ADVERTISEMENT

തിരുവനന്തപുരം ∙ ആദ്യത്തെ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടാൻ ചേർത്തല എ.കെ.രാമചന്ദ്രൻ മൃദംഗം വായിച്ചത് ഒന്നല്ല, രണ്ടുവട്ടം. കലോത്സവമെന്തെന്നോ, മത്സരത്തിന്റെ നിയമങ്ങളോ അറിവില്ല. 1957 ൽ നടന്ന ഒന്നാം സ്കൂൾ കലോത്സവത്തിൽ മൃദംഗത്തിന് ഒന്നാം സ്ഥാനം നേടിയ എ.കെ.രാമചന്ദ്രന് ഇന്നിപ്പോൾ 82–ന്റെ ചുറുചുറുക്കത്തിലും സംഗീതം കൂടെയുണ്ട്. വീണ്ടുമൊരു കലോത്സവം തിരുവനന്തപുരത്ത് എത്തുന്നതിന്റെ ആവേശത്തിലാണ് തൈക്കാട് താമസിക്കുന്ന രാമചന്ദ്രൻ. വീട്ടിലെ അലുമിനിയം പാത്രത്തിലും സ്യൂട്ട്‌കേസിലും തട്ടി ശബ്‌ദമണ്ടാക്കുന്നതു സഹിക്കവയ്യാതെയാണ് വീട്ടുകാർ രാമചന്ദ്രനെ 1955ൽ മൃദംഗം പഠിപ്പിക്കാൻ അയച്ചത്. ചേർത്തല ഗവ. ബോയ്സ് ഹൈസ്കൂളിൽ പഠിക്കുന്ന സമയത്താണ് പ്രഥമാധ്യാപകൻ കലോത്സവം എന്നൊരു മത്സരം വരുന്നുണ്ടെന്നും കലാകാരന്മാർ ആരെങ്കലുമുണ്ടോയെന്നും അന്വേഷിച്ച് ക്ലാസിലെത്തിയത്. 9–ാം ക്ലാസിലെ രാമചന്ദ്രൻ എന്ന പയ്യൻ നന്നായി മൃദംഗം വായിക്കുമെന്ന് ആരോ അറിയിച്ചത് മത്സരത്തിലേക്കുള്ള വിളിയായി. അന്ന് ഉപജില്ലാ മത്സരങ്ങളില്ല. ജില്ലാ തലത്തിൽനിന്നായിരുന്നു തുടക്കം. നന്നായി പരിശീലിച്ച് പങ്കെടുത്തതിനാൽ ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

എ.കെ.രാമചന്ദ്രൻ
എ.കെ.രാമചന്ദ്രൻ

എറണാകുളം ഗേൾസ് ഹൈസ്കൂളിൽവച്ചാണ് ആദ്യ കലോത്സവം നടന്നത്. ആകെ മത്സരാർഥികൾ 12 പേർ. രാമചന്ദ്രൻ അടക്കമുള്ള 11 മത്സരാർഥികൾ ഒരേ താളത്തിലാണ് വായിച്ചത്. എന്നാൽ, അവസാനത്തെ ആൾ വ്യത്യസ്തമായ താളത്തിൽ വായിച്ചപ്പോൾ ‍ജഡ്ജസിന് ആകെപ്പാടെ സംശയമായി. പോയിന്റിൽ ഉയർന്നുനിൽക്കുന്ന രാമചന്ദ്രനെ വിളിച്ച് മറ്റ് താളങ്ങൾ എന്തെങ്കിലും വായിക്കാൻ അറിയുമോയെന്ന് ചോദിച്ചു. രണ്ടുകൂട്ടരും വായിച്ചതല്ലാതെ മൂന്നാമതൊരു താളമാണ് പിന്നീട് വായിച്ചത്. ഫലം വന്നപ്പോൾ ഒന്നാം സ്ഥാനം രാമചന്ദ്രനും അതിനുമുൻപ് വ്യത്യസ്ത താളം വായിച്ച കുട്ടിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. കുത്തിയതോട് എം.ആർ.ശിവരാമൻനായർ ആയിരുന്നു ഒരു ജഡ്ജ്. തിരിച്ചെത്തിയപ്പോൾ വലിയ സ്വീകരണമായിരുന്നു സ്കൂളിൽ ഒരുക്കിയിരുന്നത്.

