ആനപ്പുറമേറി കണ്ണൻ; ഉള്ളുനിറഞ്ഞ് ഭക്തർ
Mail This Article
ഗുരുവായൂർ ∙ പുറത്തെ ദീപസ്തംഭത്തിനരികിൽ ദർശന പുണ്യമേകി കണ്ണൻ. മാസങ്ങളായി ഭക്തർക്കു പ്രവേശനമില്ലാത്തതിനാൽ ക്ഷേത്രത്തിലെ ശീവേലി എഴുന്നള്ളിപ്പു സമയത്താണു മിന്നായംപോലെ കണ്ണനെ കാണാൻ അവസരമൊരുങ്ങുന്നത്. ദിവസവും ശീവേലി എഴുന്നള്ളിപ്പു കിഴക്കും പടിഞ്ഞാറും നടയിലെത്തിയാൽ ആനപ്പുറത്തു കണ്ണന്റെ തങ്കത്തിടമ്പ് ഭക്തർക്കു നേരെ ഉയർത്തിക്കാട്ടും. സ്വർണശ്രീലകത്തു കണ്ണൻ പുഞ്ചിരി തൂകുന്നതു കാണാൻ കഴിയുന്നില്ലെങ്കിലും ശീവേലിസമയത്തു തെല്ലുനേരമെങ്കിലും ദർശനഭാഗ്യം ലഭിക്കാൻ ഭക്തർ കാത്തുനിൽക്കുന്നതു പതിവായി.
ക്ഷേത്രത്തിൽ മാർച്ച് ആദ്യ വാരംതന്നെ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പിന്നീടു ദീപസ്തംഭത്തിനപ്പുറത്തേക്കു ഭക്തരെ കടത്തിയിട്ടില്ല. കണ്ണനെ കാണാനെത്തി വേദനയോടെ മടങ്ങുന്ന ഭക്തരെ കണ്ടു കീഴ്ശാന്തി കിഴിയേടം വാസുണ്ണി നമ്പൂതിരിയും കൊടയ്ക്കാട് ശശി നമ്പൂതിരിയുമാണു നിത്യശീവേലി സമയത്തു തങ്കത്തിടമ്പ് പുറത്തേക്ക് ഉയർത്തിക്കാട്ടാൻ തുടങ്ങിയത്.
ഇപ്പോൾ ദിവസവും നിത്യശീവേലിയുടെ 3 പ്രദക്ഷിണ സമയത്തും കണ്ണനെ ഒരുനോക്കു കാണാൻ ഭക്തർ കാത്തുനിൽക്കുന്നു. കർശന നിയന്ത്രണത്തോടെയാണു ദീപസ്തംഭം വരെ ഭക്തരെ കടത്തിവിടുന്നതും തൊഴാൻ അനുവദിക്കുന്നതും. ശീവേലി പ്രദക്ഷിണത്തിനിടെ കിഴക്ക്, പടിഞ്ഞാറ് നടകളിൽ എഴുന്നള്ളിപ്പു തെല്ലൊന്നു നിർത്തുന്നതു നേരത്തെ പതിവുള്ളതാണ്. അതു ഭക്തർക്കിപ്പോൾ അനുഗ്രഹമായി മാറി.