സംസ്ഥാന സ്കൂൾ കലോത്സവം: സെൻട്രൽ സ്റ്റേഡിയത്തിൽ ‘ഭാരതപ്പുഴ’; ‘നെയ്യാറി’ൽ ഭക്ഷണപ്പുര
Mail This Article
തിരുവനന്തപുരം∙ തലസ്ഥാനത്തു നടക്കാൻ പോകുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദികളും മത്സര ഷെഡ്യൂളും പ്രഖ്യാപിച്ചു. ഇത്തവണ കേരളത്തിലെ പ്രധാന നദികളുടെ പേരിലാണ് ഓരോ വേദിയും അറിയപ്പെടുക. സെൻട്രൽ സ്റ്റേഡിയത്തിലെ മുഖ്യവേദി ഭാരതപ്പുഴയാണ്. 25 വേദികളാണ് ആകെയുള്ളത്. മത്സരവേദികൾക്കു പുറമേ ഭക്ഷണപ്പുരയും ഫോട്ടോപ്രദർശന വേദിയുമുള്ള പുത്തരിക്കണ്ടത്തിനും തലസ്ഥാന ജില്ലയുടെ നദിയുടെ പേരു നൽകിയിട്ടുണ്ട്; നെയ്യാർ.
4ന് രാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. 11 മുതൽ എല്ലാ വേദികളിലും മത്സരം ആരംഭിക്കും. 5 ദിവസത്തെ കലോത്സവത്തിൽ ആകെ 249 ഇനങ്ങളിലാണ് മത്സരം. (ഹൈസ്‌കൂൾ–101, ഹയർ സെക്കൻഡറി–110, സംസ്കൃതം, അറബിക് കലോത്സവങ്ങൾ–19 വീതം). 5 ഗോത്ര കലാരൂപങ്ങൾ കൂടി ഉൾപ്പെടുത്തിയതാണ് ഇത്തവണത്തെ മുഖ്യ സവിശേഷത. പതിനായിരത്തോളം കുട്ടികൾ മത്സരിക്കും. നഗരത്തിലെ മുപ്പതോളം സ്‌കൂളുകളിലാണു ടീമുകൾക്ക് താമസസൗകര്യം ഒരുക്കുന്നത്.
ഓവറോൾ ചാംപ്യന്മാർക്ക് സമ്മാനിക്കുന്ന സ്വർണ ട്രോഫിയുമായുള്ള വാഹനജാഥ 31ന് കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്ടു നിന്ന് ആരംഭിക്കും. എല്ലാ ജില്ലകളിലൂടെയും പ്രയാണം പൂർത്തിയാക്കി ജനുവരി 3ന് തിരുവനന്തപുരം ജില്ലയിലെത്തുന്ന ട്രോഫിക്ക് 10ന് ജില്ലാ അതിർത്തിയായ തട്ടത്തുമലയിൽ സ്വീകരണം നൽകും. തുടർന്ന് ഘോഷയാത്രയായി മുഖ്യ വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിക്കും.