കന്യാകുളങ്ങര മാർക്കറ്റിലെ കച്ചവടക്കാർ എംസി റോഡരികിൽ; തുടങ്ങി ‘അപകട’ക്കച്ചവടം
Mail This Article
വെമ്പായം∙കന്യാകുളങ്ങര മാർക്കറ്റിലെ കച്ചവടക്കാർ എംസി റോഡിന്റെ വശത്തേക്ക് കച്ചവടങ്ങൾ മാറ്റി. അപകട മേഖലയും വീതി കുറഞ്ഞതും തിരക്കുള്ള റോഡുമായ ഇവിടെ വാഹനങ്ങൾ കടന്നു പോകുന്നത് കച്ചവടക്കാരിൽ നിന്ന് 3 അടി അകലത്തിൽ മാത്രം. ദുരന്ത സാധ്യത നാട്ടുകാർ ഭയക്കുന്നു.മാണിക്കൽ പഞ്ചായത്തിന്റെ പരിധിയിലുള്ള കന്യാകുളങ്ങര മാർക്കറ്റ് മാലിന്യം നിറഞ്ഞ് ഉപയോഗ യോഗ്യം അല്ലാത്തതിനാലാണ് കച്ചവടങ്ങൾ റോഡിലേക്ക് മാറ്റേണ്ടി വന്നതെന്ന് ചന്തയിൽ എത്തുന്ന വ്യാപാരികൾ പറയുന്നു.മുൻകാലങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന മാർക്കറ്റ് ഇന്ന് അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്.
മത്സ്യം അടക്കം ഉള്ള പ്രധാന കച്ചവടങ്ങൾ എല്ലാം മാർക്കറ്റിനോടു ചേർന്ന എംസി റോഡിന്റെ വശത്താണ് നടക്കുന്നത്.കാൽനടപോലും സൗകര്യമില്ലാത്ത ഇവിടെ വിവിധ കച്ചവടങ്ങൾ കൂടിയായപ്പോൾ കാൽനടക്കാരും നടക്കാൻ ഇടമില്ലാതെ ബുദ്ധിമുട്ടിലായി.ഗവ.ആശുപത്രിയും നെടുവേലി സ്കൂൾ അടക്കം 3 സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളും പ്രവർത്തിക്കുന്ന കന്യാകുളങ്ങരയിൽ അവധി ദിനത്തിൽ പോലും വലിയ തിരക്കാണ്. ചന്ത ദിവസങ്ങളിൽ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഇവിടെ വിവിധ സമയങ്ങളിൽ കാൽനടക്കാരും വാഹന അപകടത്തിൽപെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കാൽനട യാത്രയ്ക്ക് സൗകര്യമില്ലാത്തതിനാൽ വിദ്യാർഥികൾ അടക്കം ഉള്ളവർ റോഡിലേക്ക് കയറിയാണ് നടക്കുന്നത്.ഇത് കൂടുതൽ അപകട സാധ്യത വർധിപ്പിക്കുന്നു.1 ഏക്കർ വരുന്ന സ്ഥലത്ത് മത്സ്യ മാർക്കറ്റും പച്ചക്കറി മാർക്കറ്റും വെവ്വേറെയാണ് പ്രവർത്തിക്കുന്നത്. പച്ചക്കറി മാർക്കറ്റ് ചന്തയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. മരച്ചീനി,മത്സ്യം തുടങ്ങിയ കച്ചവടക്കാരാണ് എംസി റോഡിലേക്ക് കച്ചവടം മാറ്റിയത്. കന്യാകുളങ്ങര മാർക്കറ്റ് നവീകരിച്ച് വ്യാപാരികൾക്ക് കച്ചവട സൗകര്യം ഉണ്ടാക്കി വഴിയോര കച്ചവടം അവസാനിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു