സ്കൂബ ടീം ഷട്ടർ എമർജൻസി അടച്ചു; ഡാമിനടിയിലെ വാൾവു തകർന്ന ടണലിലൂടെ വെള്ളം,നാവികസേന പരിശോധന
Mail This Article
പീച്ചി∙എമർജൻസി ഷട്ടർ അടച്ചിട്ടും ഡാമിനടിയിലെ വാൾവു തകർന്ന ടണലിലൂടെ വെള്ളം വരുന്നതു തടയാനായില്ല. കെഎസ്ഇബി ഓഫിസ് കെട്ടിടം ഒഴുക്കിന്റെ ശക്തിയിൽ തകരാതിരിക്കാൻ വെള്ളം തിരിച്ചു വിടാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. വൈദ്യുത ഉൽപാദന കേന്ദ്രത്തിലേക്കും വലതുകര കനാലിലേക്കും വെള്ളമെത്തിക്കുന്ന ടണലിലെ സ്ലൂസ് വാൾവു തിങ്കളാഴ്ച ഉച്ചയ്ക്കാണു തകർന്നത്.
ജല നിരപ്പിൽ നിന്നു 22 മീറ്റർ താഴെയാണ് ഈ ടണൽ. അടിയന്തര സാഹചര്യത്തിൽ സ്ലൂസിനു മുന്നിലെ എമർജൻസി ഷട്ടർ അടച്ചാണു ഒഴുക്കു തടയുക. ഇതുചെയ്തു വാൾവു മാറ്റാമെന്നായിരുന്നു പ്രതീക്ഷ. ഇന്നലെ ഷട്ടർ അടച്ചെങ്കിലും സ്ലൂസിലൂടെയുള്ള വെള്ളമൊഴുക്ക് നിലച്ചില്ല. 1.2 മീറ്റർ വ്യാസമുള്ളതാണു സ്ലൂസ് വാൾവ്.
1.6 മീറ്റർ വിസ്തീർണമുള്ള ലോഹം ഷട്ടറാണ് സ്ലൂസിനു മുന്നിലുള്ളത്. തിങ്കളാഴ്ച രാത്രിയാണു സ്കൂബ ടീമംഗങ്ങൾ ഷട്ടർ അടയ്ക്കാൻ ശ്രമം തുടങ്ങിയത്. ചൊവ്വാഴ്ച രാവിലെ മുതൽ നാവികസേന ടീമംഗങ്ങളും എത്തി. ഏറെ ശ്രമിച്ച് 22 മീറ്റർ താഴേക്കു ഷട്ടർ ഇറക്കി.
20 സെന്റീമീറ്റർ കൂടി അടയ്ക്കാനുണ്ട്. ഇത്ര ചെറിയ വിടവിലൂടെ വെള്ളം വന്നാലും കുഴപ്പമുണ്ടാൻ പാടില്ലാത്തതാണ്. നാവികസേന ഇന്നു വീണ്ടും പരിശോധന തുടങ്ങും. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു കെഎസ്ഇബി ഓഫിസിന്റെ ഭാഗത്തേക്കുള്ള വെള്ളം പുഴയിലേക്കു തിരിച്ചു വിടാനാണു ശ്രമിക്കുന്നത്. ഇതിനായി ഇവിടെയുള്ള മതിൽ പൊളിച്ചു നീക്കി.