ആഗ്രഹം പോലെ വിജയം ഉറപ്പിച്ചു; പക്ഷേ, അതു കാണാൻ അച്ഛനില്ല: ‘വിധി’ക്ക് അപ്പീലില്ല
Mail This Article
തിരുവനന്തപുരം ∙ അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തിനു പോകാൻ കഴിഞ്ഞ വർഷം അവസരമുണ്ടായിരുന്നെങ്കിലും അനിൽ കുമാർ മകൻ അഭിനവിനോടു പറഞ്ഞു, ‘തർക്കങ്ങളൊന്നുമില്ലാതെ ഒന്നാം സ്ഥാനത്തിന് അർഹത നേടുമ്പോൾ മാത്രം സംസ്ഥാനതലത്തിൽ മത്സരിച്ചാൽ മതി.’അച്ഛന്റെ ആഗ്രഹം പോലെ ജില്ലയിൽ വിജയം ഉറപ്പിച്ച് സംസ്ഥാന കലോത്സവത്തിനെത്താൻ ഇത്തവണ അർഹത നേടി. പക്ഷേ, അതു കാണാൻ അച്ഛനില്ല. ആറുമാസം മുൻപ് ഹൃദയാഘാതം മൂലം വിയോഗം. അച്ഛന്റെ മരണം കനത്ത ആഘാതമായെങ്കിലും അച്ഛന്റെ ആഗ്രഹം സാധിച്ച് സംസ്ഥാനതലത്തിൽ എ ഗ്രേഡുമായി മടക്കം.
ആ വിജയനിമിഷത്തിൽ അമ്മ സൗമ്യ ഒപ്പമുണ്ട്. കൊല്ലം അഞ്ചൽ ഏരൂർ ജിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് എ.എസ്.അഭിനവ്. എ ഗ്രേഡ് ട്രോഫിയുമായി അഞ്ചലിലെ വീട്ടിലേക്കു മടങ്ങാൻ കെഎസ്ആർടിസി ബസിലേക്കു കയറും മുൻപ് അഭിനവ് പറഞ്ഞു, ‘എന്റെ അച്ഛനും കെഎസ്ആർടിസിയിലായിരുന്നു ജോലി. പ്രസംഗിക്കാൻ പഠിപ്പിച്ചത് അച്ഛനാണ്. കലോത്സവത്തിനു തിരുവനന്തപുരത്തേക്ക് ഒന്നിച്ചു പോകാമെന്ന് അച്ഛൻ പറഞ്ഞിരുന്നു. ആ സങ്കടം ബാക്കി.