ആദ്യത്തെ കലോത്സവം
ആകെ മൂന്നുദിവസമായിരുന്നു മത്സരങ്ങൾ. 22 ഇനങ്ങളിൽ മുന്നൂറിൽത്താഴെ മത്സരാർഥികൾ. ഭക്ഷണമൊന്നും ഒരുക്കിയിട്ടില്ലായിരുന്നു. കൂടെയെത്തിയ അധ്യാപകൻ അടുത്തുള്ള ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിനൽകിയതെല്ലാം രാമചന്ദ്രൻ ഇപ്പോഴും ഓർക്കുന്നു.

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തയാറെടുക്കുന്ന വഴുതക്കാട് കാർമൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പൂർവവിദ്യാർഥിയും മുൻ ബാൻഡ് ടീം അംഗവുമായ മേയർ ആര്യ രാജേന്ദ്രൻ വിദ്യാർഥികൾക്കൊപ്പം പരിശീലനത്തിൽ പങ്കാളിയായപ്പോൾ. കുട്ടികളെ അനുമോദിക്കാനെത്തിയതാണ് മേയർ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ / മനോരമ
സംസ്ഥാന സ്കൂൾ കലോത്സവത്തിന് തയാറെടുക്കുന്ന വഴുതക്കാട് കാർമൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പൂർവവിദ്യാർഥിയും മുൻ ബാൻഡ് ടീം അംഗവുമായ മേയർ ആര്യ രാജേന്ദ്രൻ വിദ്യാർഥികൾക്കൊപ്പം പരിശീലനത്തിൽ പങ്കാളിയായപ്പോൾ. കുട്ടികളെ അനുമോദിക്കാനെത്തിയതാണ് മേയർ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ / മനോരമ

സംഗീതം തന്നെ ജീവിതം
ഒരു സ്കൂൾ കലോത്സവത്തിൽ മാത്രമാണ് രാമചന്ദ്രന് പങ്കെടുക്കാൻ അവസരം ലഭിച്ചത്. പിന്നീട് കോളജിൽ എത്തിയപ്പോൾ കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ തുടർച്ചയായി 3 വർഷം ഒന്നാംസ്ഥാനം നേടി. 1970 മുതൽ ആകാശവാണിയിൽ പരിപാടി അവതരിപ്പിക്കുന്നു. 2003ൽ കേരള നാടക അക്കാദമി പുരസ്കാരം ലഭിക്കുകയും ചെയ്തു.     എസ്ബിഐ ഡപ്യൂട്ടി മാനേജറായി റിട്ടയർ ചെയ്ത രാമചന്ദ്രൻ മുടങ്ങാതെ 45 വർഷമായി ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുക്കുന്നു. കഴിഞ്ഞ നാലുവർഷമായി പേരകുട്ടി അപർണയോടൊപ്പമാണ് സംഗീതോത്സവത്തിൽ പങ്കെടുക്കുന്നത്. മൃദംഗ വിദ്വാൻ മാവേലിക്കര കൃഷ്ണൻകുട്ടി നായരുടെ മകൾ രാധയാണ് ഭാര്യ. മൃദംഗം കലാകാരന്മാരായ മാവേലിക്കര രാജേഷ്, മാവേലിക്കര രാജീവ് എന്നിവരാണ് മക്കൾ.

മറന്നുപോയ കലോത്സവം
1957 ൽ കലോത്സവം നടന്നകാര്യം പലർക്കും അറിയില്ലായിരുന്നു. 1958 മുതലാണ് കലോത്സവം ജനശ്രദ്ധയാകർഷിച്ച് തുടങ്ങിയത്.  2011ൽ ഡിപിഎയെ ചെന്ന് കാണുകയും സർട്ടിഫിക്കറ്റിന്റെ കോപ്പി നൽകുകയും ചെയ്തപ്പോഴാണ് രാമചന്ദ്രനെക്കുറിച്ച് പുറംലോകം അറിയുന്നത്. 2011 കോഴിക്കോട് നടന്ന കലോത്സവത്തിലും 2016ൽ തിരുവനന്തപുരത്ത് നടന്ന കലോത്സവത്തിലും 2018 ൽ തൃശ്ശൂരിൽ നടന്ന കലോത്സവത്തിലും ആദരം നൽകിയിരുന്നു.

