പാട്ടു നിർത്തിച്ചതു സുജാത; പിന്നെയും പാടിച്ചതു ശർമിള
Mail This Article
കളമശേരി രാജഗിരി ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് അധ്യാപകർ ശരത്ചന്ദ്രവർമയെ പിന്നാലെ പിടികൂടിയിരുന്നു. വയലാറിന്റെ മകനല്ലേ, പാട്ടിൽ നീ മത്സരിച്ചാൽ മതിയെന്നായിരുന്നു നിർദേശം. ലളിതഗാനത്തിൽ മൽസരിക്കാൻ ചെല്ലുമ്പോഴെല്ലാം അവിടെ ഒരു കിളിനാദം ശരത്തിനെ കൊത്തിയോടിക്കും. പിന്നീടു പിന്നണിഗാനത്തിൽ പ്രതിഭയായ സുജാതയായിരുന്നു അത്.
അന്ന് ആൺപെൺ വ്യത്യാസമില്ലാതെയായിരുന്നു മത്സരം. രണ്ടു വർഷവും മത്സരത്തിലെത്തി; സുജാത സമ്മാനം കൊണ്ടുപോയി. അങ്ങനെ ശരത്ത് പാട്ടിനെ കൈവിട്ടു. എങ്കിലും ഇടയ്ക്കു വേദി കിട്ടുമ്പോഴൊക്കെ ‘സുമംഗലീ... നീ ഓർമിക്കുമോ..?’ എന്ന പാട്ടു പാടും. ‘അത് ‘പിച്ചിൽ’ അവസാനിക്കും’ എന്നു വയലാർ ശരത്ചന്ദ്രവർമ. എന്നുവച്ചാൽ നല്ല പിച്ചുകിട്ടും. നഖക്ഷതം മറയ്ക്കുവാനേ കഴിയൂ. വയലാറിന്റെ മകനല്ലേ? കാലം കുതിരയെപ്പോലെ പാഞ്ഞു. കാലങ്ങൾക്കു ശേഷം ശരത്ത് ഓസ്ട്രേലിയയിൽ പോയി. അവിടെ മെൽബണിൽ ഒരു വീട്ടിൽ സാധാരണക്കാരിയായി ഒതുങ്ങിക്കഴിയുകയായിരുന്നു ജി.ദേവരാജന്റെ മകൾ ശർമിള. മെൽബണിലൊരു വേദിയിൽ ഇരുവരും ഒരുമിച്ചു പാടി–‘പെരിയാറേ... പെരിയാറേ...!’ ചരിത്രം വയലാർ–ദേവരാജൻ പിൻതലമുറയിലൂടെ പനിനീരലയായൊഴുകി.