‘ഇവിടെ മൂത്രം ഒഴിക്കരുത്’ എന്ന ബോർഡ് കണ്ടു വേണം കാര്യം സാധിക്കാൻ
Mail This Article
തൃശൂർ ∙ ‘ഇവിടെ മൂത്രം ഒഴിക്കരുത്’ എന്ന ബോർഡ് കണ്ടു വേണം ശക്തൻ സ്റ്റാൻഡിൽ കാര്യം സാധിക്കാൻ. പൂട്ടിക്കിടക്കുന്ന കംഫർട്ട് സ്റ്റേഷന്റെ ഇരുവശങ്ങളിലും ഈ കാര്യം പരസ്യമായി തുടരുകയാണ്. കോവിഡ് മഹാമാരി കാരണം അടച്ച ശുചിമുറികളാണ് സ്റ്റാൻഡിന് അകത്ത് ഇപ്പോഴും ലോക്ഡൗണിൽ തുടരുന്നത്. സ്ത്രീകൾ അടക്കമുള്ള യാത്രികർക്കാണ് ഇതുമൂലം ദുരിതം. ശുചിമുറിയുടെ മീറ്റർ പ്രകാരമുള്ള വൈദ്യുതി ബിൽ തുക ആരു വരുത്തി വച്ചു എന്നതാണ് തർക്ക വിഷയം.
സ്റ്റാൻഡിലെ നിർമാണ പ്രവർത്തനത്തിന് എത്തിയവർ വൈദ്യുതി ഉപയോഗിച്ച വകയിലുള്ളതാണ് ബില്ലെന്നും തുക അടയ്ക്കാൻ തയാറല്ലെന്നുമാണ് ശുചിമുറി കരാറുകാരുടെ വാദം. ലോക്ഡൗൺ കാരണം ഏറെക്കാലം സ്റ്റാൻഡ് അടഞ്ഞുകിടന്നതിനാൽ ശുചിമുറിയുടെ കരാർ കാലാവധി നീട്ടണമെന്നു കരാറുകാർ ആവശ്യപ്പെട്ടിരുന്നു. ഇതിലും തീരുമാനമായില്ല. റോഡ് കുറുകെ കടന്ന് സ്റ്റാൻഡിനു നേരെ എതിർവശത്തുള്ള ശുചിമുറിയിൽ പോയി വേണം പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ. വയോധികരും ഭിന്നശേഷിക്കാരുമാണ് ഇതു കാരണം ബുദ്ധിമുട്ടുന്നത്.
മാർച്ചിൽ റീ ടെൻഡർ: മേയർ
ശക്തൻ സ്റ്റാൻഡിന് അകത്തെ കംഫർട്ട് സ്റ്റേഷൻ ഏറ്റെടുക്കാൻ കരാറുകാരൻ എത്തിയതായി മേയർ എം.കെ.വർഗീസ് പറഞ്ഞു. ഉടൻ തന്നെ തുറക്കാൻ വേണ്ട നിർദേശം ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്. മാർച്ചിൽ റീ ടെൻഡർ നടക്കുന്നതോടെ നടപടികൾ വേഗത്തിലാകും. കോർപറേഷൻ പരിധിയിലെ എല്ലാ ശുചിമുറികളുടെയും ശോചനീയാവസ്ഥ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
സോണലുകളിൽ അടക്കം നേരിട്ടു സന്ദർശിച്ച് ഇവ വിലയിരുത്തും. വൃത്തിഹീനമായ സാഹചര്യം കണ്ടെത്തി നടപടി സ്വീകരിക്കും. കരാർ ഏറ്റെടുത്തവർ കംഫർട്ട് സ്റ്റേഷനുകൾ വൃത്തിയായി കൈകാര്യം ചെയ്യുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വിലയിരുത്തുമെന്നും മേയർ പറഞ്ഞു.