ADVERTISEMENT

തൃശൂർ ∙ ജില്ലയുടെ വികസന വഴികളിൽ വെളിച്ചമായി 4 പുതിയ വൈദ്യുതി പദ്ധതികൾ. മണ്ണുത്തിയിലെ നടത്തറ റോഡിലെ വെറ്ററിനറി കോളജിന്റെ ഒരേക്കർ ഭൂമിയിൽ 110 കെവി സബ് സ്റ്റേഷനാണ് നിർമിക്കുന്നത്. നിലവിൽ മണ്ണുത്തിയിലേക്കും സമീപ പ്രദേശങ്ങളിലേക്കും വൈദ്യുതി എത്തുന്നത് മാടക്കത്തറ 400 കെവി സബ് സ്റ്റേഷൻ, ഒല്ലൂർ 110 കെവി സബ് സ്റ്റേഷൻ, പുത്തൂർ 33 കെവി സബ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ്.

ഈ ഫീഡറുകളെല്ലാം തന്നെ പൂർണ ശേഷി എത്തിയതിനാലും പുതിയ ഫീഡറുകൾ സമീപ സ്റ്റേഷനുകളിൽ നിന്നു കൊണ്ടുവരുന്നത് പ്രായോഗികമല്ലാത്തതിനാലുമാണു പുതിയ 100 കെവി സബ് സ്റ്റേഷൻ മണ്ണുത്തിയിൽ സ്ഥാപിക്കുന്നത്.

ശിലാസ്ഥാപനം ഇന്ന്

മണ്ണുത്തി 110 കെവി സബ്സ്റ്റേഷന്റെ ശിലാസ്ഥാപനം ഇന്നു വൈകിട്ട് 3ന് മന്ത്രി എം.എം.മണി നിർവഹിക്കും. 18 മാസം കൊണ്ടു നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ണുത്തി, ഒല്ലൂക്കര, നടത്തറ തുടങ്ങിയ പ്രദേശങ്ങളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും വൈദ്യുതി വിതരണ ശൃംഖല കൂടുതൽ ശക്തമാക്കുന്നതിനും സബ്സ്റ്റേഷൻ സഹായിക്കും. 

നിലവിൽ മാടക്കത്തറ 410 കെവി സബ്സ്റ്റേഷൻ വളപ്പിലാണ് മണ്ണുത്തി സെക്‌ഷൻ ഓഫിസ് സ്ഥിതി ചെയ്യുന്നത്. നാട്ടുകാർക്ക് ബിൽ തുക അടയ്ക്കുന്നതിനും പുതിയ കണക്‌ഷന് അപേക്ഷ നൽകുന്നതിനും മാടക്കത്തറയിലെത്തണം.മണ്ണുത്തിയിലും ഒല്ലൂക്കരയിലും താമസിക്കുന്നവർക്കു 2 ബസ് കയറി പോകേണ്ട അവസ്ഥയാണിപ്പോൾ.

സെക്‌ഷൻ ഓഫിസ് മണ്ണുത്തിയിൽ തന്നെ സ്ഥാപിക്കണമെന്നതു നാട്ടുകാരുടെ ദീർഘകാലമായ ആവശ്യമാണ്. മണ്ണുത്തിയുടെയും പരിസര പ്രദേശങ്ങളിലെയും ഏകദേശം മുപ്പത്തയ്യായിരത്തോളം വരുന്ന വൈദ്യുതി ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യുന്നതാണ് പുതിയ സബ് സ്റ്റേഷൻ. കൂടാതെ വെറ്ററിനറി കോളജ്, പുത്തൂർ സുവോളജിക്കൽ പാർക്ക്, മൊബിലിറ്റി ഹബ് തുടങ്ങിയവയ്ക്കു പുതിയ സബ് സ്റ്റേഷന്റെ പ്രയോജനം ലഭിക്കും. ആദ്യഘട്ടത്തിൽ കെഎസ്ഇബിയുടെ തനത് ഫണ്ടിൽ നിന്നു 11.6 കോടി രൂപയുടെ ഭരണാനുമതിയായി.

4 പദ്ധതികൾ

ജില്ലയിലെ പ്രസരണ വിഭാഗത്തിൽ 4 പദ്ധതികളാണ് വരുന്നത്. 66 കെവി മാള, കൊടുങ്ങല്ലൂർ സബ് സ്റ്റേഷനുകൾ 110 കെവി ആയി ഉയർത്തുക, മണ്ണുത്തിയിൽ പുതിയ 110 കെവി സബ് സ്റ്റേഷന്റെ നിർമാണം, കുന്നംകുളം 110 കെവി സബ് സ്റ്റേഷൻ 220 കെവി ആയി ഉയർത്തുക എന്നിവയാണ് പദ്ധതികൾ.

4 പദ്ധതികൾക്കുമായി ഏകദേശം 145 കോടി രൂപയാണ് വൈദ്യുതി വകുപ്പ് വകയിരുത്തിയിട്ടുള്ളത്. ഈ 4 പദ്ധതികൾ നടപ്പിലാക്കുന്നതു വഴി മാള, അന്നമനട, പൊയ്യ, കുഴൂർ, പുത്തൻചിറ, ആളൂർ, എസ്എൻ പുരം, എടവിലങ്ങ്, എറിയാട്, മണ്ണുത്തി, കുന്നംകുളം എന്നീ പ്രദേശങ്ങളിലെ ഏകദേശം 2,85,000 വരുന്ന വൈദ്യുതി ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും.

