ADVERTISEMENT

തൃശൂർ ∙ 22 മീറ്റർ താഴ്ച, വെള്ളപ്പാച്ചിൽ സൃഷ്ടിക്കുന്ന മർദം, ഷട്ടറിന്റെ ഭാരം. പീച്ചി ഡാമിന്റെ സ്ലൂസ് തകരാർ പരിഹരിക്കാൻ ശ്വാസംവിടാതെ പ്രയത്നിക്കുന്ന നാവികസേന സംഘത്തിനും മുങ്ങൽ വിദഗ്ധ സംഘത്തിനും വെല്ലുവ‍ിളികളേറെ. ചേർപ്പിൽ നിന്നുള്ള ഈഗിൾ ടെക് സർവീസ് സ്കൂബ ടീം ത‍ിങ്കളാഴ്ച രാത്രി 12 വരെ എമർജൻസി ഷട്ടർ അടയ്ക്കാൻ ശ്രമിച്ചെങ്കിലും ഒരു മരക്കൊമ്പ് തടഞ്ഞുനിൽക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ഇതു നീക്കിയതടക്കം ഇന്നലെ സംഭവിച്ച കാര്യങ്ങൾ ഇങ്ങനെ: 

ആ മരക്കൊമ്പ്

ഷട്ടറിലേക്കുള്ള ഗാഡിയിലാണ് മരക്കൊമ്പ് തടഞ്ഞുനിൽക്കുന്നതായി കണ്ടത്. സി.ഐ. ഷാനവാസ്, കെ.എ.ഷഫീർ, വി.എസ്. ബിപിൻ എന്നിവരടങ്ങുന്ന സ്കൂബ സംഘം ഇറങ്ങി കമ്പി ഉപയോഗിച്ചു മരക്കൊമ്പ് കുത്തിനീക്കി. 3 മീറ്റർ നീളവും 6 ഇഞ്ച് കനവുമുള്ളതായിരുന്നു മരക്കൊമ്പ്. തടസ്സം നീങ്ങിയതോടെ ഷട്ടറിനു മുകളിൽ ഭാരം കയറ്റി താഴേക്ക്  ഇറക്കാനുള്ള ശ്രമം തുടങ്ങി. രാവിലെ 10 .30 ന് 250 കിലോ ഇരുമ്പ്, ഷട്ടറിൽ വെൽഡ് ചെയ്തതിനു ശേഷം ദൗത്യം തുടങ്ങി. നാവികസേനയുടെ മേൽനോട്ടത്തിലായിരുന്നു ഇത്. വെള്ളത്തിലിറങ്ങിയ സേനാംഗങ്ങൾ വെള്ളത്തിന്റെ മർദം പരിശോധിച്ചുറപ്പാക്കി. ദൗത്യം ക്യാമറയിൽ പകർത്തി. ഭാരം കയറ്റിയിട്ടും കുറച്ചു ദൂരം മാത്രമേ ഷട്ടർ താഴ്ന്നുള്ളൂ. 

വീണ്ടും ഭാരം

ഉച്ചയോടെ ഷട്ടറിനു മുകളിലെ ഭാരം 500 കിലോ ആക്കി വെൽഡ് ചെയ്തുറപ്പിച്ചു. എന്നിട്ടു ഷട്ടർ 18 മീറ്റർ വരെ താഴെയെത്തിച്ചു. വൈകിട്ട് 5ന് ഒരു മണിക്കൂർ വലതുകര കനാൽ തുറന്നുവിട്ടു. വൈകുന്നേരത്തോടെ ഷട്ടർ അടയ്ക്കുന്നതിനുള്ള പൂർണ ചുമതല നാവിക സേനാംഗങ്ങൾ ഏറ്റെടുത്തു. 6 മണിക്കു 19.61 മീറ്റർ താഴ്ചയിൽ വരെ വരെ ഷട്ടർ എത്തിച്ചു. 22 മീറ്ററിൽ എത്തിയാൽ സ്ളൂസ് അടയും. രണ്ടുദിവസമായി പത്തോളം പേരുടെ നേതൃത്വത്തിൽ ഷട്ടറുകൾക്കു മുകളിൽ ഉരുക്കുവടം ഉപയോഗിച്ച് എമർജൻസി ഷട്ടർ ഉയർത്താനും താഴ്ത്താനും ഉള്ള ശ്രമം നടക്കുകയാണ്. 100ലധികം തവണ ഇത്തരത്തിൽ മുകളിലേക്കും താഴേക്കും ഷട്ടർ വലിച്ചു താഴ്ത്തുകയും മുകളിലേക്ക് കയറ്റുകയും ചെയ്തു.  

പെരിങ്ങൽകുത്ത്  ഡാമിൽ നിന്നുള്ള  വെള്ളം കുറച്ചു

അതിരപ്പിളളി ∙ പെരിങ്ങൽകുത്ത് ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകൾ അടച്ച് പുഴയിലേക്കുള്ള ഒഴുക്ക് നിയന്ത്രിച്ചു. ഇപ്പോൾ ഒരു സ്ലൂസ് ഗേറ്റു വഴി സെക്കൻഡിൽ 1.9 ലക്ഷം ലീറ്റർ വെള്ളം മാത്രമാണു വിടുന്നത്.  ഡാമുകളിൽ നിന്നുള്ള ഒഴുക്ക് നിലച്ചതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു. എന്നാൽ പുഴയുടെ സമീപത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഡാം സുരക്ഷാ വിഭാഗം അറിയിച്ചു. അപ്പർ, ലോവർ ഷോളയാർ ഡാമുകളുടെ ഷട്ടറുകളും നേരത്തെ അടച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com