‘നിർഭാഗ്യത്തിലും മകൾ എന്റെ ഭാഗ്യം’; സ്വർണമാല പണയംവച്ചെത്തി; എ ഗ്രേഡുമായി മടക്കം
Mail This Article
തിരുവനന്തപുരം∙ ലോട്ടറി വിൽപനയിലൂടെ മറ്റുള്ളവർക്കു ഭാഗ്യം കൈമാറുന്ന വൈഷ്ണവിയുടെ അച്ഛനു സ്വന്തം ജീവിതത്തിൽ നിർഭാഗ്യമാണു കൂട്ട്. കലോത്സവച്ചെലവുകൾക്കായി മകളുടെ സ്വർണമാല പണയം വയ്ക്കാൻ ഊരിവാങ്ങുമ്പോൾ അച്ഛൻ വേദനയോടെ പറഞ്ഞു; ‘വേറെ വഴിയില്ലാത്തോണ്ടാ മോളേ...’
ഹയർ സെക്കൻഡറി വിഭാഗം മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടിയ എസ്.എം.വൈഷ്ണവി വഞ്ചിയൂർ ഹോളി ഏഞ്ചൽസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്. രാത്രി ലോട്ടറിക്കച്ചവടവും പകൽ ചുമട്ടുജോലിയുമെടുത്തു കുടുംബം പോറ്റുന്നയാളാണെങ്കിലും കരിക്കകം അമ്പറമുടുമ്മേൽ വൈഷ്ണവി ഭവനിൽ സന്തോഷ് 14വർഷമായി മകളുടെ നൃത്തപഠനം മുടക്കിയിട്ടില്ല.
ജില്ലാ കലോത്സവത്തിനു മകളെ അയയ്ക്കാൻ കടം വാങ്ങേണ്ടി വന്നു. സംസ്ഥാനതലത്തിലേക്കും യോഗ്യത നേടിയതോടെ ഇനിയെന്തു ചെയ്യുമെന്നായി. ഒടുവിൽ മറ്റു വഴിയില്ലാതെ മാല പണയം വച്ചു പണം കണ്ടെത്തുകയായിരുന്നു. കരകുളം ബിജുമോൻ സന്തോഷ് സൗജന്യമായാണു നൃത്തം പഠിപ്പിക്കുന്നത്. സംഘനൃത്തത്തിലും വൈഷ്ണവി എ ഗ്രേഡ് നേടി.