37 കോടി രൂപ ചെലവ്, തൂക്കുപാലം മാതൃകയിൽ നിർമാണം; കന്യാകുമാരിയിൽ കണ്ണാടിപ്പാലം തുറക്കുന്നു
Mail This Article
കന്യാകുമാരി∙ ത്രിവേണി സംഗമ തീരത്ത് തമിഴ്നാട് സർക്കാരിന്റെ പുതുവർഷ സമ്മാനമായി കണ്ണാടിപ്പാലം ഉദ്ഘാടനത്തിന് ഒരുങ്ങി. വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ കടലിൽ നിർമിച്ച കണ്ണാടിപ്പാലം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നാളെ വൈകിട്ട് 5.30ന് ഉദ്ഘാടനം ചെയ്യും. തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് കണ്ണാടി നടപ്പാലം നിർമിച്ചത്. 31നു രാവിലെ 9ന് തമിഴ്നാട് ഗെസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് സാംസ്കാരിക സമ്മേളനം, കവിയരങ്ങ് എന്നിവ നടക്കും.
വിവേകാനന്ദ പാറയ്ക്കു സമീപം മറ്റൊരു പാറയിലാണ് 133 അടി ഉയരമുള്ള തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. ഇരുപാറകളെയും ബന്ധിപ്പിച്ച് കടലിനു മുകളിൽ പാലം നിർമിച്ചതോടെ വിവേകാനന്ദ പാറയിൽ നിന്നു തിരുവള്ളുവർ പ്രതിമയിലേക്കു നടന്ന് എത്തിച്ചേരാൻ സാധിക്കും. 37 കോടി രൂപ ചെലവിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പാണ് പാലം നിർമിച്ചത്. പാലത്തിന്റെ മധ്യത്തിൽ കട്ടിയുള്ള കണ്ണാടി സ്ഥാപിച്ച് തൂക്കുപാലം മാതൃകയിലാണ് നിർമാണം.
ഉദ്ഘാടനത്തിനു മുന്നോടിയായി ടൗണിൽ 10 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തി. ബോട്ടുജെട്ടിയിൽ ടിക്കറ്റെടുക്കാൻ പുതിയ കാത്തിരിപ്പു കേന്ദ്രം, റോഡുകളുടെ നവീകരണം എന്നിവ ഇതിലുൾപ്പെടും. ബോട്ടുജെട്ടിക്കു സമീപം പ്രമുഖ ശിൽപി സുദർശൻ പട്നായിക് മണ്ണുകൊണ്ടു നിർമിച്ച തിരുവള്ളുവരുടെ പ്രതിമയുടെ അനാഛാദനവും മുഖ്യമന്ത്രി നാളെ നിർവഹിക്കും. തുടർന്ന് കണ്ണാടിപ്പാലത്തിൽ ലേസർ ഷോ നടക്കും.