നരകം തീർത്ത് തെരുവുനായ്ക്കൾ; കടയ്ക്കാവൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ തെരുവുനായശല്യം രൂക്ഷം
Mail This Article
ചിറയിൻകീഴ്∙ കടയ്ക്കാവൂർ പഞ്ചായത്തിലെ കീഴാറ്റിങ്ങൽ, തിനവിള, പള്ളിമുക്ക് മേഖലകളിൽ തെരുവുനായശല്യം രൂക്ഷം. രാത്രികാലങ്ങളിൽ പാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ തിണ്ണകളും നായ്ക്കൾ കയ്യടക്കിയിരിക്കുകയാണ്.നാളിതുവരെ 24 പേർക്കാണ് തെരുവുനായകളുടെ കടിയേറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ പത്രമിടാൻ പോയ ഏജന്റ് സന്തോഷിന് നായ്ക്കളുടെ ആക്രമണത്തിൽ സാരമായി പരുക്കേറ്റു. സൈക്കിളിൽ പോകുന്ന സ്കൂൾ വിദ്യാർഥികളെ നായ്ക്കൾ ആക്രമിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
വളർത്തുമൃഗങ്ങളെയും കോഴികളെയും നായ്ക്കളിൽ നിന്ന് സംരക്ഷിക്കാൻ ബുദ്ധിമുട്ടുകയാണ് നാട്ടുകാർ.പ്രദേശത്ത് കാടുവളർന്നു നിൽക്കുന്ന സ്ഥലങ്ങളിൽ ഇറച്ചിമാലിന്യം തള്ളുന്നതാണ് നായ്ക്കൾ പെരുകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. മറ്റു പഞ്ചായത്തു പ്രദേശങ്ങളിൽ നിന്നും തിരുവനന്തപുരം സിറ്റി മേഖലയിൽ നിന്നും പിടികൂടുന്ന തെരുവുനായ്ക്കളെ രാത്രിയിൽ വാഹനങ്ങളിലെത്തിച്ചു ഉപേക്ഷിക്കുന്നതായും പരാതിയുണ്ട്. വിഷയത്തിൽ അധികൃതർ അടിയന്തര നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.