യുവജനോത്സവം ചരിത്രമായി, സ്കൂൾ കലോത്സവം കൊടിയേറി; പിന്നീട് ഇങ്ങോട്ട് കേരള സ്കൂൾ കലോത്സവം
Mail This Article
യുവജനോത്സവം എന്ന പേരും ഒരുപിടി നിയമങ്ങളും കാലയവനികയ്ക്കു പിന്നിൽ മാഞ്ഞ കലോത്സവമായിരുന്നു 2006 ലേത്. കലാ തിലക, പ്രതിഭ പട്ടങ്ങൾ ഇല്ലാതായി. പുതിയ നിയമങ്ങളും പരിഷ്കാരങ്ങളും കടന്നുവന്നു.
അന്ന് എറണാകുളത്ത് സംസ്ഥാന സ്കൂൾ കലോത്സവത്തിനു തിരിതെളിയുമ്പോൾ മലയാള മനോരമ നൽകിയ റിപ്പോർട്ട് ഇങ്ങനെ...
20 Jan 2006
manorama
കൊച്ചി: മറൈൻ ഡ്രൈവിൽ വീശിയടിച്ച കാറ്റിൽ കലോൽസവത്തിലെ ഒരുപിടി നിയമങ്ങളും പഴമയിൽ മറഞ്ഞു. കലാ തിലക, പ്രതിഭ പട്ടങ്ങൾ ഇല്ലെന്നതാണ് ഈ കലോൽസവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹൈക്കോടതി നിർദേശത്തെ തുടർന്ന് സർക്കാർ തയാറാക്കിയ പുതിയ നിയമാവലി പ്രകാരം യുവജനോൽസവം എന്ന പേരിൽ തന്നെ മാറ്റമുണ്ട്. കേരള സ്‌കൂൾ കലോൽസവം എന്നാണ് ഇനി വിദ്യാർഥികളുടെ കലാ മാമാങ്കം അറിയപ്പെടുക. പ്രച്‌ഛന്ന വേഷം ഈ വർഷം മുതൽ ഒഴിവാക്കിയിട്ടുണ്ട്. ചാക്യാർ കൂത്ത് ആൺകുട്ടികൾക്ക് മാത്രം. നാദസ്വരം പ്രത്യേക ഇനമായി.
ചെണ്ട, മദ്ദളം എന്നിവയ്‌ക്ക് അനുസാരി വാദ്യങ്ങൾ ആകാം. എന്നാൽ കുട്ടികൾ തന്നെ പങ്കെടുക്കണമെന്ന നിബന്ധനയുണ്ട്. പദ്യം ചൊല്ലലിൽ ഭാഷാജ്‌ഞാനവും പരിശോധിക്കും. വ്യക്‌തി ഗത ഇനങ്ങളിൽ ഒരു കുട്ടി പരമാവധി അഞ്ച് ഇനങ്ങളിൽ മാത്രമേ മൽസരിക്കാവു. ലളിത ഗാനത്തിന് ശ്രുതി പാടില്ല. എന്നാൽ ദേശഭക്‌തി ഗാനത്തിന് ആകാം. മോണോ ആക്‌ട് , മിമിക്രി എന്നിവയ്‌ക്ക് ആദ്യമായി പെൺകുട്ടികൾക്ക് വേറെ മൽസരം നടത്തും. ഒന്ന്, രണ്ട്, മൂന്ന് സ്‌ഥാനക്കാർക്കും എ ഗ്രേഡ് നേടിയവർക്കും സർട്ടിഫിക്കറ്റ് നൽകും. 75 മാർക്കിന് മുകളിൽ ലഭിക്കുന്നവർക്കാണ് എ ഗ്രേഡ്. 60 - 74 ബി ഗ്രേഡ്, 45 - 59 സി ഗ്രേഡ്, 30-44 ഡി ഗ്രേഡ് , 30 ന് താഴെ ഇ ഗ്രേഡ് എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്.
ഇവയ്‌ക്ക് യഥാക്രമം 30,24,18,12,6 എന്നിങ്ങനെ ഗ്രേസ് മാർക്കുണ്ട്. ഇത് എസ്.എസ്.എൽ.സി. ബുക്കിൽ പ്രത്യേകം രേഖപ്പെടുത്തും. എ മുതൽ ഇ വരെ ഗ്രേഡുകൾക്ക് യഥാക്രമം ഒൻപത്, ഏഴ്, അഞ്ച്, മൂന്ന്, ഒന്ന് എന്നിങ്ങനെയാണ് പോയിന്റുകൾ. ഇത് കണക്കിലെടുത്ത് ജില്ലയ്‌ക്കുള്ള ട്രോഫി തീരുമാനിക്കും. മൽസരത്തിൽ ഏറ്റവും അധികം മാർക്ക് നേടുന്ന ആദ്യ മുന്ന് സ്‌ഥാനക്കാർക്ക് 1000 രൂപ, 800 രൂപ, 600 രൂപ എന്നിങ്ങനെ കാഷ് അവാർഡ് നൽകും. വിദ്യാർഥിയുടെ പ്രകടനം സംബന്ധിച്ച അപ്പീലുകൾ പരിഗണിക്കില്ലെന്നതാണ് ഈ വർഷത്തെ മറ്റൊരു പ്രത്യേകത. അപ്പീൽ നിയമ പരവും സാങ്കേതികവുമായ കാര്യങ്ങൾ മാത്രമേ പരിഗണിക്കൂ. പുനരവതരണവും പുനർ മൂല്യനിർണയവും നടത്തില്ല.