സ്നേഹാശംസകൾ ഏറ്റുവാങ്ങി; സ്വർണക്കപ്പിന് ഉജ്വല സ്വീകരണം
Mail This Article
തിരുവനന്തപുരം ∙ കലാകേരളത്തിന്റെ സ്നേഹാശംസകൾ ഏറ്റുവാങ്ങിയെത്തിയ കലോത്സവ സ്വർണക്കപ്പിനു പ്രധാന വേദിയായ എംടി – നിളയിൽ (സെൻട്രൽ സ്റ്റേഡിയം) ആവേശോജ്വല സ്വീകരണം. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും അധ്യാപകരും കുട്ടികളും ചേർന്നു കപ്പ് ഏറ്റുവാങ്ങി. ഗോത്രകലയായ മംഗലംകളിയുടെ അകമ്പടിയോടെയാണ് കപ്പ് പ്രധാന വേദിയിലേക്കെത്തിച്ചത്.
മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത്, ആന്റണി രാജു, വി.ജോയി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്.ഷാനവാസ്, നടൻ സുധീർ കരമന എന്നിവരും സ്വർണക്കപ്പിനെ സ്വീകരിക്കാനെത്തി. ഡിസംബർ 31ന് കാസർകോട്ടു നിന്നാരംഭിച്ച സ്വർണക്കപ്പ് പ്രയാണത്തിന് എല്ലാ ജില്ലകളിലും സ്വീകരണം ഒരുക്കിയിരുന്നു.
പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ ആണ് സ്വർണക്കപ്പ് സ്വീകരണത്തിന് നേതൃത്വം നൽകിയത്. എം.വിൻസന്റ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ എന്നിവർ മറ്റിടങ്ങളിലെ സ്വീകരണ പരിപാടികൾക്കു നേതൃത്വം നൽകി. നെടുമങ്ങാട് ഗേൾസ് എച്ച്എസ്എസിലെ വിദ്യാർഥികളാണ് മംഗലംകളി അവതരിപ്പിച്ചത്.