ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധി നിര്‍ണയത്തിലടക്കം തെറ്റായ രീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വിധികര്‍ത്താക്കളെ വളരെ സൂക്ഷ്മതയോടെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. മുന്‍കാല കലോത്സവങ്ങളുടെ അനുഭവത്തില്‍  ചില കലാധ്യാപകരെ നിരീക്ഷിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്റലിജന്‍സിന്റേയും വിജിലന്‍സിന്റെയും കൃത്യമായ ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വേദികളായും കുട്ടികളുടെ താമസസൗകര്യത്തിനായും തിരഞ്ഞെടുത്തിരിക്കുന്ന സ്‌കൂളുകള്‍ക്ക് തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചു.

കലോത്സവം വന്‍ജനപങ്കാളിത്തത്തോടെ മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു. പ്രധാന വേദിയായ എം ടി നിളയില്‍  മുഖ്യമന്ത്രി മേള ഉദ്ഘാടനം ചെയ്തത് മുതല്‍ ഇതുവരെ വിവിധ മത്സരങ്ങള്‍ നടക്കുന്ന 25 വേദികളിലും മികച്ച പങ്കാളിത്തമാണ് കാണുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ മാത്രം 15000 പേര്‍ പങ്കെടുത്തു.  തദ്ദേശീയ കലകളുടെ മത്സരം നടക്കുന്ന നിശാഗന്ധിയില്‍ നിരവധി ആസ്വാദകരെത്തി. മംഗലംകളി, പണിയനൃത്തം, മലപ്പുലയാട്ടം, ഇരുള നൃത്തം, പളിയനൃത്തം എന്നീ തദ്ദേശീയ നൃത്തരൂപങ്ങളാണു നിശാഗന്ധിയിലെ വേദിയായ കബനീ നദിയില്‍ നടന്നത്. നാടകം നടക്കുന്ന ടാഗോര്‍ തിയറ്ററിലും വലിയ ആള്‍ക്കൂട്ടമെത്തുന്നുണ്ട്.

സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ 10 ലക്ഷത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന മേളയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം. ആറുമാസത്തോളം നീളുന്ന പരിശീലനങ്ങളും തയാറെടുപ്പുകളുമാണ് ഓരോ മത്സരത്തിന്റെയും പിന്നിലുള്ളത്. ഓരോ സ്‌കൂളും മത്സരബുദ്ധിയോടെയാണ് വിദ്യാര്‍ത്ഥികളെ ഇതിനായി തയാറെടുപ്പിക്കുന്നത്. അത്തരം ഘട്ടങ്ങളില്‍ ചില കുട്ടികള്‍ക്കെങ്കിലും അത് സാമ്പത്തിക ബാധ്യതയായി തീരുന്നുണ്ട്. കലാപരമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ സാമ്പത്തികമായി പിന്നാക്കം ആയതിനാല്‍ ഒരുതരത്തിലും വിവേചനം അനുഭവിക്കാന്‍ പാടില്ല. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും അനാവശ്യ ധാരാളിത്തം ഒരിടത്തും ഇല്ലാതിരിക്കാനും അധ്യാപകര്‍ മുന്‍കൈ എടുക്കണം. ഭാവി തലമുറയുടെ പ്രതിനിധികളായ കുഞ്ഞുങ്ങള്‍ പങ്കെടുക്കുന്ന ഈ മഹോത്സവം മികച്ചകൂട്ടായ്മയുടെയും പരസ്പര ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മികച്ച ഉദാഹരണമായി മാറേണ്ടത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അധ്യാപകരും കലാധ്യാപകരും തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണം.

കലോത്സവ വേദികളില്‍ നിന്ന് വേദികളിലേക്ക് സര്‍വീസ് നടത്താനായി 70 ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ 10 ബസുകളും 60 സ്‌കൂള്‍ ബസുകളുമാണ് സജ്ജമാക്കിയത്. ഏഴ് ക്ലസ്റ്ററുകളിലായി 25 വേദികളിലേക്കും ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വിവിധ ജില്ലകളില്‍ നിന്ന് തിരുവനന്തപുരത്തെത്തുന്ന വിദ്യാര്‍ഥികളെ താമസ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനും ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കലോത്സവത്തിനായി എത്തിയ ആയിരത്തോളം മത്സരാര്‍ഥികള്‍ക്കു നഗരത്തിലെ 27 സ്‌കൂളുകളിലായി താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കു 16 സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്കു 11 സ്‌കൂളുകളിലുമാണ് താമസം സജ്ജമാക്കിയിട്ടുള്ളത്. 

പുത്തരിക്കണ്ടത്തെ ഭക്ഷണപന്തലില്‍ കഴിഞ്ഞ രണ്ട് ദിവസമായി നാല്‍പത്തിയേഴായിരത്തോളം പേരാണ് അഞ്ചുനേരം കൊണ്ടു ഭക്ഷണം കഴിച്ചത്. സമാപന സമ്മേളനം വിപുലമായ രീതിയില്‍ നടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം നഗരവാസികള്‍ വിവിധ വേദികളിലെത്തി കുട്ടികള്‍ക്ക്  പ്രോത്സാഹനം നല്‍കണമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ സെക്രട്ടറി റാണി ജോര്‍ജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, അഡീഷണല്‍ ഡയറക്ടര്‍ ആര്‍.എസ്. ഷിബു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

English Summary:

Minister V. Sivankutty assures fair play in Kerala School Kalotsavam judging. The state-level arts festival is proceeding smoothly with extensive participation and robust security measures in place.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com