തീരുമാനമാവാതെ തൃശൂർ കോർപറേഷൻ; ഭരണം ആദ്യം ഊഴം ആർക്ക്
Mail This Article
തൃശൂർ∙ മേയർ പദവിയിലേക്കുള്ള വഴിയിൽ കുരുക്ക്. ആദ്യ 2 വർഷമെങ്കിലും മേയർ പദവി കിട്ടിയില്ലെങ്കിൽ എൽഡിഫിനോടു സഹകരിക്കില്ലെന്ന നിലപാടിൽ സ്വതന്ത്രനായ എം.കെ.വർഗീസ് ഉറച്ചു നിൽക്കുമെന്നറിയുന്നു. ആദ്യം പാർട്ടി മേയർ വരണമെന്നാണു സിപിഎം നിലപാട്. ആരു ഭരിക്കുമെന്നോ ആരു മേയറാകുമെന്നോ ഇനിയും തീരുമാനമായില്ല.5 വർഷത്തേക്കു മേയർസ്ഥാനം നൽകാമെന്നു യുഡിഎഫ് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഒരംഗത്തിന്റെകൂടി പിന്തുണയില്ലാതെ താൻ യുഡിഎഫിനെ തുണയ്ക്കുന്നതിൽ കാര്യമില്ലെന്നാണു വർഗീസിന്റെ നിലപാട്.
54 അംഗ കൗൺസിലിൽ എൽഡിഎഫിനു 24ഉം യുഡിഎഫിനു 23ഉം അംഗങ്ങളുണ്ട്. ബിജെപിക്ക് 6 അംഗങ്ങളും. വർഗീസ് ഒരു മുന്നണിയിലും പെടാത്ത സ്വതന്ത്രനാണ്. തന്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ മേയർ പദവിയിലേക്ക് ആരുടെ കൂടെയും പോകില്ലെന്നാണു വർഗീസ് ഒപ്പമുള്ളവരെ അറിയിച്ചിരിക്കുന്നത്.
മേയർ പദവി വാദ്ഗാനവുമായി ഇടതുമുന്നണി പിന്തുണയോടെ ജയിച്ച രണ്ടു സ്വതന്ത്രരുമായി യുഡിഎഫ് ചർച്ച നടത്തി. എന്നാൽ, മുന്നണി വിടാൻ താൽപര്യമില്ലെന്നാണ് ഇരുവരും അറിയിച്ചത്. എം.കെ.വർഗീസിന് ആദ്യ ഘട്ടത്തിൽ മേയർ പദവി നൽകില്ലെന്ന നിലപാടിൽനിന്നു എൽഡിഎഫ് മാറില്ലെന്നാണു സൂചന. ഇക്കാര്യം ഇടനിലക്കാരോടു വ്യക്തമാക്കിയിട്ടുണ്ട്. 2 വർഷത്തിനു ശേഷം വർഗീസിനെ പരിഗണിക്കും. തിരഞ്ഞെടുപ്പു മാറ്റിവച്ച പുല്ലഴിയിൽ ജയിച്ചാൽ വർഗീസിന്റെ പിന്തുണ വേണ്ട എന്ന അവസ്ഥ വന്നാൽപ്പോലും മേയർ പദവി നൽകാമെന്നും പറഞ്ഞിട്ടുണ്ട്.
മേയർ പദവി നൽകാമെന്ന യുഡിഎഫ് വാഗ്ദാനം എൽഡിഎഫ് സ്വതന്ത്ര കൗൺസിലർ എം.എൽ.റോസി നിരസിച്ചു. താൻ എൽഡിഎഫിനുള്ള പിന്തുണയിൽനിന്നു മാറില്ലെന്നും വിജയിച്ചു കഴിഞ്ഞ ശേഷം അത്തരം നിലപാടെടുക്കുന്നതല്ല തന്റെ രാഷ്ട്രീയമെന്നും റോസി മനോരമയോടു പറഞ്ഞു.വർഗീസുമായി തുടർച്ചയായി ചർച്ച നടത്തുകയോ സമ്മർദം ചെലുത്തുകയോ വേണ്ടെന്നാണു എൽഡിഎഫ് നിലപാട്. കാരണം, യുഡിഎഫിൽ പോയാൽപ്പോലും വർഗീസിനു നറുക്കെടുപ്പിലൂടെ മാത്രമേ മേയറാകാനാകൂ. അത്തരമൊരു പരീക്ഷണത്തിനു വർഗീസ് മുതിരില്ലെന്നവർ കരുതുന്നു. ആദ്യം വർഗീസിനെ മേയറാക്കണോ എന്നതിൽ അവസാന തീരുമാനം എൽഡിഎഫ് സംസ്ഥാന ഘടകമാണു തീരുമാനിക്കുക. ജില്ലാ ഘടകം അടുത്ത ആഴ്ച തീരുമാനം സംസ്ഥാന ഘടകത്തെ അറിയിക്കും.