നഗരത്തിൽ ഗതാഗത  നിയന്ത്രണം 
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണ്ണക്കപ്പ് വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് 5.30 മുതൽ 7.30 വരെയാണ് ക്രമീകരണം. വാഹനങ്ങൾ വഴി തിരിച്ച് വിടുന്നത് ഇങ്ങനെ: 
∙ പട്ടം ഭാഗത്തു നിന്നും കിഴക്കേകോട്ട, തമ്പാനൂർ  ഭാഗങ്ങളിലേക്ക് പോകേണ്ട വലിയ വാഹനങ്ങൾ പട്ടം മുറിഞ്ഞപാലം കുമാരപുരം കണ്ണമ്മൂല പാറ്റൂർ വഴിയും ചെറിയ വാഹനങ്ങൾ പട്ടം പി.എം.ജി പാളയം പബ്ലിക് ലൈബ്രറി പഞ്ചാപുര ബേക്കറി ഫ്ലൈഓവർ വഴിയും പോകണം. വെള്ളയമ്പലം ഭാഗത്തുനിന്നു കിഴക്കേക്കോട്ട, തമ്പാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വലിയ വാഹനങ്ങൾ വെള്ളയമ്പലം വഴുതക്കാട് വിമൻസ് കോളജ് ജംക്‌ഷൻ പനവിള വഴിയും ചെറിയ വാഹനങ്ങൾ വെള്ളയമ്പലം മ്യൂസിയം പാളയം പബ്ലിക് ലൈബ്രറി പഞ്ചാപുര ബേക്കറി ഫ്ലൈഓവർ  വഴിയും  പോകണം.
ജനറ‍ൽ ഹോസ്പിറ്റ‍ൽ ഭാഗത്തുനിന്നു കിഴക്കേക്കോട്ട ഭാഗത്തേക്ക്  പോകേണ്ട വാഹനങ്ങൾ ആശാൻ സ്ക്വയർ അണ്ടർ പാസേജ് പഞ്ചാപുര ബേക്കറി ഫ്ലൈഓവർ വഴി പോകണം.

മറ്റു നിയന്ത്രണങ്ങൾ: 
∙ ഘോഷയാത്രയിൽ പങ്കെടുക്കാൻ വരുന്ന കുട്ടികളെ കൊണ്ടു വരുന്ന വാഹനങ്ങൾ മസ്ക്കറ്റ് ഹോട്ടലിന് മുൻവശത്തായി കുട്ടികളെ ഇറക്കിയ ശേഷം ആറ്റുകാൽ ക്ഷേത്ര പാർക്കിങ് ഗ്രൗണ്ടിലും പൂജപ്പുര ഗ്രൗണ്ടിലുമായി പാർക്ക് ചെയ്യണം. 
∙ നന്ദാവനം ഭാഗത്തും പബ്ലിക് ലൈബ്രറി ഭാഗത്തേക്കും വാഹനങ്ങൾ കടത്തി വിടില്ല. 
∙ ഘോഷയാത്ര വേൾഡ് വാർ ഭാഗത്ത് ക്രോസ് ചെയ്യുന്ന സമയം അയ്യങ്കാളി ഹാൾ ഭാഗത്ത് നിന്നും എല്ലാ വാഹനങ്ങളും ആശാൻ സ്ക്വയർ ഭാഗത്തേക്ക് തിരിച്ച് വിടും. 
∙ഘോഷയാത്ര സെക്രട്ടേറിയറ്റ് ഭാഗത്ത് എത്തുമ്പോൾ വാൻറോസ് ഭാഗത്തുനിന്ന് എല്ലാ വാഹനങ്ങളും ഊറ്റുക്കുഴി ഭാഗത്തേക്ക് തിരിച്ചുവിടും. ഈ സമയത്ത് വാൻ റോസ് ഭാഗത്തുനിന്നു സെക്രട്ടേറിയറ്റ് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിടില്ല.

സുരക്ഷാ ഓഡിറ്റ്  നടത്തണമെന്ന്  സതീശൻ;  മന്ത്രിക്ക്  കത്തുനൽകി 
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന വേദികൾ മുതൽ കുട്ടികൾ താമസിക്കുന്ന സ്കൂളുകളിലും ഊട്ടുപുരയിലും ഉൾപ്പെടെ എല്ലായിടത്തും സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ കത്ത്. കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎ വീണു പരുക്കേറ്റു കഴിയുന്ന സാഹചര്യം ഓ‍ർമിപ്പിച്ചുകൊണ്ടാണു സതീശൻ മന്ത്രി വി.ശിവൻകുട്ടിക്കു കത്തു നൽകിയത്. കൊച്ചിയിൽ ഫ്ലവർ ഷോയിൽ പങ്കെടുക്കാൻ എത്തിയ വീട്ടമ്മയും വീണു പരുക്കേറ്റു ഗുരുതരാവസ്ഥയിൽ കഴിയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കലോത്സവത്തിലെ സുരക്ഷ ശക്തമാക്കണം. അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകൾ എത്തുന്ന കലോത്സവത്തിൽ അങ്ങേയറ്റം ജാഗ്രത പുലർത്തണം. തിരക്കേറിയ പാതകളോടു ചേർന്നാണു പ്രധാന വേദികൾ. അതിനാൽ റോഡ് സുരക്ഷയും ഉറപ്പാക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

കലോത്സവത്തിന്റെ സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാന വേദി.
കലോത്സവത്തിന്റെ സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാന വേദി.

