പീച്ചി ഡാമിലെ എമർജൻസി ഷട്ടർ അടച്ചു; ചോർച്ച 5% മാത്രം ബാക്കി
Mail This Article
പീച്ചി ∙ 5 ദിവസം നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ പീച്ചി ഡാമിലെ എമർജൻസി ഷട്ടർ അടച്ചു. സ്ലൂസിലൂടെയുള്ള ജലച്ചോർച്ച 95% പരിഹരിച്ചു. വാൽവിനുണ്ടായ തകരാർ പരിഹരിക്കാൻ അറ്റകുറ്റപ്പണികളും തുടങ്ങി. സ്ലൂസ് വാൽവിലെ തകരാർ മൂലം തിങ്കൾ ഉച്ചയ്ക്കു 3.12 ന് ആരംഭിച്ച ചോർച്ചയാണ് ഇന്നലെ വൈകിട്ട് 5.30 ന് അവസാനിച്ചത്. ചേർപ്പിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരുടെ സംഘവും നാവികസേനാ സംഘവും യോജിച്ചാണ് തകരാർ പരിഹരിച്ചത്. ചോർച്ച പരിഹരിക്കാൻ എമർജൻസി ഷട്ടർ അടയ്ക്കുകയെന്ന ജലസേചന വകുപ്പിന്റെ തീരുമാനമാണ് നിർണായകമായത്. 3 ടൺ ഭാരമുള്ള എമർജൻസി ഷട്ടറിനു മുകളിൽ 500 കിലോഗ്രാം ഭാരം കയറ്റിയാണ് അടയ്ക്കാൻ ശ്രമിച്ചത്.
എന്നാൽ, 15 സെന്റീ മീറ്ററോളം വലിപ്പമുള്ള വിടവിലൂടെ ജലച്ചോർച്ച തുടർന്നു. വീണ്ടും 750 കിലോ ഭാരം കൂടി വെൽഡ് ചെയ്തു പിടിപ്പിച്ചാണ് ക്രെയിനിന്റെ സഹായത്തോടെ ഷട്ടർ അടച്ചത്. ഇന്നലെ വൈകിട്ട് 3 മണിയോടെ വിടവിന്റെ വലിപ്പം 6 സെന്റീമീറ്ററായി കുറയ്ക്കാനായി. വൈകിട്ട് 5.30 ന് ഷട്ടർ പൂർണമായി അടച്ചു. നേരിയ ചോർച്ച മാത്രമേ ഇപ്പോഴുള്ളൂ. ജലസേചന വകുപ്പ് – കെഎസ്ഇബി ജീവനക്കാർ എത്തി വാൽവിന്റെ തകരാർ പരിശോധിച്ചു. ഇതു പരിഹരിച്ച ശേഷം എമർജൻസി ഷട്ടർ വീണ്ടും ഉയർത്തും. വാൽവ് തള്ളിപ്പോകാനിടയായ സാഹചര്യത്തെക്കുറിച്ചു കൂടുതൽ പരിശോധന വേണ്ടിവരും.