തിരുനെൽവേലിയിൽ തള്ളിയ മാലിന്യം കേരളത്തിൽ തിരിച്ചെത്തിച്ചു; മലയാളി ഉൾപ്പെടെ 3 പേർ കൂടി അറസ്റ്റിൽ
Mail This Article
തിരുവനന്തപുരം/ചെന്നൈ ∙ തിരുനെൽവേലി ജില്ലയിൽ 6 ഇടങ്ങളിലായി തള്ളിയ മാലിന്യം കേരളത്തിൽ തിരിച്ചെത്തിച്ചു. കൊണ്ടാനഗരത്തിൽ തള്ളിയ മാലിന്യം ഇന്ന് നീക്കം ചെയ്യും. ഇന്നലെ രാത്രി വരെ 18 ലോറികളിലാണ് മാലിന്യം നീക്കിയത്. കേരളത്തിൽനിന്നു എത്തിച്ച 16 ലോറികൾ കൂടാതെ തമിഴ്നാട് 7 ലോറികൾ മാലിന്യനീക്കത്തിന് വിട്ടുനൽകി. മാലിന്യം കേരളത്തിൽ എത്തിച്ചു വേർതിരിച്ചു സംസ്കരിക്കും. മാലിന്യം തിരികെയെടുക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ച 3 ദിവസത്തെ സമയപരിധി ഇന്നലെ അവസാനിച്ചു.
പഴവൂർ, കൊടകനല്ലൂർ, കല്ലൂർ, സീതാപരപ്പനല്ലൂർ എന്നിവിടങ്ങളിൽ തള്ളിയ ആശുപത്രി മാലിന്യം ഉൾപ്പെടെയാണ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ തിരിച്ചെടുത്തത്. തിരുവനന്തപുരം അസിസ്റ്റന്റ് കലക്ടർ സാക്ഷി മോഹനൊപ്പം മലിനീകരണ നിയന്ത്രണ ബോർഡ്, കോർപറേഷൻ ഉദ്യോഗസ്ഥരും എത്തിയിരുന്നു. ചേരൻമഹാദേവി സബ് കലക്ടർ അർപീത് ജെയിന്റെ നേതൃത്വത്തിൽ തമിഴ്നാട് റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.
മാലിന്യം തള്ളിയ സംഭവത്തിൽ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസ് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ഇന്നു വീണ്ടും പരിഗണിക്കും. സംഭവത്തിൽ മലയാളി ഉൾപ്പെടെ 3 പേർ കൂടി അറസ്റ്റിലായി. കണ്ണൂർ സ്വദേശിയും സ്വകാര്യ മാലിന്യ സംസ്കരണ കമ്പനി സൂപ്പർവൈസറുമായ നിധിൻ ജോർജ്, ലോറി ഉടമ ചെല്ലദുരൈ, സദാനന്ദൻ എന്നിവരെയാണു സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. മാലിന്യം തള്ളിയ സംഭവത്തിൽ ഇതുവരെ 6 കേസുകൾ തമിഴ്നാട് പൊലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.