വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തി, പ്രസിഡന്റ് പദവിയിലേക്ക് പ്രിൻസിപ്പൽ വരുന്നു
Mail This Article
കൊണ്ടാഴി∙ മായന്നൂർ കൊറ്റുവീട്ടിൽ ശശിധരൻ (56) പ്രിൻസിപ്പൽ കസേരയിൽ നിന്നു പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക്. ഒറ്റപ്പാലം വരോട് കെപിഎസ് മേനോൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലാണു ശശിധരൻ. മേയ് 31ന് വിരമിക്കും. 3 പതിറ്റാണ്ടു കാലം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇത്തവണ 4–ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായാണു വിജയിച്ചത്. 95–2000 കാലഘട്ടത്തിൽ ഇതേ വർഡിലെ ജനപ്രതിനിധിയായിരുന്നു. 20 വർഷത്തിനു ശേഷം ഇത്തവണ ശശിധരനിലൂടെയാണു യുഡിഎഫിനു വാർഡിൽ വിജയിക്കാനായത്. യുഡിഎഫിനു ഭരണം ലഭിച്ചതോടെ പ്രസിഡന്റ് പദവിയിൽ ശശിധരനാണെന്ന് ഉറപ്പായി.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണനെ പരാജയപ്പെടുത്തി ഒറ്റപ്പാലം എൻഎസ്എസ് കോളജിലെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായിട്ടുണ്ട്. ഏറെക്കാലം മാധ്യമ പ്രവർത്തകനായിരുന്നു. കർഷകനും മായന്നൂർ തൃളക്കോട് ക്ഷേത്ര സമിതിയുടെ സെക്രട്ടറിയുമാണ്.