സ്വർണക്കുടമാറ്റം; സ്കൂൾ കലോത്സവം: കാൽ നൂറ്റാണ്ടിനു ശേഷം കപ്പ് തൃശൂരിന്
Mail This Article
അവസാനനിമിഷം വരെ തുടർന്ന പൊരിഞ്ഞ പോരാട്ടത്തിലാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വർണക്കപ്പ് 1008 പോയിന്റുകളോടെ തൃശൂർ സ്വന്തമാക്കിയത്. 1999 നു ശേഷം ഇപ്പോഴാണ് തൃശൂർ ഈ നേട്ടം കൈവരിക്കുന്നത്. 1007 പോയിന്റോടെ പാലക്കാട് രണ്ടാമതെത്തി. കണ്ണൂർ (1003) ആണ് മൂന്നാമത്. ഹൈസ്കൂൾ വിഭാഗത്തിൽ 482 പോയിന്റുമായി തൃശൂരും പാലക്കാടും ഒന്നാമതെത്തി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 526 പോയിന്റു നേടിയ തൃശൂരാണ് ഒന്നാമത്. ഹൈസ്കൂൾ അറബിക് കലോത്സവത്തിൽ കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകൾ (95) ഒന്നാം സ്ഥാനം പങ്കിട്ടു. സംസ്കൃതോത്സവത്തിൽ കാസർകോട്, മലപ്പുറം, പാലക്കാട് ജില്ലകൾ 95 പോയിന്റോടെ ഒന്നാമതെത്തി.
സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് ഒന്നാമതെത്തി (171), തിരുവനന്തപുരം വഴുതക്കാട് കാർമൽ എച്ച്എസ്എസ് (116), മാനന്തവാടി എംജിഎം എച്ച്എസ്എസ് (106) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തൃശൂരിനു മന്ത്രി വി.ശിവൻകുട്ടി സ്വർണക്കപ്പ് സമ്മാനിച്ചു. എ ഗ്രേഡ് ലഭിച്ചവർക്കുള്ള കലോത്സവ സ്കോളർഷിപ് 1500 രൂപയാക്കുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ചലച്ചിത്രതാരങ്ങളായ ആസിഫ് അലിയും ടൊവിനോ തോമസും വിശിഷ്ടാതിഥികളായി. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനായി.