ADVERTISEMENT

വർക്കല∙ സനാതന ധർമത്തിന്റെ വക്താവായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാൻ ശ്രമം നടക്കുന്നുവെന്ന് ശിവഗിരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ സംബന്ധിച്ച് പ്രതികരണങ്ങളുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും. സനാതന ധർമം സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസംഗം തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകൾക്ക് അവകാശപ്പെട്ടതല്ല സനാതന ധർമമെന്നും തീർഥാടന സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.

ശിവഗിരി തീർഥാടനത്തിലെ വിദ്യാർഥി യുവജനസമ്മേളനം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്യുന്നു.
ശിവഗിരി തീർഥാടനത്തിലെ വിദ്യാർഥി യുവജനസമ്മേളനം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്യുന്നു.

സതീശൻ പറഞ്ഞു. ശ്രീനാരായണ ഗുരുദേവനെ സനാതന ധർമത്തിന്റെ പേരു പറഞ്ഞ് ചാതുർവർണ്യത്തിലും വർണാശ്രമത്തിലും തളയ്ക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. സനാതന ധർമം വർണാശ്രമത്തിന്റെയും ചാതുർവർണ്യത്തിന്റെയും ഭാഗമാകില്ലെന്നു സതീശൻ പറഞ്ഞു. അതു രാജ്യത്തിന്റെ മഹിതപാരമ്പര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ഭാഗവും വേദങ്ങളുടെയും ഉപനിഷത്തുകളുടെയും സാരാംശം ഉൾക്കൊണ്ടുള്ള സാംസ്കാരിക മഹിമയുമാണ്.

പല മതങ്ങളെയും അവ പങ്കുവച്ച ആശയങ്ങളെയും പൗരോഹിത്യം താൽപര്യത്തിനൊത്ത് ദുർവ്യാഖ്യാനിച്ചു. ഇവിടെയും അതു സംഭവിച്ചു. സനാതന ധർമമെന്നത് ഒരു വിഭാഗം ആളുകളുടെ അവകാശമായി മുഖ്യമന്ത്രി ചാർത്തിക്കൊടുക്കുകയാണ്. അദ്ദേഹം ഉദ്ദേശിച്ച ആളുകൾക്ക് അവകാശപ്പെട്ടതല്ല സനാതന ധർമം. കാവിവൽക്കരണം എന്നു കുറച്ചുകാലം മുൻപ് പറഞ്ഞിരുന്നു.

ആ പ്രയോഗം തെറ്റാണ്. കാവി വസ്ത്രം ഉടുക്കുന്നവരും അമ്പലത്തിൽ പോകുന്നവരും ചന്ദനം തൊടുന്നവരും പ്രത്യേക വിഭാഗത്തിൽ മാത്രം പെടുന്നവരാണോ? ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്നതും സനാതന ധർമമാണ്. ആ ധർമം തന്നെ ഒരു മതമാണ് എന്നാണു ഗുരു പറഞ്ഞത്. ‘കാവിവൽക്കരണം’ എന്ന തെറ്റായ പ്രയോഗത്തിന് സമാനമാണ് സനാതനധർമത്തിന് എതിരായ ഇപ്പോഴത്തെ വാക്കുകൾ.’ – സതീശൻ പറഞ്ഞു.

ഗുരുദേവന്റെ ആശയങ്ങളെ മാത്രമല്ല, ഗുരുദേവനെ തന്നെ റാഞ്ചിയെടുക്കാൻ ശ്രമം നടക്കുകയാണെന്ന് തീർഥാടനത്തോടനുബന്ധിച്ചു നടന്ന വിദ്യാർഥി യുവജന സമ്മേളനം ഉദ്ഘാടനം ചെയ്തു കെ. സുധാകരൻ പറഞ്ഞു. കേരളത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ ഗുരുവിനെ ഒരു ശക്തിക്കും വിട്ടുകൊടുക്കില്ല. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ ഇപ്പോഴും നിലനിൽക്കുന്നു. അതു പൊളിച്ചെഴുതണം.

