തിരിച്ചുവന്നു, ആ പഴയ ചെരിപ്പുവണ്ടിക്കാലം!
Mail This Article
ആ പഴയ ചെരിപ്പുവണ്ടി!
ഇന്നത്തെപ്പോലെ കളിപ്പാടങ്ങളൊന്നുമില്ലാത്ത പഴയകാലമാണ്. ഞങ്ങളൊക്കെ ചെരിപ്പുവണ്ടികളാണ് ഉരുട്ടിക്കൊണ്ടിരുന്നത്. പഴയ ചെരിപ്പ് വട്ടത്തിൽ മുറിച്ച് ചക്രമുണ്ടാക്കും ഇതു ചേർത്ത് ഒരു കമ്പ്. പിന്നെ ഒരു നീളൻ വടിയുടെ അറ്റത്ത് ഉജാലക്കുപ്പി മുറിച്ചു ഘടിപ്പിച്ചൊരു തോട്ടി. അക്കാലം തിരികെ കിട്ടിയത് ഈ കോവിഡ് വീട്ടിലിരിപ്പു കാലത്താണ്.
മകന് ഒരു ചെരിപ്പുവണ്ടി ഉണ്ടാക്കിക്കൊടുത്തു. പിള്ളേർ ചുമ്മാ ഓടിച്ചു നടക്കട്ടേന്ന്.... ഹോൾസെയിൽ ലോട്ടറി കച്ചവടമാണ് എനിക്ക്. ഇപ്പോൾ ഫുൾ ടൈം വീട്ടിലിരിപ്പാണ്. സത്യത്തിൽ മക്കളോടൊത്തുള്ള ഈ സമയമാണ് എന്റെ ലോട്ടറി.
-കെ.ആർ നിഷാദ്, കല്ലിങ്ങപ്പുറം, കല്ലൂർ പൂണിശേരി.
ഞങ്ങളെല്ലാം മൊട്ട!
റിസോർട്ടിലായിരുന്നു എനിക്കു ജോലി. ജർമനിയിൽ നിന്ന് ആൾക്കാർ അവിടെ താമസിച്ചിരുന്നു. അതിനാൽ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ടി വന്നു.വീട്ടിലിരുന്നു ബോറടിച്ചപ്പോഴാണ് പിള്ളേർക്കു മുടി വെട്ടാറായി എന്നു കണ്ടത്. മക്കളായ ജോനാഥ്, ജോഹൻ എന്നിവരുടെ തല അവരുടെ അമ്മ സുബി മൊട്ടയടിച്ചു. ഞാനും തല മൊട്ടയടിച്ചു. രൂപ 300 ലാഭം!
-കെ.ജെ ജോമോൻ, കൊല്ലാറ വീട് കൈപ്പഞ്ചേരി ചെറുതുരുത്തി
കപ്പെറിഞ്ഞുള്ള കളി
വീട്ടുകാർക്കെല്ലാം ഒരുമിച്ചു ചെയ്യാൻ പറ്റുന്നൊരു വിനോദമാണ് കപ് ബോൾ ത്രോ ഗെയിമെന്ന് ഇപ്പോഴാണു മനസ്സിലായത്. മുതിർന്നവരും കുട്ടികളാകുന്ന കാലമാണ് ഈ കോവിഡ് കാലം. കുട്ടികളെ ബോറടിക്കാതെ ഇരുത്തണമെങ്കിൽ മാതാപിതാക്കളും കുട്ടികളാകണം.
-സോജൻ പി. ജോൺ, പള്ളിപ്പുറത്തുക്കാരൻ വീട്, ബ്രദേഴ്സ് ലെയിൻ, തൃശൂർ.
വർക്കൗട്ട് ഇപ്പോൾ ഒറ്റയ്ക്കല്ല
ബ്യൂട്ടിപാർലർ നടത്തുന്ന എനിക്ക് പലപ്പോഴും രാവിലെ നേരത്തെ പോകേണ്ടി വരും. മേയ്ക്കപ്പ് ഉണ്ടെങ്കിൽ പ്രത്യേകിച്ചും. അല്ലെങ്കിലും എട്ടരയോടെ സ്ഥലം വിടും. മകൾ അഡ്വിക പാറമേക്കാവ് വിദ്യാമന്ദിറിൽ പഠിക്കുന്നു. അവൾക്കും നേരത്തേ പോകണം. ഇപ്പോൾ വീട്ടിലിരിക്കാൻ തുടങ്ങിയതോടെ ഞാൻ രാവിലത്തെ വർക്കൗട്ടിനൊപ്പം മകളെയും കൂട്ടിത്തുടങ്ങി. സൂര്യനമസ്കാരവും മറ്റു വ്യായാമങ്ങളുമാണു ചെയ്യുന്നത്. മകളോടൊപ്പമുള്ള ഈ നിമിഷങ്ങൾ അവിസ്മരണീയമാണ്.
- ഐശ്വര്യ രാഗേഷ്, പ്ലാച്ചു പറമ്പിൽ, അവിണിശേരി