന്നിരിക്കെ പലയിടത്തും 30 ഒാട്ടോറിക്ഷകൾ വരെ ഒരുമിച്ച് ഇടാറുണ്ട്. വ്യാപാര സ്ഥാപനങ്ങളിലെ പ്രവേശനം പോലും തടസ്സപ്പെടുത്തുന്ന രീതിയിലാണ് ഭൂരിഭാഗം സ്റ്റാൻഡുകളിലും ടാക്സി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. വാഹനം ഒതുക്കിനിർത്താൻ ആവശ്യപ്പെടുന്ന സ്ഥാപന ഉടമകളെ സംഘടിതരായെത്തി ഭീഷണിപ്പെടുത്തുന്നതായും പരാതികളുണ്ട്.