ADVERTISEMENT

തൃശൂർ ∙ നാവികസേനയും മുങ്ങൽ വിദഗ്ധരും അഹോരാത്രം പ്രയത്നിച്ചിട്ടും പീച്ചി ഡാമിനുള്ളിൽ സ്ലൂസ് ഗേറ്റിലെ തകരാർ പരിഹരിക്കാനായില്ല. ചോർച്ച തുടരുന്നു. എമർജൻസി ഷട്ടർ അടച്ചു ചോർച്ച തടയാനുള്ള ശ്രമം രണ്ടു രാത്രിയും ഒരു പകലും പിന്നിട്ടു.  തിങ്കളാഴ്ച ഉച്ചയ്ക്കു മൂന്നു മണിയോടെയാണ് ഡാമിലെ സ്ലൂസ് വാൽവ് തകരാറിലായത്. ഡാമിന്റെ ഉപരിതലത്തിൽ നിന്ന് 22 മീറ്റർ താഴ്ചയിലാണ് സ്ലൂസും എമർജൻസി ഷട്ടറും. 1.2 മീറ്റർ വ്യാസമുള്ളതാണ് സ്ലൂസ്. 1.6 മീറ്റർ വിസ്തീർണമുള്ള ഷട്ടർ ഉപയോഗിച്ചാണ് സ്ലൂസ് അടയ്ക്കേണ്ടത്. വൈദ്യുതോൽപാദന കേന്ദ്രത്തിലേക്കു വെള്ളം സ്ലൂസിലൂടെ തുറന്നുവിട്ടതിനു പിന്നാലെയാണ് വാൽവ് തള്ളിപ്പോയത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചുമുതൽ സ്ലൂസ് അടയ്ക്കാൻ ചേർപ്പിൽ നിന്നുള്ള സ്കൂബ സംഘം വെള്ളത്തിലിറങ്ങി ശ്രമം തുടങ്ങിയിരുന്നു.  ഷട്ടറിനോടു ചേർന്നു മരക്കഷണം തങ്ങിനിന്നതു തടസ്സമായി. രാത്രി 12 വരെ മരക്കഷണം നീക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇന്നലെ രാവിലെ 8നു വീണ്ടും ഇതേ സംഘം തന്നെ തന്നെ വീണ്ടും ഇറങ്ങി മരക്കൊമ്പ് പൊട്ടിച്ചുനീക്കി.  ഷട്ടർ താഴേക്ക് ഇറക്കി നോക്കിയെങ്കിലും ജലമർദം കാരണം സാധിച്ചില്ല. ഷട്ടറിനു മുകളിൽ 2 ക്വിന്റൽ ഭാരം കയറ്റിവച്ചു താഴേക്കു നീക്കാൻ ശ്രമിച്ചു. ആദ്യം 18 മീറ്ററിലേക്കും പിന്നീടു 19.6 ലേക്കും ഷട്ടർ താഴ്ന്നു. എന്നാൽ 22 മീറ്ററിലേക്കു പൂർണമായി താഴ്ത്താനായില്ല. 12 അംഗ നാവിക സേനാ സംഘവും വെള്ളത്ത‍ിലിറങ്ങി ശ്രമം തുടങ്ങി.  രാത്രി വൈകിയും ദൗത്യം തുടരുന്നു. മർദം കുറയ്ക്കാൻ ഒരു മണിക്കൂറോളം വലതുകര കനാലിലൂടെ വെള്ളം തുറന്നുവിട്ടു. 

തകരാർ ഉടൻ പരിഹരിക്കും: മന്ത്രി

തൃശൂർ ∙ പീച്ചി ഡാമിലെ സ്ലൂസ് വാൽവ് തകരാർ ഉടൻ പരിഹരിക്കുമെന്നു മന്ത്രി കെ. കൃഷ്ണൻകുട്ടി. ഡാം സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരണം.  ഷട്ടർ അടച്ച ശേഷം വാൽവ് ഊരി അറ്റകുറ്റപ്പണി നടത്തും. ഡാം പരിപാലിച്ചു പരിസര പ്രദേശം ടൂറിസം വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ പഠന സമിതി രൂപീകരിക്കാനും പദ്ധതിയുണ്ടെന്നു മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com