ഫെയ്സ് ഡോർ കുത്തിപ്പൊളിച്ചു, നമ്പർ ലോക്ക് ഇളക്കാനായില്ല; എടിഎം കവർച്ചാശ്രമം മടത്തറയിൽ വിഫലം
Mail This Article
പാലോട്∙ മടത്തറയിൽ എടിഎം കൗണ്ടർ കുത്തിപ്പൊളിച്ചു കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വിശദ പരിശോധന നടത്തി. എടിഎമ്മിന്റെ ഫെയ്സ് ഡോർ കുത്തിപ്പൊളിച്ചെങ്കിലും നമ്പർ ലോക്ക് ഇളക്കി ലോക്കറിൽ നിന്ന് പണം കവരാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ക്യാമറകൾ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് മറയ്ക്കുകയും അതിന്റെ കേബിളുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പ്രാഥമിക ലോക്കറുകൾ എല്ലാ പൊളിച്ചു അവസാന നമ്പർ ലോക്ക് വരുന്ന ഭാഗം പൊളിക്കാൻ കഴിയാതെ മോഷ്ടാക്കൾ ശ്രമം ഉപേക്ഷിച്ചതായി പൊലീസ് പറഞ്ഞു.
പൊലീസിന്റെ അന്വേഷണം ഊർജിതമാക്കി. ബാങ്കിലെയും പ്രദേശത്തെയും സിസിടിവി പൊലീസ് പരിശോധിക്കുന്നുണ്ട്. മടത്തറ – കടയ്ക്കൽ റോഡിലെ എസ്ബിഐയുടെ എടിഎം കുത്തിപ്പൊളിച്ചാണു കവർച്ച നടത്താൻ ശ്രമിച്ചത്. പണം നിറയ്ക്കാൻ എത്തിയ ജീവനക്കാരാണ് മെഷീൻ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. അവർ അപ്പോൾ തന്നെ ബാങ്കിനെ അറിയിക്കുകയായിരുന്നു.