ആനമല പാതയിൽ നാഗശലഭം വിരുന്നെത്തി
Mail This Article
അതിരപ്പിള്ളി ∙ ചിറകിലെ വിസ്മയ കാഴ്ചയുമായി നാഗശലഭം വിരുന്നെത്തി. ആനമല പാതയിൽ ഷോളയാർ കെഎസ്ഇബി ഡാം ഗേറ്റിനു സമീപത്താണ് ഈ അപൂർവ ശലഭത്തെ യാദൃശ്ചികമായി കണ്ടത് . അപ്രതീക്ഷിതമായി അതുവഴി വന്ന യാത്രക്കാരെ ആശ്ചര്യപ്പെടുത്തി ശലഭത്തിന്റെ ചിറകനക്കം കൗതുകം പകർന്നു. പകൽ അടങ്ങിയിരിക്കുന്ന ഇവ രാത്രിയിലാണ് സഞ്ചാരം. അതിനാൽ നിശാശലഭം എന്നാണിതിനെ ശാസ്ത്രലോകം പരിചയപ്പെടുത്തുന്നത്.
ചിറകിന്റെ അഗ്രഭാഗങ്ങൾ മൂർഖൻ പാമ്പിന്റെ തലയോട് സാദൃശ്യമുള്ളതിനാൽ അറ്റ്ലസ് കോബ്ര മോത്ത് എന്ന പേരിലാണ് ഇവ അറിയപ്പെടുന്നു. ഇന്ത്യയിൽ കണ്ടുവരുന്നതിൽ ഏറ്റവും വലിപ്പം കൂടിയ ശലഭമാണിത്. രണ്ടാഴ്ച ആയുസ്സുള്ള ഇവ ലാർവ അവസ്ഥയിൽ മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇവയെ കാണുന്നത്. അതിജീവനത്തിന്റെ ഭാഗമായുളള ചിറകുകളിലെ ഉഗ്രരൂപം പ്രത്യുൽപാദന പ്രക്രിയ പൂർത്തിയാകുന്നതോടെ പൊഴിയും.