സ്‌കൂൾ കലോത്സവം: സ്വർണക്കപ്പ് ഏറ്റുവാങ്ങി മന്ത്രി വി.ശിവൻകുട്ടി
Mail This Article
തിരുവനന്തപുരം∙ 63–ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങി. മന്ത്രി ജി.ആർ.അനിൽ, എംഎൽഎമാരായ ആന്റണി രാജു, ജി.സ്റ്റീഫൻ, വി.ജോയ്, വി.കെ.പ്രശാന്ത്, ഐ.ബി.സതീഷ്, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യുട്ടി മേയർ പി.കെ.രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് എന്നിവർ പങ്കെടുത്തു.
കാസർകോട്ടുനിന്ന് ആരംഭിച്ച സ്വർണക്കപ്പ് ഘോഷയാത്ര വെള്ളിയാഴ്ചയാണ് തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചത്. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 7 മണിയോടെ നിയമസഭയ്ക്ക് മുന്നിലെത്തി. പിഎംജി ജംക്‌ഷനിൽ നിന്നും വിദ്യാർഥികളുടെ വിവിധ കലാ, കായിക രൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിക്കുകയായിരുന്നു. അധ്യാപകരും വിദ്യാർഥികളുമായി ആയിരത്തോളം പേർ ഘോഷയാത്രയിൽ പങ്കെടുത്തു.
117 പവൻ സ്വർണം ഉപയോഗിച്ചാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിനുള്ള സ്വർണക്കപ്പ് നിർമിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്.