മത്സരം വേണ്ട; ഉത്സവമാകട്ടെ വി.ശിവൻകുട്ടി  (മന്ത്രി)
തലസ്ഥാന നഗരം വേദിയാകുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലൂടെ കലാകേരളത്തിന്റെ പുതുനാമ്പുകളെ വരവേൽക്കാൻ നിറഞ്ഞ മനസ്സോടെ കാത്തിരിക്കുകയാണ് പെരുമപെറ്റ ഈ മണ്ണും സമൂഹവും. 2016ൽ ആണ്  അവസാനമായി തിരുവനന്തപുരം സ്കൂൾ കലോത്സവത്തിന് വേദിയായത്. അതിനേക്കാൾ വളരെ വിപുലമായ മേളയായാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിന്റെ കലാസാംസ്കാരിക വൈവിധ്യങ്ങളും വൈജാത്യങ്ങളും സംരക്ഷിക്കാനും കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കാനുമാണ് കലോത്സവങ്ങളിലുടെ നാം ശ്രമിക്കുന്നത്.  ഇതിന്റെ ഭാഗമായി തദ്ദേശീയ ജനതയുടെ കലകളെക്കൂടി ഈ വർഷം മുതൽ കലോത്സവത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. അതനുസരിച്ച് കലോത്സവ മാന്വലും പരിഷ്കരിച്ചു. കേരള സ്കൂൾ കലോത്സവം കേരളീയ സംസ്കൃതിയുടെയും തനിമയുടെയും പ്രകടിത സമ്മേളനമായി മാറും എന്ന് ഉറപ്പാണ്.  

പതിനായിരത്തിലേറെ മത്സരാർഥികൾക്കു പുറമേ സംഘാടന രംഗത്ത് പ്രവർത്തിക്കുന്ന ആയിരങ്ങളും കാണാനെത്തുന്നവരും വൻ മാധ്യമ സംഘവും അടക്കമുള്ള ജനാവലിയാണ് കലോത്സവത്തിന്റെ ഭാഗമാകുന്നത്.   ദൗർഭാഗ്യവശാൽ ചില രക്ഷിതാക്കളെങ്കിലും ഈ  വേദിയെ അമിതമായ മത്സരത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് മലീമസമാക്കാൻ ശ്രമിക്കുന്നുവെന്നതും ഒരു ദു:ഖസത്യമാണ്. ഇതിനെതിരെ സ്വയം ജാഗ്രത പാലിക്കാൻ  കഴിയേണ്ടതുണ്ട്. കുട്ടികൾക്ക് നിർഭയമായി തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അന്തരീക്ഷം സൃഷ്ടിച്ചേ മതിയാകൂ.   'മത്സരം വേണ്ട, ഉത്സവം മതി' എന്ന അഭിപ്രായത്തിന്റെ സത്ത ഉൾക്കൊള്ളാൻ ഈ കലോത്സവത്തിന് കഴിയുമെന്ന് ഉറപ്പുണ്ട്.

 പുത്തരിക്കണ്ടത്ത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പാചകപ്പുരയിൽ നടന്ന കലവറ നിറയ്ക്കൽ ചടങ്ങിൽ പങ്കെടുക്കുന്ന മന്ത്രി 
വി.ശിവൻകുട്ടി. മേയർ ആര്യ രാജേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, മന്ത്രി ജി.ആർ.അനിൽ എന്നിവർ സമീപം. ചിത്രം: മനോരമ
പുത്തരിക്കണ്ടത്ത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പാചകപ്പുരയിൽ നടന്ന കലവറ നിറയ്ക്കൽ ചടങ്ങിൽ പങ്കെടുക്കുന്ന മന്ത്രി വി.ശിവൻകുട്ടി. മേയർ ആര്യ രാജേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, മന്ത്രി ജി.ആർ.അനിൽ എന്നിവർ സമീപം. ചിത്രം: മനോരമ

