വൃക്ക നൽകാൻ അമ്മയുണ്ട്; ശസ്ത്രക്രിയയ്ക്ക് കനിവു തേടി വിസ്മയ
Mail This Article
കഴക്കൂട്ടം∙ വൃക്ക പകുത്തു നൽകാൻ അമ്മയുണ്ട്, പക്ഷേ ചികിത്സാ ചെലവിനു സുമനസ്സുകളുടെ കാരുണ്യം വേണം. കണിയാപുരം ചിറ്റാറ്റുമുക്ക് കരിഞ്ഞ വയൽ ജയാഭവനിൽ ജെ. വിസ്മയ(18) ആണ് ചികിത്സയ്ക്കു വേണ്ട പണം കണ്ടെത്താനാവാതെ വിഷമിക്കുന്നത്. പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി, ഡോക്ടർ ആകണം എന്ന ലക്ഷ്യത്തോടെ പ്രവേശന പരീക്ഷയ്ക്കു പഠിക്കുമ്പോഴാണ് ശാരീരിക അസ്വസ്ഥതകൾ കാരണം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ രണ്ടു വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തി. അടിയന്തരശസ്ത്രക്രിയ നടത്തി വൃക്ക മാറ്റിവച്ചാലേ ജീവൻ നില നിർത്താനായി സാധിക്കൂ. അമ്മ ജയകുമാരി തന്റെ വൃക്കകളിൽ ഒന്ന് മകൾക്ക് പകുത്തു നൽകാൻ തയാറാണ്. എന്നാൽ കൂലിപ്പണിക്കാരനായ പിതാവ് തങ്കരാജൻ, മകളുടെ ചികിത്സയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തും എന്നറിയാതെ ബുദ്ധിമുട്ടുകയാണ്. 5 സെന്റിൽ ഒരു കിടപ്പാടം മാത്രമാണ് കുടുംബത്തിനുള്ളത്. വിസ്മയയുടെ സഹോദരി 10 ക്ലാസിൽ പഠിക്കുകയാണ്.
മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യൽറ്റി വിഭാഗത്തിൽ ചികിത്സയിലുള്ള വിസ്മയയ്ക്കു വൃക്ക മാറ്റിവയ്ക്കാനും അനുബന്ധ ചെലവുകൾക്കുമായി 10 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായം കൊണ്ടാണ് ഇത്രയും കാലം ചികിത്സ നടത്തിയത്. ഇനിയുള്ള ചെലവുകൾക്കു പണം കണ്ടെത്താനാകാത്ത സ്ഥിതിയാണ് ഈ നിർധന കുടുംബം. വിസ്മയയുടെ പേരിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ കണിയാപുരം ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. വിസ്മയയുടെ പേരിലാണ് ഗൂഗിൾ പേ അക്കൗണ്ട്. വിസ്മയയുടെ ചികിത്സാർഥം കഠിനംകുളം പഞ്ചായത്തിലെ ചിറ്റാറ്റുമുക്ക് വാർഡംഗം ടി.സഫീർ കൺവീനറായി ചികിത്സാ സഹായ സമിതി രൂപീകരിച്ചു.
ഇന്ത്യൻ ഓവർസീസ് ബാങ്ക്, കണിയാപുരം ശാഖ അക്കൗണ്ട് നമ്പർ: 216201000012919
ഐഎഫ്എസ്‌സി കോഡ്: ഐഒബി0002162
ഫോൺ: 96337 00946.
ഗൂഗിൾ പേ നമ്പർ 96337 00946