ADVERTISEMENT

തൃശൂർ∙ ‘സർ, കാൻസർ രോഗിയാണ്, കീമോതെറപ്പി മുടക്കാനാവില്ല. പാറളത്തു നിന്ന് തൃശൂർ മെഡിക്കൽ കോളജിലെത്തണമെങ്കിൽ 600 രൂപ ഓട്ടോക്കൂലി വേണം... സഹായിക്കാമോ’’

അഗ്നിരക്ഷാസേനയുടെ ഓഫിസിലേക്കാണ് ഓമനയുടെ വിളി വന്നത്. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പാറളം പഞ്ചായത്ത് 15–ാം വാർഡിൽ തെങ്ങിലാംപറമ്പിൽ  റപ്പായിയുടെ ഭാര്യ ഓമന (57)യുടെ വീട്ടിലെത്തി വിവരമന്വേഷിച്ചു. വാടകവീട്ടിലാണ് താമസം. ഭർത്താവ് സെക്യൂരിറ്റി ജോലി ചെയ്താണു കുടുംബം പുലർത്തുന്നത്.  സാമ്പത്തിക പരാധീനതയുടെമേൽ കടുത്ത ആഘാതമായാണ് കാൻസർ ഈ കുടുംബത്തെ തളർത്തിയതെന്നു മനസ്സിലാക്കി. 

പിറ്റേന്നു മുതൽ അഗ്നിരക്ഷാസേന  പാറളത്തു നിന്ന് മെഡിക്കൽ കോളജിലേക്കുള്ള ഓമനയുടെ യാത്രകൾ ഏറ്റെടുത്തു. 72 കിലോമീറ്ററാണ് ഇരുവശത്തേക്കുമായി ദൂരം. സേനയുടെ ആംബുലൻസിൽ യാത്ര ചെയ്യുമ്പോൾ  കീമോതെറപ്പിയാത്രയുടെ ദുരവും ക്ഷീണവും  ഓമന അറിയുന്നതേയില്ല. തെറപ്പി കഴിയുന്നതുവരെ ഉദ്യോഗസ്ഥർ ആശുപത്രിക്കു പുറത്തു കാത്തു നിൽക്കും. തിരികെ വീട്ടിൽ കൊണ്ടുപോയി വിടും. 

 

15 ദിവസത്തെ  യാത്രയുടെ മുഴുവൻ ചുമതല സ്റ്റേഷൻ ഓഫിസർ വിജയ് കൃഷ്ണയുടെ നിർദേശപ്രകാരം അഗ്നിരക്ഷാ ഉദ്യോഗസ്ഥർ ഏറ്റെടുത്തിരിക്കുകയാണ്.  ഇനി 10 ദിവസം കൂടി ഈ കാരുണ്യയാത്ര തുടരും.ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഡ്രൈവർ കെ.എൽ. എഡ്വേർഡ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പോൾ ഡേവിഡ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ നിതിൻ വിൻസെന്റ് എന്നിവരാണ് ഈ കാരുണ്യ പ്രവർത്തിയുടെ ചുമതലക്കാർ.

ഈ നിർധന കുടുംബത്തിന് ആരെങ്കിലും സ്ഥലം കണ്ടെത്തി നൽകിയാൽ വീടു വച്ചു നൽകാനുള്ള ഒരുക്കത്തിലാണ് കേരള  ഫയർ ഡ്രൈവേഴ്സ് ആൻഡ് മെക്കാനിക്കൽ അസോസിയേഷൻ തൃശൂർ യൂണിറ്റ് കമ്മിറ്റി. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ഫയർമാൻ ഡ്രൈവർ വിനോദ് കുമാറിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചാണു വീടു നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com