110 മാള

1993–ൽ 66 കെവി വോൾട്ടേജിൽ പ്രവർത്തനം തുടങ്ങിയ മാള സബ് സ്റ്റേഷൻ നിലവിൽ 110 കെവി ആയി ഉയർത്തി. ട്രാൻസ്ഫോമറുകൾ മാറ്റി, അനുബന്ധ ഉപകരണങ്ങൾ പുതിയതായി സ്ഥാപിച്ചു. 2017ലാണ് നിർമാണം ആരംഭിച്ചത്. 110 കെവിയായി സബ് സ്റ്റേഷൻ ഉയർന്നതോടെ മാള, അന്നമനട, പൊയ്യ, കുഴൂർ, പുത്തൻചിറ വൈദ്യുതി പ്രദേശങ്ങളിലുള്ള ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും. ആകെ 45,000 ഉപഭോക്താക്കൾക്കു പ്രയോജനപ്പെടുമെന്നാണു വൈദ്യുതി വകുപ്പിന്റെ വിലയിരുത്തൽ.

110 കൊടുങ്ങല്ലൂർ

66 കെവിയായിരുന്ന കൊടുങ്ങല്ലൂർ സബ് സ്റ്റേഷനിൽ കൂടുതൽ ശേഷിയുള്ള 2 ട്രാൻസ്ഫോമറുകൾ സ്ഥാപിച്ച് 110 കെവി സ്റ്റേഷനാക്കി ഉയർത്തി. ചാലക്കുടി, മാള എന്നീ സബ് സ്റ്റേഷനുകളിൽ നിന്നുള്ള ലൈനുകൾ 110 കെവി ആക്കിയിട്ടുണ്ട്. ഇതോടെ ഈ പ്രദേശത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 4.8 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.

220 കുന്നംകുളം

വൈദ്യുതി വകുപ്പ് നടപ്പിലാക്കുന്ന ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയിലൂടെ രണ്ടാം തലമുറ ട്രാൻസിഷൻ നെറ്റ്‌വർക്കാണ് (വൈദ്യുതി വിതരണം) 2ഘട്ടങ്ങളിലായി കുന്നംകുളത്ത് ഒരുങ്ങുന്നത്. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് പദ്ധതിയുടെ കീഴിലുള്ള സബ്‌ സ്റ്റേഷനുകളുടെ നിർമാണം.

400 കെവിയുടെ 3 സബ്‌ സ്റ്റേഷനുകൾ, 220 കെവിയുടെ 23 സബ്‌ സ്റ്റേഷനുകൾ, 4390 സർക്യൂട്ട് കിലോമീറ്റർ പ്രസരണ ലൈനുകളുടെ നിർമാണം പൂർത്തിയാക്കൽ എന്നിവയാണ് ഇതിലുള്ളത്. കുന്നംകുളത്തു നിലവിലുള്ള 110 കെവി സബ്‌ സ്റ്റേഷൻ 220 കെ.വി. ഗ്യാസ് ഇൻസുലേറ്റഡ് സബ്‌ സ്റ്റേഷനായി ഉയർത്തും. 

കിഫ്ബി വഴി സാമ്പത്തിക സഹായം നൽകുന്ന പദ്ധതി 2021-ൽ പൂർത്തിയാകാൻ ലക്ഷ്യമിടുന്നു.ഇരിങ്ങാലക്കുടയിലും മലപ്പുറം ജില്ലയിലെ തിരൂരിലും 220 കെവി സബ്‌ സ്റ്റേഷനുകൾ വരും.മാടക്കത്തറയിൽ നിന്ന് അരീക്കോട്ടേക്കുള്ള വൈദ്യുതി ഇടനാഴിയുമായും ഇരിങ്ങാലക്കുട, തിരൂർ സബ്‌ സ്റ്റേഷനുകളുമായും കുന്നംകുളം 220 കെവി സബ്‌ സ്റ്റേഷനെ ബന്ധിപ്പിക്കും.ഇതോടെ ഏത് മേഖലയിൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടാലും മറ്റൊരു സബ്‌ സ്റ്റേഷനിൽ നിന്നു മാറ്റി നൽകാനാകും.

നൂതനമായി രൂപകൽപന ചെയ്ത കെഎൽ സീരീസ് ടവറും ഉയർന്ന വൈദ്യുതി വാഹക ശേഷിയുള്ള എച്ച്ടിഎൽഎസ് (ഹൈ ടെംപറേചർ ലോഡ് സാഗ്) കണ്ടക്ടറുമാണ് ഉപയോഗിക്കുന്നത്. വൈദ്യുതി കമ്പികൾ താഴ്‌ന്നു വരില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.220 കെവി മുകളിലെ ലൈനിലൂടെയും 110 കെവി താഴെയുള്ള ലൈനിലൂടെയും കടന്നുപോകും. ടവറുകൾ പ്രകൃതി സൗഹൃദമാകുന്ന രീതിയിലാണ് സ്ഥാപിക്കുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com