ചാവക്കാട്ട് ഷീജ അധികാരമേറ്റു; മുബാറക് ഉപാധ്യക്ഷൻ
Mail This Article
ചാവക്കാട്∙ നഗരസഭ അധ്യക്ഷയായി എൽഡിഎഫിലെ സിപിഎം അംഗം ഷീജ പ്രശാന്തിനെ തിരഞ്ഞെടുത്തു. ഉപാധ്യക്ഷനായി സിപിഎമ്മിലെ കെ.കെ.മുബാറക്കിനെയും തിരഞ്ഞെടുത്തു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ഇരുവർക്കും 23 വോട്ടുകൾ വീതം ലഭിച്ചു. എതിർ സ്ഥാനാർഥികളായ യുഡിഎഫിലെ കോൺഗ്രസ് അംഗങ്ങൾക്ക് 09 വോട്ടുകൾ വീതവും ലഭിച്ചു. യുഡിഎഫിലെ കോൺഗ്രസ് അംഗം ഷാഹിദ മുഹമ്മദാണ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചത്. മുഹമ്മദ് അൻവർ ഷീജയുടെ പേര് നിർദേശിച്ചു. പി.കെ.രാധാകൃഷ്ണൻ പിന്താങ്ങി. വി.ജെ.ജോയ്സി ഷാഹിദയുടെ പേര് നിർദേശിക്കുകയും ബേബി ഫ്രാൻസിസ് പിന്താങ്ങുകയും ചെയ്തു. ഉപാധ്യക്ഷ സ്ഥാനത്തേക്ക് കെ.കെ.മുബാറക്കിന്റെ പേര് പി.എസ്.അബ്ദുൽ റഷീദ് നിർദേശിച്ചു. പ്രസന്ന രണദിവെ പിന്താങ്ങി. യുഡിഎഫ് സ്ഥാനാർഥി കെ.വി.സത്താറിന്റെ പേര് ഫൈസൽ കാനാംപുള്ളി നിർദേശിച്ചു. പി.കെ.കബീർ പിന്താങ്ങി. വരണാധികാരി എൻ.കെ.കൃപ അധ്യക്ഷ ഷീജ പ്രശാന്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപാധ്യക്ഷൻ കെ.കെ.മുബാറക്കിന് നഗരാധ്യക്ഷയും സത്യവാചകം ചൊല്ലിക്കൊടുത്തു. തിരഞ്ഞെടുപ്പിനുശേഷം കൗൺസിൽ അംഗങ്ങളുമായി എൽഡിഎഫ് ആഹ്ലാദ പ്രകടനം നടത്തി.
മൂന്നാം വിജയത്തിൽ അധ്യക്ഷ പദവിയിൽ ഷീജ
മൂന്നാം ഉൗഴത്തിൽ നഗരസഭ അധ്യക്ഷയായി ഷീജ പ്രശാന്ത്. മുൻപ് 2000–05, 2005–10 കാലയളവിലായി രണ്ട് തവണ കൗൺസിലറായിരുന്നു. 2000– 05 ൽ കൗൺസിലറും 2005–10 ൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായി. മണത്തല ബേബി റോഡ് പരേതരായ അയിനിപ്പുള്ളി ചന്ദ്രന്റെയും യശോദയുടെയും മകളാണ് ഷീജ പ്രശാന്ത് (47). ടൗണിലെ വ്യാപാരി മണത്തല ബേബിറോഡ് നെടിയേടത്ത് പ്രശാന്തിന്റെ ഭാര്യയാണ്. ബിഎസ്‌സി ബിരുദധാരി. കോ–ഓപ്പറേറ്റീവ് ട്രയിനിങ്ങിൽ ഡിപ്ലോമയുമുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറിയും സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റി അംഗവുമാണ്. മണത്തല – കടപ്പുറം മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം സെക്രട്ടറിയായിരുന്ന ഷീജ രാജിവച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. മുബാറക് (39) ഡിവൈഎഫ്ഐ ജില്ലാ ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. സിപിഎം ഏരിയ കമ്മിറ്റി അംഗവുമാണ്.