ADVERTISEMENT

താരോദയങ്ങളുടെ വിളംബര വേദിയാണ് സ്‌കൂൾ യുവജനോൽസവം. അരനൂറ്റാണ്ട് പിന്നിട്ട അനുഭവ തികവിനിടയിൽ ഈ വേദികളിലൂടെ ജ്വലിച്ചുയർന്ന താരങ്ങളെത്രയെത്ര? സാക്ഷാൽ ഗാനഗന്ധർവൻ മുതൽ മലയാള സിനിയിലെ ഇളമുറക്കാർ വരെ എത്തിനിൽക്കുന്ന അവസാനമില്ലാത്ത നിര. കലോൽസവ വേദിയുടെ ഒളിമങ്ങാത്ത തിളക്കങ്ങൾ ഇവരാണ്. ഇവരിലൂടെയാണ് യുവജനോൽസവങ്ങൾ ചരിത്രത്തിലേക്ക് എഴുതപ്പെട്ടത്. അഥവാ ചരിത്രത്തിലെ കലോൽസവങ്ങൾ ഓർമയിലെത്തുന്നത് ഇവരുടെ പേരിലാണ്.

പ്രതിഭ-തിലക പട്ടങ്ങൾ സൃഷ്‌ടിക്കപ്പെടുന്നതിനു മുമ്പുതന്നെ കലോൽസവ വേദികളിൽ തിളക്കമുള്ള പ്രതിഭകൾ പിറന്നിരുന്നു. കേരള പിറവിക്കൊപ്പം പിറന്ന യുവജനോൽസവത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് ഈ വേദികളിലെ താര നിരയുടെ ചരിത്രത്തിനും.

ആദ്യ രണ്ടുകലോൽസവങ്ങൾ കേരളം ഓർമിക്കുന്നത് സംഗീത മൽസര വേദികളിലൂടെയാണ്.  1956 ൽ എറണാകുളത്ത് നടന്ന ആദ്യ കലോൽസവത്തിന്റെ കണ്ടെത്തൽ അന്തരിച്ച നെയ്യാറ്റിൻകര മോഹനചന്ദ്രനായിരുന്നു. കർണാടക സംഗീത രംഗത്ത് പേരെടുത്ത അദ്ദേഹം പിന്നീട് കെ.എസ്. ചിത്ര, എം.ജയചന്ദ്രൻ തുടങ്ങി പേരെടുത്ത ഗായകരുടെ ഗുരുവായും മാറി.  ചേർത്തല എ.കെ.രാമചന്ദ്രനായിരുന്നു ആദ്യ കലോൽസവത്തിലെ മറ്റൊരു താരം. മൃദംഗത്തിൽ ഒന്നാമതെത്തിയ അദ്ദേഹം പിന്നീട് പ്രശസ്‌തിയുടെ പടവുകൾ താണ്ടി.

ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള താരങ്ങളെ സൃഷ്‌ടിച്ച യുവജനോൽസവമായിരുന്നു അടുത്ത വർഷം തിരുവനന്തപുരത്ത് നടന്നത്. അരനൂറ്റാണ്ടിനിപ്പുറവും മലയാളി അഭിമാനത്തോടെ നെഞ്ചിലേറ്റുന്ന ഗന്ധർവ സ്വരം കെ.ജെ.യേശുദാസും, ഭാവ ഗായകൻ പി.ജയചന്ദ്രനും ആ വേദിയുടെ സമ്മാനമായിരുന്നു.

