അപ്പൻ തമ്പുരാൻ മ്യൂസിയം;അഥവാ അവഗണനയുടെ സ്മാരകം
Mail This Article
തൃശൂർ ∙ തറക്കല്ലിട്ട് ഒരു പതിറ്റാണ്ട് പൂർത്തിയാകുമ്പോഴും അപ്പൻ തമ്പുരാൻ മ്യൂസിയം സമുച്ചയ നിർമാണത്തിന് അനക്കമില്ല. ഇന്ന് അപ്പൻ തമ്പുരാന്റെ 79–ാം ചരമ വാർഷിക ദിനമാണ്. അദ്ദേഹത്തിന്റെ പേരിലുള്ള റഫറൻസ് ലൈബ്രറി മാറ്റി സ്ഥാപിക്കുന്നതിനുള്ള തീരുമാനം ഇപ്പോഴും നിർമാണത്തിലേക്കു വഴിതുറന്നിട്ടില്ല. കോടതി സമുച്ചയത്തിന് എതിർവശത്ത് അപ്പൻ മ്യൂസിയത്തോടു ചേർന്ന് അക്കാദമിക്ക് സർക്കാർ 34 സെന്റ് സ്ഥലം കൈമാറിയിട്ട് വർഷം 9 ആയി. 2016ൽത്തന്നെ ഇവിടെ ബേസ്മെന്റ് ഉൾപ്പെടെ 4 നില കെട്ടിടം സ്ഥാപിക്കാൻ അക്കാദമി തീരുമാനിച്ചെങ്കിലും സ്ഥലം ഇപ്പോൾ പാർക്കിങ് ഏരിയ ആണ്.
കെട്ടിട നിർമാണത്തിനുള്ള അനുമതിയും കോസ്റ്റ്ഫോർഡ് കെട്ടിടത്തിന്റെ രൂപരേഖയും തയാറാക്കിയിട്ടാണ് ഇപ്പോഴും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാതിരിക്കുന്നത്. പഴയ കെട്ടിടത്തിൽ അപ്പൻ തമ്പുരാൻ മ്യൂസിയം നിലനിർത്തി, വിദ്യാർഥികൾക്കും ഗവേഷക വിദ്യാർഥികൾക്കും സൗകര്യപ്രദമായി റഫറൻസ് ലൈബ്രറി ഉപയോഗിക്കാൻ പുതിയ കെട്ടിടം നിർമിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ബേസ്മെന്റ് ഏരിയയിൽ ബുക്ക് സ്റ്റാൾ, തൊട്ടു മുകളിൽ ഓഡിറ്റോറിയം, ഏറ്റവും മുകളിലത്തെ നിലയിൽ മിനി ഓഡിറ്റോറിയം എന്നിവയാണ് പദ്ധതിയിലുള്ളത്.
മധ്യത്തിൽ ആണ് ഗവേഷക വിദ്യാർഥികൾക്ക് ഉപകാരപ്പെടുന്ന റഫറൻസ് ലൈബ്രറിയും മ്യൂസിയവും. 5 കോടി രൂപ പ്രത്യേക ഫണ്ട് ആയി വേണ്ടി വരുമെന്നാണു കണക്കാക്കിയത്. പക്ഷേ, ഒരു രൂപ പോലും ഫണ്ട് ലഭിച്ചില്ല. അടുത്ത ബജറ്റിലെങ്കിലും പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അക്കാദമി.അക്കാദമിക്ക് സ്ഥലം നേരത്തേ പതിച്ചു നൽകിയിരുന്നെങ്കിലും നിർമാണ പ്രവർത്തനങ്ങൾ നടത്താതിരുന്നതിനാൽ അത് റദ്ദ് ചെയ്തിരുന്നു. പിന്നീട് 2015ലാണ് വീണ്ടും പതിച്ചു നൽകിയത്. കഴിഞ്ഞ വർഷം മന്ത്രി എ.കെ.ബാലൻ കെട്ടിട നിർമാണത്തിനു തുക അനുവദിക്കാമെന്നു അക്കാദമി ഭാരവാഹികൾക്ക് ഉറപ്പു നൽകിയിരുന്നതാണ്.