ADVERTISEMENT

മുളങ്കുന്നത്തുകാവ്∙ ദയാവധം. അതാണോ അധികൃതർ നെഞ്ചുരോഗാശുപത്രിക്കു വച്ചിരിക്കുന്ന വിധി.?

3 മാസത്തിനിടെ ഇവിടെ നിന്നു സ്ഥലം മാറ്റപ്പെട്ടത് 3 ഡോക്ടർമാർ. ഡോക്ടർമാർ ഇല്ലെന്നു വരുത്തിത്തീർത്ത് ഈ ആശുപത്രി പൂട്ടിക്കെട്ടാനുള്ള നീക്കമാണോയെന്ന് ചില ഡോക്ടർമാർ തന്നെ സംശയം പ്രകടിപ്പിക്കുമ്പോൾ എന്താകും 2020ൽ നെഞ്ചുരോഗാശുപത്രിയുടെ ഭാവി?

മെഡിക്കൽ കോളജ് ആശുപത്രിയിൽ എല്ലാ വിഭാഗങ്ങളും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുമ്പോൾ ടിബി ചികിത്സാ വിഭാഗം മാത്രം ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫിസർക്കാണ് ഈ വിഭാഗത്തിന്റെ ചുമതല. ക്ഷയരോഗ (ടിബി) നിർമാർജനത്തിനു ദേശീയ തലത്തിൽ നടപ്പിലാക്കുന്ന ‘പ്രോട്ടോകോൾ’ അനുസരിച്ചുള്ള ചികിത്സാ രീതിയാണ് ഈ ചികിത്സാ വിഭാഗത്തിൽ പാലിച്ചു വരുന്നത്. 

ഡോക്ടർ പാതി; ദൈവം പാതി

രണ്ട് വാർഡുകളിലും ഒ പിയിലും ചികിത്സ തേടിയെത്തുന്ന രോഗികളെ പരിചരിക്കാൻ ആറു ഡോക്ടർമാരുടെ തസ്തികകളാണു സർക്കാർ അനുവദിച്ചിട്ടുള്ളത്.

 ഇതിൽ നിന്നാണ് മൂന്ന് ഡോക്ടർമാരെ ജോലി ക്രമീകരണ വ്യവസ്ഥയിൽ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുള്ളത്. രോഗികൾക്ക് 24 മണിക്കൂർ സേവനംഉറപ്പാക്കാൻ മൂന്ന് ഡോക്ടർമാരാണ് ആശുപത്രിയിൽ  അവശേഷിക്കുന്നത്. വേണ്ടതിന്റെ പാതി. 

3 ജില്ലകളിൽ നിന്നുള്ള രോഗികൾ 

പാലക്കാട്, മലപ്പുറം. തൃശൂർ ജില്ലകളിൽ നിന്നുള്ള രോഗികളാണ് വർഷങ്ങളായി ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. ഞാറാഴ്ചയൊഴികെ ദിവസവും ഇവിടെ പ്രവർത്തിക്കുന്ന ഒപിയിൽ പ്രതിദിനം 70 രോഗികൾ ചികിത്സക്കെത്തുന്നതായാണു കണക്ക്. 

ക്ഷയരോഗ നിർമാർജനത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം രൂപപ്പെടുത്തുന്ന എല്ലാ ആധുനിക ചികിത്സാ രീതികളും  ഇവിടെ നടപ്പാക്കണമെന്നാണു നിയമം.  ഗുരുതര ക്ഷയരോഗ ബാധിതരായവരെയാണു വാർഡുകളിൽ കിടത്തി ചികിത്സിക്കുന്നത്. ഡോക്ടർമാരുടെ എണ്ണം കുറഞ്ഞതോടെ ഈ രോഗികളുടെ ദൈനം ദിന ചികിത്സ പ്രതിസന്ധി നേരിടുകയാണ്.

ജോലി ക്രമീകരണ വ്യവസ്ഥയിൽ സ്ഥലം മാറ്റിയതിനാൽ പകരം ഡോക്ടർമാരെ താത്കാലിക അടിസ്ഥാനത്തിൽ പോലും നിയമിക്കാനാകാത്ത നിലയാണ്. ജില്ലാ മെഡിക്കൽ ഓഫിസർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

കേരളവർമ ടിബി സാനിറ്റോറിയം

ടിബി ചികിത്സ നിർത്തിയാൽ അത് ഹൈക്കോടതിയുടെ ഉത്തരവിന്റെ ലംഘനമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കേരളവർമ ടിബി സാനിറ്റോറിയം മെഡിക്കൽ കോളജ് സ്ഥാപിക്കാനായി 40 വർഷം മുൻപ് സർക്കാർ ഏറ്റെടുക്കുമ്പോൾ നിലവിലുള്ള ടിബി ചികിത്സാ വിഭാഗം മെഡിക്കൽ കോളജിൽ പ്രത്യേകമായി നിലനിർത്തണമെന്ന ഹൈക്കോടതിയുടെ വിധിയുണ്ട്. ഈ വിധിയുടെ ഭാഗമായാണ് ആദ്യം ആരംഭിച്ച മെഡിക്കൽ കോളജ് ആശുപത്രിക്ക് നെഞ്ച്‌ രോഗാശുപത്രിയെന്ന പേരുപോലും നൽകിയത്. 

ക്ഷയരോഗ ബാധിതരായെത്തുന്ന രോഗികളെ മാത്രം പ്രത്യേകമായി ചികിത്സിക്കുന്നതിന് വാർഡുകൾ നീക്കി വച്ചിട്ടുള്ളതും ഹെൽത്ത് സർവീസിനു കീഴിൽ ഡോക്ടർമാരേയും ജീവനക്കാരേയും നിലനിർത്തി വരുന്നതും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്. 40 വർഷത്തിനിടയ്ക്ക് ഒരു തസ്തികപോലും അധികമായി ഈ ചികിത്സാ വിഭാഗത്തിനായി അനുവദിക്കാതിരുന്ന സർക്കാർ ഇപ്പോൾ നിലവിലുള്ള ഡോക്ടർമാരുടെ സേവനം കൂടി ഇല്ലാതാക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com