ഹിന്ദോള രാഗത്തിൽ ‘മാമവതു ശ്രീ സരസ്വതി’ എന്ന കീർത്തനം പാടി പള്ളുരുത്തി സെന്റ് സെബാസ്‌റ്റ്യൻസ് സ്‌കൂളിൽ നിന്നെത്തിയ കെ.ജെ.യേശുദാസൻ ശാസ്‌ത്രീയ സംഗീതത്തിൽ ഒന്നാമനായപ്പോൾ കലോൽസവ താരങ്ങൾക്കിടയിലെ സൂര്യനുദിക്കുകയായിരുന്നു. ഇരിങ്ങാലക്കുട എൻ.എച്ച്.എസിനെ പ്രതിനിധീകരിച്ച പി.ജയചന്ദ്രൻ കുട്ടന് (ഗായകൻ ജയചന്ദ്രൻ തന്നെ)  മൃദംഗത്തിലായിരുന്നു അന്ന് ഒന്നാം സമ്മാനം. സമ്മാനദാന വേദിയിൽ യേശുദാസിന്റെ പാട്ടിന് മൃദംഗത്തിൽ അകമ്പടി തീർത്തത് ജയചന്ദ്രനാണ്. 1960 ൽ കോഴിക്കോട്ടു നടന്ന കലോൽസവത്തിലെ ശാസ്‌ത്രീയ സംഗീത വിജയി പെരുമ്പാവൂർ ഗവ.ഹൈസ്‌കൂളിൽ നിന്നെത്തിയ ജി.രവീന്ദ്രനാഥ മേനോനായിരുന്നു. പിന്നീട് ആ പ്രതിഭയെ കേരളമറിഞ്ഞത് പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് എന്ന സംഗീതജ്‌ഞനായിട്ടായിരുന്നു. പ്രശസ്‌ത സംഗീതജ്‌ഞൻ ശങ്കരൻനമ്പൂതിരിയും കലോൽസവ വേദിയിൽ തെളിഞ്ഞു കത്തിയ താരമാണ്.

മലയാള സിനിമ ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് കലോൽസവത്തിന്റെ നൃത്ത വേദികളോടാണ്. ഈ വേദിയിൽ ആടിത്തെളിഞ്ഞ എത്രയോ പ്രതിഭകൾ പിന്നീട് സിനിമയുടെ അരങ്ങിലും താരങ്ങളായി. 1986 ൽ കലോൽസവത്തിന് പ്രതിഭ- തിലക പട്ടങ്ങൾ നിർണയിച്ചു തുടങ്ങിയതു മുതൽ തുടങ്ങുന്നു ആ ചരിത്രം. യുവജനോൽസവ ചരിത്രത്തിലെ ആദ്യ കലാപ്രതിഭ പിന്നീട് മലയാള സിനിമയ്‌ക്കും നൃത്തവേദിക്കും തിളക്കമേറിയ പ്രതിഭയായി. നടൻ വിനീതായിരുന്നു അത്.

പിന്നീട് മറ്റൊരു വിനീതും യുവജനോൽസവ നൃത്ത വേദിയിലൂടെ വെള്ളിത്തിരയുടെ വെള്ളി വെളിച്ചത്തിലെത്തി. വടക്കൻ വീരഗാഥയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്‌ഥാന സർക്കാർ പുരസ്‌കാരം നേടിയിട്ടുള്ള ടി.കെ.വിനീത് കുമാർ ഇന്നും മലയാള സിനിമയിൽ തിളക്കമുള്ള താരം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സംസ്‌ഥാന യുവജനോൽസവ വേദിയിലെത്തിയ വിനീത് കുമാർ പത്താം ക്ലാസുകാരെയും തോൽപ്പിച്ച് ഭരതനാട്യത്തിൽ ഒന്നാം സ്‌ഥാനം നേടുകയായിരുന്നു. അടുത്ത തവണ 1989 ൽ കൊച്ചിയിൽ നടന്ന കലോൽസവത്തിൽ വിനീത് കലാപ്രതിഭ പട്ടവും ചൂടി. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കലാപ്രതിഭ. മൽസരിക്കാൻ നാലു വർഷംകൂടി അവസരമുള്ളപ്പോൾ വിനീത് കുമാർ ‘ഇനി മൽസരിക്കില്ല’ എന്ന ധീര പ്രഖ്യാപനത്തോടെ യുവജനോൽസവ വേദികളോട് വിടപറയുകയായിരുന്നു.