അടിച്ചമർത്തപ്പെട്ടവർക്ക് സ്വത്വബോധം നൽകിയ ഗുരുവാണ് ഗുരുദേവൻ. അരുവിപ്പുറം ശിവപ്രതിഷ്ഠ അടിച്ചമർത്തിയവർക്ക് ഉയിർത്തെഴുന്നേൽക്കാനുള്ള ആദ്യത്തെ കാഹളമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഗുരുദേവൻ എന്തിനെതിരെയാണോ പോരാടിയത് അത്തരം സംഗതികൾ ഇപ്പോഴും സമൂഹത്തിൽ തുടരണമെന്ന് ആഗ്രഹിക്കുന്നവർ ഗുരുവിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അതിനെ എന്തു വില കൊടുത്തും ചെറുക്കുമെന്നും സമ്മേളനത്തിൽ അധ്യക്ഷനായ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

ഗുരുദേവൻ ലോകത്തിന് വെളിച്ചം: മന്ത്രി ജോർജ് കുര്യൻ
വർക്കല∙ ലോകത്തിന് മുഴുവൻ വെളിച്ചം പകരുന്ന മാർഗദർശിയായി ശ്രീനാരായണ ഗുരുദേവനെ ലോകം ഉൾക്കൊള്ളുന്നുവെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പാശ്ചാത്യലോകത്ത് ആഴത്തിലുള്ള സ്വാധീനം ചെലുത്താൻ ഗുരുദേവ ദർശനങ്ങൾക്ക് സാധിച്ചതായി അദ്ദേഹം പറഞ്ഞു. 92–ാമത് ശിവഗിരി തീർഥാടനത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് ഗതിവേഗം വരുത്തിയ ഗുരുദേവനാണ് ആധുനിക കേരളത്തിന്റെ ശിൽപിയെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു. വത്തിക്കാനിൽ നടത്തിയ ലോക സർവമത സമ്മേളനം ശിവഗിരി മഠത്തിന് അഭിമാനകരമാണ്.

ഗുരുദേവ സന്ദേശം: വിവിധ ഭാഷകളിൽ മൈക്രോസൈറ്റ്

ഗുരുവിന്റെ ആശയങ്ങൾ കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് പകർന്നു നൽകാനായി ടൂറിസം വകുപ്പ് പ്രത്യേക മൈക്രോ സൈറ്റ് രൂപീകരിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. ഗുരുവിന്റെ സന്ദേശങ്ങൾ ഉള്ളടക്കം ചെയ്ത വിവിധ ഭാഷകളിലുള്ള മൈക്രോസൈറ്റ് ആണ് സജ്ജമാക്കുക. ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാം ലോകത്തിന് മനസ്സിലാക്കാനാകും. ശിവഗിരി മഠത്തെക്കുറിച്ചും തീർഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളും സൈറ്റിൽ ഉൾപ്പെടുത്തുമെന്നും റിയാസ് പറഞ്ഞു.

ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, എ.എ.റഹിം എംപി, എംഎൽഎമാരായ വി.ജോയി , രാഹുൽ മാങ്കൂട്ടത്തിൽ, കേംബ്രിജ് മേയർ ബൈജു തിട്ടാല, കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു തുടങ്ങിയവർ പ്രസംഗിച്ചു.

പറഞ്ഞതിൽ ഉറച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം∙ ശിവഗിരി തീർഥാടന സമ്മേളനത്തിൽ സനാതന ധർമത്തെക്കുറിച്ച് താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പരാമർശമല്ല നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

Pinarayi Vijayan's Sivagiri speech sparks controversy. Opposition leaders V.D. Satheesan and K. Sudhakaran criticize his interpretation of Sree Narayana Guru's ideology and the context of Sanatana Dharma.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com