കൊരട്ടി മുത്തിയുടെ തിരുനാൾ ഇന്ന്
Mail This Article
കൊരട്ടി ∙ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ കൊരട്ടി മുത്തിയുടെ തിരുനാൾ ഇന്ന്. വർഷത്തിലൊരിക്കൽ മാത്രം പുറത്തിറക്കുന്ന മുത്തിയുടെ തിരുരൂപം രാവിലെ 5ന് പൊതുവണക്കത്തിനായി മദ്ബഹയിൽ നിന്നു പുറത്തേക്കെടുക്കും. പള്ളിക്കു പുറത്തുള്ള രൂപപ്പുരയിൽ വയ്ക്കുന്നതിനു പകരം ഇപ്രാവശ്യം അൾത്താരയിലാണു വയ്ക്കുക. 25 പേർക്കു മാത്രം പ്രവേശനം അനുവദിക്കും. കുർബാനകളുടെ സമയത്തും വിശ്വാസികൾക്കു പ്രവേശനമുണ്ടാകില്ല. ചടങ്ങുകൾ ഓൺലൈനിലും സമൂഹമാധ്യമങ്ങൾ വഴിയും തത്സമയം സംപ്രേഷണം ചെയ്യും. കുർബാനകൾക്കു ശേഷമുള്ള ഇടവേളകളിൽ പള്ളിയിലെത്തുന്നവർക്കു രൂപം വണങ്ങാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
രൂപം എഴുന്നള്ളിപ്പിനു ശേഷം നടക്കുന്ന കുർബാനയിൽ ഫാ. ജിമ്മി പൂച്ചക്കാട്ട് സന്ദേശം നൽകും.10.30നു തിരുനാൾ കുർബാനയ്ക്ക് ഫാ. ജോയ് ഐനിക്കാടനും 2.30നു പാട്ടുകുർബാനയ്ക്ക് ഫാ. ജോബി കാവുങ്കലും കാർമികത്വം വഹിക്കും. രാത്രി 8നു മുത്തിയുടെ രൂപം തിരികെ വയ്ക്കും. ഇത്തവണ പൂവൻകുല സമർപ്പണം അടക്കമുള്ള നേർച്ചകൾ ഉണ്ടാകില്ല. പ്രദക്ഷിണവും പരമ്പരാഗത അനുഷ്ഠാനമായ പാക്കനാർ നൃത്തവും ഉണ്ടാകില്ല. ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും പരിശോധനയ്ക്കു ശേഷം ഒരേ സമയം പരാമവധി 20 പേർക്കു മാത്രം പ്രവേശനം. 2 കവാടങ്ങൾ മാത്രമേ തുറക്കൂ.