മദ്യലഹരിയിൽ പൊലീസുകാരന്റെ അതിക്രമം; ഭിക്ഷ ചോദിച്ച് വീട്ടിലെത്തിയ സ്ത്രീയെ മർദിച്ച് കവർച്ച
Mail This Article
കാട്ടാക്കട ∙ ഭിക്ഷ യാചിച്ച് എത്തിയ വയോധികയെ പൊലീസുകാരനും സുഹൃത്തും ചേർന്ന് വീട്ടിലേക്കു വിളിച്ചുകയറ്റി മർദിച്ച ശേഷം പണം കവർന്നു. 82 വയസ്സുള്ള വയോധികയെ മുതുകിൽ അടിച്ചും വലിച്ചിഴച്ചുമായിരുന്നു പ്രതികളുടെ ക്രൂരത. വയോധികയുടെ പരാതിയിൽ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പൂവച്ചൽ പാലേലി മണലിവിള വീട്ടിൽ എം.ലാലു (41), പൂവച്ചൽ യുപി സ്കൂളിനു സമീപം സിത്താര ഭവനിൽ എസ്.സജിൻ (46) എന്നിവരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ പണാപഹരണം, സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ എം.ലാലുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഇന്നലെ രാവിലെ 11.30നാണ് സംഭവം. പൂവച്ചലിലുള്ള സജിന്റെ വീട്ടിൽ ഇരുവരും മദ്യപിക്കുന്നതിനിടെയാണ് വയോധികയെത്തിയത്. ഗേറ്റ് തുറന്ന വയോധികയെ 10 രൂപ നോട്ട് കാണിച്ച് വീടിനുള്ളിലേക്കു വിളിച്ചു. പണം വാങ്ങാനെത്തിയ ഇവരെ വീടിനുള്ളിലേക്കു വലിച്ചുകയറ്റിയ പ്രതികൾ വാതിലടച്ചു. തുടർന്ന് മടിയിലുണ്ടായിരുന്ന 352 രൂപ ബലമായി പിടിച്ചെടുത്തു. നിലവിളിച്ചപ്പോൾ മുതുകിൽ അടിച്ചു. പിന്നാലെ വാതിൽ തുറന്നു പുറത്തേക്കു തള്ളി. നിലവിളി കേട്ട് പരിസരവാസികൾ എത്തി പ്രതികളെ തടഞ്ഞുവച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.