യുവജനോൽസവ വേദി സിനിമയ്‌ക്കു സമ്മാനിച്ച ഏറ്റവും ശ്രദ്ധേയയായ താരം മഞ്‌ജുവാര്യരാണ്. അഭിനയരംഗം വിട്ട വിന്ദുജ മേനോനും ഒരു തവണ യുവജനോൽസവ കലാതിലകമായിരുന്നു. കോഴിക്കോട് പ്രൊവിഡൻസ് സ്‌കൂളിലെ നൃത്ത ടീമിൽ അംഗമായിരുന്ന നടി ജോമോൾക്കുമുണ്ട് യുവജനോൽസവ ചരിത്രം. ‘ഒരു വടക്കൻവീരഗാഥ’യിൽ ഉണ്ണിയാർച്ചയുടെ ബാല്യം അവതരിപ്പിച്ച് സിനിമയിലെത്തിയ ജോമോൾ ഹരിഹരന്റെ തന്നെ എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെയാണ് ശ്രദ്ധേയ താരമാകുന്നത്.

ജാനകിക്കുട്ടിയിലെ തന്നെ സരോജിനിയായി സിനിമയിലെത്തിയ പ്രശസ്‌ത മിനിസ്‌ക്രീൻ താരം രശ്‌മി സോമൻ 95 ലും 96 ലും സംസ്‌ഥാന സ്‌കൂൾ യുവജനോൽസവ ദേവിയിൽ ജേതാവായത് ഓട്ടൻതുള്ളൽ വേദിയിലായിരുന്നു.

സംസ്‌ഥാന കലോൽസവ പ്രതിഭയല്ലെങ്കിലും നടി കാവ്യാമാധവനും സിനിമയിലേക്കുള്ള വഴി തുറക്കുന്നത് യുവജനോൽസവ വേദിയാണ്. 2001 ൽ തൊടുപുഴയിൽ നടന്ന സംസ്‌ഥാന സ്‌കൂൾ യുവജനോൽസവത്തിന്റെ താരങ്ങളാണ് ചലചിത്ര താരങ്ങളായ നവ്യനായരും, അമ്പിളി ദേവിയും. 

 മിനി സ്‌ക്രീൻ താരം അഞ്‌ജു അരവിന്ദ്, നർത്തകി കൂടിയായ താരാകല്യാൺ, തട്ടകം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ജി.കെ.ശ്രീഹരി തുടങ്ങിയവരും കലോൽസവ വേദിയിൽ നിന്നും ചലചിത്ര -നൃത്ത വേദികളിൽ എത്തിയവരാണ്.

കലോൽസവ പെരുമയോടു കൂടി രാഷ്‌ട്രീയമുൾപ്പെടെയുള്ള മറ്റു രംഗങ്ങളിൽ പേരെടുത്തവരുമുണ്ട് നിരവധി. മുൻ മുഖ്യമന്ത്രിഎ.കെ.ആന്റണി സംസ്‌ഥാന കലോൽസവത്തിൽ പ്രസംഗ മൽസരത്തിൽ പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന രണ്ടാമത്തെ കലോൽസവത്തിൽ മാറ്റുരച്ച രാഷ്‌ട്രീയക്കാരനല്ലാത്ത ആന്റണിക്ക് പക്ഷേ അന്ന് സമ്മാനമൊന്നും ലഭിച്ചില്ല.

വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ നിരവധി കലോൽസവങ്ങളുടെ ചുമതലക്കാരനായിരുന്ന ഇ.ടി.മുഹമ്മദ് ബഷീറിന്റേത് തിളക്കമുള്ള യുവജനോൽസവ വിജയ ചരിത്രമാണ്. 1962 ൽ ചങ്ങനാശേരിയിൽ നടന്ന കലോൽസവത്തിൽ പ്രസംഗ മൽസരത്തിൽ ഒന്നാം സ്‌ഥാനം അദ്ദേഹത്തിനായിരുന്നു.

താരനിര അവസാനിക്കുന്നില്ല. പുതിയ താരങ്ങളെക്കാത്ത് യുവജനോൽസവ വേദി വീണ്ടും ഉണരുകയാണ്. തിലക-പ്രതിഭ പട്ടങ്ങളില്ലായിരിക്കാം, പക്ഷേ താരങ്ങൾ പിറവിയെടുക്കുക എന്നത് ഈ വേദികളുടെ നിയോഗമാണല്ലോ.....

English Summary:

Kerala Youth Festival, or Kalolsavam, boasts a rich history of producing renowned stars. This prestigious event has launched the careers of numerous celebrated figures in Malayalam cinema and other fields, shaping Kerala's cultural landscape.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com