‘കോഗ്നോടോപ്പിയ’: മൾട്ടി ഡിസിപ്ലിനറി അക്കാദമിക് ഫെസ്റ്റിന് വേദിയാകാൻ ഒരുങ്ങി വിമൻസ് കോളജ്
Mail This Article
തിരുവനന്തപുരം∙ കേരളത്തിലെ ആദ്യ മൾട്ടി ഡിസിപ്ലിനറി അക്കാദമിക് ഫെസ്റ്റിന് വേദിയാകാൻ ഒരുങ്ങി തിരുവനന്തപുരം വിമൻസ് കോളജ്. ജനുവരി 16–18 വരെ നടക്കുന്ന പരിപാടിക്ക് കോഗ്നോടോപ്പിയ (Cognotopia) എന്നാണ് പേര്. കോളജിന്റെ 125-ാം വാർഷികത്തിന്റെ ഭാഗമാണ് മേള സംഘടിപ്പിക്കുന്നത്. ജനുവരി 16ന് മന്ത്രി ആർ.ബിന്ദു മേള ഉദ്ഘാടനം ചെയ്യും. ജനുവരി 18ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി വീണാ ജോർജ് സമാപന പ്രഭാഷണം നടത്തും.
ഫിസിക്കൽ ആൻഡ് നാച്ചുറൽ സയൻസസ്, സോഷ്യൽ സയൻസസ്, ആർട്സ്, ഫിലോസഫി, ലിറ്ററേച്ചർ, കൾച്ചർ എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യാന്തര കോൺഫറൻസ് മേളയുടെ മുഖ്യ ആകർഷണമാകും. വിഎസ്എസ്‌സി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ, ഡോ. സുനിൽ പി. ഇളയിടം, ഡോ. കെ.പി.രാമനുണ്ണി തുടങ്ങിയവർ അക്കാദമിക, സാംസ്കാരിക സംവാദത്തിൽ പങ്കുചേരും.
ജനുവരി 17ന് ‘കേരളത്തിന്റെ വികസനത്തിൽ മാധ്യമങ്ങൾ’ എന്ന വിഷയത്തിൽ എ.എ.റഹീം എംപിയും ചാണ്ടി ഉമ്മൻ എംഎൽഎയും ചർച്ചയിൽ പങ്കെടുക്കും. ജനുവരി 18ന് ഭിന്നശേഷി പ്രവർത്തകനും പ്രചോദന പ്രഭാഷകനുമായ പി.എസ്.കൃഷ്ണൻ കുമാർ നയിക്കുന്ന ‘ഭിന്നശേഷി ഉൾക്കൊള്ളുന്ന ഭാഷ: ജീവിതത്തിന്റെ ശബ്ദങ്ങൾ’ എന്ന സെഷൻ നടക്കും.
ഗവൺമെന്റ് മെഡിക്കൽ കോളജ്, വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി), ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ ടെക്നോളജി, കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം (കെഎസ്എസ്ടിഎം), രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർജിസിബി), റീജിയനൽ കാൻസർ റിസർച് സെന്റർ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രമുഖർ തങ്ങളുടെ വൈദഗ്ധ്യം പങ്കുവയ്ക്കും.
അക്കാദമിക ചർച്ചകൾക്ക് പുറമേ, രാവിലെ 10 മുതൽ രാത്രി 10 വരെ പ്രദർശനങ്ങൾ, ലൈവ് പ്രകടനങ്ങൾ, ഫുഡ് ഫെസ്റ്റുകൾ, സാംസ്കാരിക പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ‘സമഗ്ര വിദ്യാഭ്യാസം’ എന്ന ആശയത്തിൽ ഒരു സംവാദമായാണ് മേളയെ മാറ്റാൻ ഉദ്ദേശിക്കുന്നതെന്ന് കോളജ് പ്രിൻസിപ്പൽ ജെ.എസ്.അനില പറഞ്ഞു. സെഷനുകൾ സൗജന്യമാണ്. റജിസ്ട്രേഷനും പങ്കെടുക്കാനും 9645446439, 9446312540 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.