വയനാട്ടിൽ നിന്നും വന്നത് കുട്ടികളും നാട്ടുകാരുമടക്കം 30 പേർ; ഒരു ഗ്രാമത്തിന്റെ ആവേശയാത്ര - വിഡിയോ
Mail This Article
തിരുവനന്തപുരം∙ പൂജപ്പുര മണ്ഡപത്തിലെ വേദിയിൽ എച്ച്എസ് വിഭാഗം ചെണ്ടമേള മത്സരത്തിൽ വടുവൻചാൽ സ്കൂളിലെ കുട്ടികൾ കൊട്ടിക്കയറുകയാണ്. അവരുടെ പ്രകടനം 400 കിലോമീറ്റർ അകലെ വയനാട്ടിലെ പെരുമ്പാടിക്കുന്ന് ഗ്രാമത്തിലെ ഓരോ വീട്ടിലും തത്സമയം കണ്ടുകൊണ്ടിരിക്കുന്നു. ഒരു ഗ്രാമം ഒന്നടങ്കം ഭക്ഷണമുണ്ടാക്കിക്കൊടുത്തും കൂട്ടിരുന്നും ചെണ്ട പരിശീലിപ്പിച്ചാണ് കുട്ടികളെ ആദ്യമായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് അയച്ചത്. അതുമാത്രമല്ല കുട്ടികളും നാട്ടുകാരുമടക്കം 30 പേരുടെ സംഘമാണ് കലോത്സവം കാണാൻ വണ്ടി വിളിച്ച് തിരുവനന്തപുരത്ത് എത്തിയത്. ഇത്രയും പേർക്ക് കൊല്ലം അഞ്ചലിലുള്ള സ്വന്തം വീട്ടിലാണ് സ്കൂൾ പ്രിൻസിപ്പൽ താമസമൊരുക്കിയത് !
സംസ്ഥാന കലോത്സവത്തിൽ എച്ച്എസ് ചെണ്ടമേളത്തിൽ പങ്കെടുക്കാനെത്തിയ വയനാട് വടുവൻചാൽ ഗവ.എച്ച്എസ്എസ്സിലെ കുട്ടികളാണ് ഒരു ഗ്രാമത്തിന്റെ സ്നേഹകൂട്ടായ്മയുടെ കഥ പറയുന്നത്. ചെണ്ടമേളം പഠിക്കാനുള്ള സാഹചര്യം വയനാട്ടിലെ വടുവൻചാലിൽ ഇല്ല. ഇത്തവണ ചെണ്ട പഠിച്ച് കലോത്സവത്തിൽ പങ്കെടുക്കണമെന്ന ആശയം മുന്നോട്ടുവച്ചത് പിടിഎ പ്രസിഡന്റ് എ.സുരേഷ് കുമാറും പ്രിൻസിപ്പൽ കെ.വി.മനോജുമാണ്. രണ്ട് ഇരട്ടക്കുട്ടികളടക്കം ഏഴു വിദ്യാർഥികളെ കണ്ടെത്തി. വയനാട്ടിലെ ചെണ്ടപരിശീലകരിൽ പ്രമുഖനായ കലാനിലയം വിജേഷ്മാരാരെ പരിശീലനം നൽകാൻ ക്ഷണിച്ചു. കെ.ജെ.ആദർശ്, ശ്രീഹരി. പി.സുരേഷ്, ദേവ് നന്ദ്, അബിൻകൃഷ്ണ, ആൽബിൻ ഷിബു എന്നിവരും ഇരട്ടകളായ പത്താംക്ലാസ് വിദ്യാർഥികൾ കെ.വി. അഞ്ജന, കെ.വി.അഞ്ജിത എന്നിവരുമാണ് ടീമിലുള്ളത്.
കർഷകരുടെയും കൂലിത്തൊഴിലാളികളുടെയും മക്കളാണ് ഇവർ. സ്കൂൾ വിട്ട് കുട്ടികളെത്തിയാൽ ഗ്രാമത്തിലെ പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ എല്ലാവരും ഒത്തുചേരും. ഓരോ വീടുകളിൽ നിന്നായി കട്ടൻകാപ്പിയും പുഴുക്കുമൊക്കെ എത്തിച്ച് ആഘോഷമായിട്ടായിരുന്നു പരിശീലനം. ഏഴു കുട്ടികളും രക്ഷിതാക്കളും നാട്ടുകാരുമടക്കം മുപ്പതുപേരടങ്ങുന്ന സംഘം തിരുവനന്തപുരത്തേക്ക് വരാൻ തീരുമാനിച്ചപ്പോൾ, താമസസൗകര്യമായിരുന്നു വെല്ലുവിളി. പ്രിൻസിപ്പൽ കെ.വി.മനോജ് കൊല്ലം അഞ്ചലിലുള്ള വീട്ടിൽ താമസമൊരുക്കാമെന്നു പറഞ്ഞു. ശനി രാത്രിയോടെ സംഘം അഞ്ചലിലെ വീട്ടിലെത്തി. രാവിലെ ഭക്ഷണത്തിനുശേഷം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. മത്സരം കഴിഞ്ഞ് രാത്രി തിരികെ അഞ്ചലിലെത്തിയ ശേഷം ഇന്നു രാവിലെയാണ് തിരികെ യാത്ര