ഇലയനങ്ങാത്ത പകൽ; തട്ടിമുട്ടി കലാശം
Mail This Article
തൃശൂർ∙ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തു പ്രഖ്യാപിച്ച കർഫ്യൂവിൽ ജില്ല ഏതാണ്ടു നിശ്ചലമായി. വൈകിട്ട് അഞ്ചുമണിയോടെ ആരോഗ്യപ്രവർത്തകർക്കു നന്ദി സൂചകമായി കൈ തട്ടിയും പാത്രങ്ങൾ കൂട്ടിമുട്ടിയും കർഫ്യൂവിനു കലാശം. എന്നിട്ടും നിരത്തുകളിലേക്ക് കാര്യമായി ആളിറങ്ങിയില്ല.
രാവിലെ മുതൽ നിരത്തുകൾ ശൂന്യമായിരുന്നു. ജംക്‌ഷനുകളിലും ആളനക്കമുണ്ടായില്ല. ഇടയ്ക്കിടെ കടന്നുപോയ സ്വകാര്യ വാഹനങ്ങൾ മാത്രമായിരുന്നു കാഴ്ച. തൃശൂർ നഗരത്തിലും ജില്ലയിലെ പ്രധാന ജംക്‌ഷനുകളിലുമെല്ലാം ഇതായിരുന്നു സ്ഥിതി. നിർദേശം മറികടന്നു നൂറുകണക്കിനു ജീവനക്കാരെ പ്രവേശിപ്പിച്ച രണ്ടു സ്ഥാപനങ്ങൾ കലക്ടർ ഇടപെട്ട് അടപ്പിച്ചു.
ആശുപത്രികളും ചില പെട്രോൾ പമ്പുകളും മരുന്നുകടകളും മാത്രമാണു പ്രവർത്തിച്ചത്.വീടുകൾ വൃത്തിയാക്കിയും നാട്ടുകാർ കർഫ്യൂവിനോടു സഹകരിച്ചു. പൊലീസും ആരോഗ്യവിഭാഗം ജീവനക്കാരും പൊതു ഇടങ്ങൾ വൃത്തിയാക്കി. കടകൾക്കു മുന്നിൽ കാവലിരുന്ന സെക്യൂരിറ്റി ജീവനക്കാരായിരുന്നു മറ്റൊരു കാഴ്ച.