പാതിനിലച്ച പാട്ടായ് അച്ഛൻ: വേദിവിട്ടു മടങ്ങി മകൻ
Mail This Article
വാഴൂർ (കോട്ടയം) ∙ പാതിയിൽ നിന്ന ഒരു പാട്ടു പോലെ അച്ഛൻ അയ്യപ്പദാസിന്റെ അപ്രതീക്ഷിത മടക്കം ഹരിഹറിനെ കലോത്സവവേദിയിൽ നിന്ന് അവസാനനിമിഷം മടക്കിവിളിച്ചു. ഇന്നലെ തിരുവനന്തപുരത്തെ സംസ്ഥാന സ്കൂൾ കലോത്സവേദിയിൽ മുഴക്കേണ്ടിയിരുന്ന ഓടക്കുഴലുമായി കോട്ടയത്തേക്കു മടങ്ങി. കോട്ടയം – എറണാകുളം റോഡിൽ കാണക്കാരി ജംക്‌ഷനു സമീപം ശനിയാഴ്ച രാത്രി ഉണ്ടായ ബൈക്കപകടത്തിലാണ് ഹരിഹർദാസിന്റെ പിതാവ് എ.കെ.അയ്യപ്പദാസ് (45) മരിച്ചത്. കോട്ടയം സ്റ്റാർ വോയ്സിലെ ഗായകനായ അയ്യപ്പദാസ് ഗാനമേള കഴിഞ്ഞു രാത്രി വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം.
ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് എച്ച്എസിലെ പ്ലസ് വൺ വിദ്യാർഥിയായ ഹരിഹർദാസ് തിരുവനന്തപുരത്തെത്തി മത്സരത്തിനൊരുങ്ങുമ്പോൾ ഇടിത്തീപോലെ അച്ഛന്റെ അപകട വാർത്ത. അധ്യാപിക എം.എസ്.അശ്വതിക്കൊപ്പം പുലർച്ചെ അഞ്ചോടെ ഹരിഹർദാസിനെ വീട്ടിലെത്തിച്ചു. തിരുവനന്തപുരത്തെ കലോത്സവവേദിയിൽ ഓടക്കുഴലിൽ മത്സരാർഥികളുടെ നാദം മുഴങ്ങുന്ന നേരം കൊടുങ്ങൂരിലെ വീട്ടിൽ ഹരിഹറിന്റെയും അമ്മ പ്രതിഭയുടെയും സഹോദരങ്ങളായ മാധവദാസിന്റെയും അഗ്രിമ ദാസിന്റെയും വിലാപമുയർന്നു. രാത്രി എട്ടോടെ സംസ്കാരം.
പ്രിയഗായകന് നാടിന്റെ വിട
വാഴൂർ ∙ പ്രിയ ഗായകനു വിട നൽകി നാട്. ഗാനമേളകളിൽ നിറസാന്നിധ്യമായിരുന്ന വാഴൂരിന്റെ പ്രിയ കലാകാരൻ അംബിയിൽ എ.കെ.അയ്യപ്പദാസിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു. കല്ലറയിൽ വിവാഹ ചടങ്ങിലെ ഗാനമേള കഴിഞ്ഞ് തിരികെ വരുമ്പോൾ കോട്ടയം – എറണാകുളം റൂട്ടിൽ കാണക്കാരി ജംക്‌ഷനടുത്ത് ശനിയാഴ്ച രാത്രി ഉണ്ടായ അപകടത്തിലാണ് അയ്യപ്പദാസ് മരിച്ചത്.അയ്യപ്പദാസിന്റെ ബൈക്ക് സൈക്കിളിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സാരമായി പരുക്കേറ്റ അയ്യപ്പദാസിനെയും സൈക്കിൾ യാത്രക്കാരനെയും ഏറെ വൈകിയാണ് വഴിയാത്രക്കാർ ആശുപത്രിയിലെത്തിച്ചത്. കോട്ടയം സ്റ്റാർ വോയ്സ് ഗാനമേള സംഘത്തിലെ ഗായകനായിരുന്നു.
25 വർഷത്തോളമായി സംസ്ഥാനത്തെ വിവിധ ഗായക സംഘങ്ങളിൽ പ്രവർത്തിച്ചിരുന്നു. നൂറുകണക്കിന് വേദികളിൽ പാടിയിട്ടുണ്ട്. നാട്ടിലെ കലാപരിപാടികൾ, കല്യാണ വീടുകൾ തുടങ്ങി ആഘോഷ രാവിൽ എല്ലാം അയ്യപ്പദാസിന്റെ പരിപാടികൾ ഉണ്ടാകും. ചെറുപ്പകാലം മുതൽ പാട്ടുകൾ പാടിയിരുന്നു.കൊച്ചിൻ കലാഭവനിലൂടെയാണു അയ്യപ്പദാസ് ഏറെ ശ്രദ്ധേയനായത്. സംസ്ഥാനത്തെ പ്രമുഖ ഗാനമേള സംഘങ്ങളിലും ടിവി ഷോകളിലും അയ്യപ്പദാസ് തിളങ്ങി. വലിയ സൗഹൃദ വലയം ഉണ്ടായിരുന്നു. ഭാര്യ:പ്രതിഭ. മക്കൾ: ഹരിഹർ ദാസ്, മാധവദാസ് (എംജിഎം എൻഎസ്എസ്, ളാക്കാട്ടൂർ), അഗ്രിമ ദാസ് (ഗവ.എൽപി സ്കൂൾ ആനിക്കാട്).
കുടുംബത്തിന് സ്ഥലവും വീടും
അയ്യപ്പദാസിന്റെ കുടുംബത്തിന് വീട് നിർമിക്കാൻ 5 സെന്റ് സ്ഥലം വാങ്ങി നൽകുമെന്ന് ഗാനമേള ട്രൂപ്പ് കോട്ടയം ഡ്രീം വോയ്സ്, വാഴൂർ ദേവരാഗം മ്യൂസിക് എന്നിവയുടെ ഭാരവാഹികളായ പ്രസാദ് പനച്ചിക്കൽ, രാജേഷ് മഹാദേവ എന്നിവർ അറിയിച്ചു. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് കലാകാരന്മാരുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ വീട് നിർമിച്ചു നൽകുമെന്ന് പഞ്ചായത്തംഗം വി.പി.റെജി പറഞ്ഞു.