പ്ലാസ്റ്റിക്  ഔട്ട്:  ഹരിതാഭം  കലോത്സവം
തിരുവനന്തപുരം ∙ കലോത്സവ വേദികളിൽ പ്ലാസ്റ്റിക് ബോട്ടിലുകളുമായി എത്തുന്നവരിൽ നിന്ന് ‘അറസ്റ്റ് ഫീസ്’ ആയി 10 രൂപ കോർപറേഷൻ ഈടാക്കും. ഈ സമയം നൽകുന്ന ടോക്കൺ വേദി വിടുമ്പോൾ തിരികെ നൽകിയാൽ രൂപ തിരികെ ലഭിക്കും. കലോത്സവ വേദികളിൽ ഹരിതചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കർശന നടപടി. ജൈവ, അജൈവ മാലിന്യം വേർതിരിച്ച് ശേഖരിക്കുന്നതിന് പ്രത്യേകം ബിന്നുകൾ എല്ലാ വേദികളിലും സ്ഥാപിക്കുന്ന പ്രവൃത്തികൾ അന്തിമ ഘട്ടത്തിലാണ്.  25 വേദികളിലായാണ് കലാപരിപാടികൾ അരങ്ങേറുന്നത്. ഇവിടെ രണ്ടു ഷിഫ്റ്റുകളിലായി 50 ഹെൽത്ത് ഇൻസ്പെക്ടർമാർ, നൂറുവീതം ശുചീകരണ തൊഴിലാളികളെയും ഹരിത കർമ സേനാംഗങ്ങളെയും നിയോഗിച്ചു.

ഊട്ടുപുര പ്രവൃത്തിക്കുന്ന പുത്തരിക്കണ്ടം മൈതാനത്ത് രാവിലെ 6 മുതൽ രാത്രി 12 വരെ  3 ഷിഫ്റ്റുകളിലായി നൂറ് ശുചീകരണ തൊഴിലാളികളും 12 ഹെൽത്ത് ഇൻസ്പെക്ടമാരും സേവനത്തിനുണ്ടാകും. പുത്തരിക്കണ്ടത്ത് 60 താൽക്കാലിക ടോയ്‌ലറ്റുകൾ സ്ഥാപിച്ചു. അടിയന്തര സേവനങ്ങൾക്ക് പുത്തരിക്കണ്ടത്തും സെൻട്രൽ സ്റ്റേഡിയത്തിലും കൺട്രോൾ റൂമുകൾ സജ്ജീകരിച്ചതായും അധികൃതർ അറിയിച്ചു.''പാചകപ്പുര ഇന്നു മുതൽ  തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പാചകപ്പുര പുത്തരിക്കണ്ടം മൈതാനിയിൽ ഇന്നു മുതൽ സജീവമാകും. ഇന്ന് രാവിലെ 10.30ന്  മന്ത്രി വി.ശിവൻകുട്ടി പാലുകാച്ചൽ ചടങ്ങ് നടത്തുന്നതോടെ പാചകം ആരംഭിക്കും.

കലവറ നിറയ്ക്കൽ ഇന്നലെ നടന്നു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് വിദ്യാർഥികളടക്കം സംഭാവന ചെയ്ത പാചക വിഭവങ്ങൾ 12 ബിആർസികളിൽ ശേഖരിച്ച ശേഷം ഇവിടെ എത്തിക്കുകയായിരുന്നു. ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ ഏറ്റുവാങ്ങി. മന്ത്രി വി.ശിവൻകുട്ടി, ഭക്ഷണ കമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, കൺവീനർ എ.നജീബ് എന്നിവരും സംബന്ധിച്ചു.  അരി, നാളികേരം, പഞ്ചസാര, തേയില എന്നിവയാണ് കൂടുതലും സംഭാവനയായി ലഭിച്ചത്. മറ്റു പല വ്യഞ്ജനങ്ങൾ, പച്ചക്കറി എന്നിവയുമുണ്ട്. ഇന്ന് എത്തുന്നവർക്ക് അത്താഴം ഒരുക്കിയാണ് തുടക്കം. 3000 പേർക്കാണ് ചോറും കറികളും ഒരുക്കുക. നാളെ മുതൽ പൂർണ തോതിലാകും. ഉച്ചഭക്ഷണം ഇരുപതിനായിരം പേർക്കും പ്രഭാത–രാത്രി ഭക്ഷണം പതിനായിരം പേർക്കു വീതവുമാണ് ഒരുക്കുന്നത്.  പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ 100 പേരുടെ സംഘമാണ് പാചകത്തിനുള്ളത്. ഒരേ സമയം 4000 പേർക്ക് ഭക്ഷണം കഴിക്കാവുന്ന പന്തലാണ് ഒരുക്കിയിരിക്കുന്നത്.

English Summary:

Mridangam maestro A.K. Ramachandran won the first Kalotsavam twice. His unexpected journey from hitting suitcases to becoming a celebrated musician is a testament to his dedication.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com