ADVERTISEMENT

ഇരിങ്ങാലക്കുട ∙ സംസ്ഥാനത്തെ ആദ്യ ഹൈഡ്രോ തെറപ്പി സെന്റർ കല്ലേറ്റുംകര നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ (എൻഐപിഎംആർ) മാർച്ചിൽ പൂർത്തിയാകും. 2.18 കോടി രൂപ ചെലവഴിച്ചാണു കെട്ടിടം അടക്കം ഒരുക്കുന്നത്. സെറിബ്രൽ പാൾസി, സ്‌പൈനൽ ഇൻജുറി, സ്ട്രോക്ക് മൂലം ഒരു വശം തളർന്നു പോവുക, നാഡി സംബന്ധ അസുഖം തുടങ്ങിയവയ്ക്ക് വെള്ളത്തിന്റെ സമർദ്ദവും ചൂടും നിയന്ത്രിച്ച് കൊണ്ട് നടത്തുന്ന ചികിത്സയാണു ഹൈഡ്രോ തെറപ്പി. 

കുട്ടികൾക്കു ചലന വേഗം ലഭിക്കുന്നതിനു സ്പീഡർ റിക്കവറി എന്നതിനെ  അടിസ്ഥാനമാക്കിയാണു ഹൈഡ്രോ തെറപ്പി സെന്ററിന്റെ പ്രവർത്തനം. ഇത്തരം ചികിത്സയുള്ള അപൂർവം സ്ഥാപനങ്ങളാണു രാജ്യത്തുള്ളത്. അമേരിക്കൻ ഡിസബിലിറ്റി ആക്ടിലെ മാനദണ്ഡപ്രകാരം ഉള്ള ഹൈഡ്രോ തെറപ്പി സംവിധാനമാണ് ഇവിടെ സ്ഥാപിക്കുക. സാമ്പത്തിക അവശത അനുഭവിക്കുന്ന കുടുംബങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കു സെന്റർ സഹായമാവും. 

ഉപകരണങ്ങൾക്ക് 80 ലക്ഷം രൂപയോളം ചെലവുണ്ട്. നീന്തൽ കുളമാണു പ്രധാനമായും നിർമിക്കുന്നത്.  രോഗിയുടെ ശാരീരിക അവസ്ഥയ്ക്ക് അനുസരിച്ച് തെറപ്പിസ്റ്റിന്റെ സഹായത്തോടെ ഇവിടെ ഹൈഡ്രോ തെറപ്പി നടത്തും. ഹീമോഫീലിയ രോഗികൾക്കും ഹൈഡ്രോ തെറപ്പി ഫലപ്രദമാണ്. ആദ്യ ഘട്ടത്തിൽ ഒരു ഹൈഡ്രോ തെറപ്പിസ്റ്റാണു സെന്ററിൽ ഉണ്ടാവുക. പ്രത്യേക പരിശീലനം ലഭിച്ചവരാണു ഹൈഡ്രോ തെറപ്പി ചെയ്യുക. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കായി സെൻസറി ഗാർഡനും സെൻസറി പാർക്കും ഒരുക്കിയിട്ടുണ്ട്.

സ്പൈനൽ ഇൻജുറി റിഹാബിലിറ്റേഷൻ

എൻഐപിഎംആറിൽ അടുത്ത മാർച്ചിൽ സ്പൈനൽ ഇൻജുറി റീഹാബിലിറ്റേഷൻ പ്രവർത്തനം ആരംഭിക്കും.  അപകടങ്ങളിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ചു കിടപ്പിലായവരെ ജീവിതത്തിലേക്കു മടക്കികൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സ്പൈനൽ ഇൻജുറി റീഹാബിലിറ്റേഷൻ ആരംഭിക്കുന്നത്. ഇത്തരത്തിലുള്ള 8 രോഗികൾക്ക് ഒരേ സമയം കിടത്തി ചികിത്സ നൽകാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com