ശിവഗിരി തീർഥാടനം: പാതയോരങ്ങളിൽ വൻതിരക്ക്; പദയാത്രാ സംഘങ്ങളെ സ്വീകരിച്ച് നാട്
Mail This Article
ചിറയിൻകീഴ് ∙നാടിനെ പീതശോഭയിലാഴ്ത്തി തീർഥാടക സംഘങ്ങൾ ഇന്നലെ ഏറെ വൈകിയും പാതയോരങ്ങളെ സജീവമാക്കി. ഗുരുമന്ദിരങ്ങൾ, എസ്എൻഡിപി ശാഖായോഗങ്ങൾ, വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവ ഒറ്റയ്ക്കും കൂട്ടായും പദയാത്രികരെ വരവേൽക്കാനും സ്വീകരണങ്ങൾ നൽകാനും മുന്നിട്ടുനിന്നു. പ്രധാന ജംക്‌ഷനുകൾ കേന്ദ്രീകരിച്ചു പീതപതാകകളുയർത്തിയും കൊടിതോരണങ്ങൾ കെട്ടിയും കമാനങ്ങളുയർത്തിയും തീർഥാടകരെ വരവേറ്റു.കുളത്തൂർ കോലത്തുകര ശിവക്ഷേത്ര സന്നിധിയിൽനിന്നു ഇന്നലെ പുലർച്ചെ ശിവഗിരിയിലേക്കു പുറപ്പെട്ട മതമൈത്രി പദയാത്രയെ താലൂക്ക് അതിർത്തിയായ പെരുങ്ങുഴി നാലുമുക്ക് ജംക്‌ഷനിൽ ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ, നാലുമുക്ക് ഗുരുമണ്ഡപസമിതി, ഇടഞ്ഞുംമൂല എസ്എൻഡിപി ശാഖായോഗം പ്രതിനിധികൾ ചേർന്നു ഭക്തിനിർഭര വരവേൽപു നൽകി. തുടർന്നു പെരുങ്ങുഴി, ദൈവദശകം ശാഖ, അഴൂർ, കോളിച്ചിറ, കോട്ടപ്പുറം, കടകം എസ്എൻഡിപി ശാഖായോഗങ്ങളുടെ നേതൃത്വത്തിൽ ഗുരുക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു വിശ്വാസികൾ സ്വീകരണം നൽകി.
ശാർക്കര ഗുരുക്ഷേത്ര മണ്ഡപത്തിലെത്തിയ മുഖ്യപദയാത്രാ സംഘത്തെ ക്ഷേത്രസമിതി പ്രസിഡന്റ് ഡോ.ബി.സീരപാണി പുഷ്പഹാരമണിയിച്ചു. മഹാഗുരുപൂജയും ദൈവദശക കീർത്തനാലാപനവും നടന്നു. ശാർക്കര ദേവീ സദ്യാലയത്തിൽ തീർഥാടകർക്കു സമൂഹസദ്യയും നൽകി. എസ്എൻഡിപി യൂണിയൻ പ്രതിനിധികളായ പ്രദീപ് സഭവിള, ബൈജുതോന്നയ്ക്കൽ, ചന്ദ്രൻപട്ടരുമഠം, സന്തോഷ്പുതുക്കരി, ശ്രീകുമാർപെരുങ്ങുഴി, ബാലാനന്ദൻകടകം,ഗോപിനാഥൻതെറ്റിമൂല, ഡി.ചിത്രാംഗദൻ, സുരേഷ്തിട്ടയിൽ, രാമചന്ദ്രൻമുട്ടപ്പലം, പി.എസ്.ചന്ദ്രസേനൻ, വനിതാസംഘം യൂണിയൻ പ്രതിനിധികളായ ലതികപ്രകാശ്, ശ്രീജഅജയൻ, ബീന ഉദയകുമാർ, വിജയ അനിൽകുമാർ എന്നിവർ താലൂക്കുതലത്തിൽ വിവിധയിടങ്ങളിൽ പദയാത്ര വരവേൽപിനു നേതൃത്വം നൽകി. ജില്ലയ്ക്കകത്തും പുറത്തുനിന്നുമെത്തുന്ന ചെറുതും വലുതുമായ പദയാത്രാ സംഘങ്ങൾക്കു പാർക്കിങ് അടക്കം നാളെ രാത്രി വരെ ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കി ഇടത്താവളമായി പ്രവർത്തിക്കും.
മുരുക്കുംപുഴനിന്ന് തീർഥാടനം ഇന്ന്
ചിറയിൻകീഴ് ∙ ശ്രീനാരായണ ഗുരുദേവൻ ഫലക പ്രതിഷ്ഠ നടത്തിയ മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വ ക്ഷേത്രസന്നിധിയിൽ നിന്നു ശിവഗിരിയിലേക്കുള്ള വിശ്വസാഹോദര്യ തീർഥാടന യാത്ര ഇന്നു പുലർച്ചെ 7ന് പുറപ്പെടും. മുരുക്കുംപുഴ എസ്എൻഡിപി ശാഖായോഗം പ്രസിഡന്റ് എൻ.അശോക്‌കുമാർ, സെക്രട്ടറി സുരേഷ് കോട്ടറക്കരി, ക്ഷേത്രസമിതി പ്രസിഡന്റ് ശശിധരൻ, സെക്രട്ടറി രാജു ആരാമം എന്നിവർ നേതൃത്വം നൽകും. പദയാത്രികരായി പേരുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളവരും പങ്കെടുക്കാനാഗ്രഹിക്കുന്ന ഗുരുവിശ്വാസികളും രാവിലെ 7ന് മുൻപായി ക്ഷേത്രസന്നിധിയിലെത്തണം.