ADVERTISEMENT

തൃശൂർ∙ സ്ഥാനാർഥികൾ നിരന്നു; നിരത്തുകളിൽ തിരഞ്ഞെടുപ്പിന്റെ താളമേളമുയർന്നുതുടങ്ങി. ജില്ലയിൽ ഇനി തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ പൂരാവേശം. 13 നിയമസഭാ മണ്ഡലങ്ങളടങ്ങിയ തൃശൂർ, ഓരോ മുന്നണിക്കും സമ്മാനിക്കുന്ന വിജയം കേരളത്തിന്റെ ഭരണം ആർക്ക് എന്ന ചോദ്യത്തിൽ നിർണായകം. ഓരോ മണ്ഡലത്തിലെയും മത്സരചിത്രം ഇതാ..

പോരാട്ടത്തിന്റെ തൃശൂർ 

കരുണാകരപുത്രി  പത്മജ വേണുഗോപാലിന്റെയും (യു‍ഡിഎഫ്) സിനിമാതാരം സുരേഷ് ഗോപിയുടെയും (എൻഡിഎ) സ്ഥാനാർഥിത്വത്തോടെ  തൃശൂർ മണ്ഡലത്തിനു നക്ഷത്രത്തിളക്കം. അതേസമയം, പ്രചാരണത്തിൽ ഏറെ മുന്നേറി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പി. ബാലചന്ദ്രൻ (എൽഡിഎഫ്) കളമുറപ്പിച്ചിട്ടുണ്ട്.

പതിറ്റാണ്ടുകളായി യുഡിഎഫിനെ തുണച്ചിരുന്ന മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വി.എസ്. സുനിൽകുമാറിനെ വിജയിപ്പിച്ചതോടെ എൽഡിഎഫ് അനുകൂലമായി. തിരിച്ചുപിടിക്കലാണു പത്മജയുടെ ദൗത്യം. സുരേഷ് ഗോപിയുടേത് ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിൽപ്പെട്ട തൃശൂരിൽ നിന്നുള്ള വിജയവും. 

ത്രികോണ മത്സരത്തിൽ ഒല്ലൂർ

എൽഡിഎഫിലെ കെ. രാജന്റെ പടയോട്ടത്തിനു തടയിടാൻ കോൺഗ്രസിന്റെ യുവതലമുറയിലെ ശ്രദ്ധേയനായ കെപിസിസി സെക്രട്ടറി ജോസ് വള്ളൂരിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ബിജെപിയുടെ സംസ്ഥാന വക്താവും തിരഞ്ഞെടുപ്പിൽ പരിചയസമ്പന്നനുമായ ബി. ഗോപാലകൃഷ്ണൻ എൻഡിഎ സ്ഥാനാർഥിയായതോടെ ഇവിടെ പോരാട്ടം കടുക്കുമെന്ന് ഉറപ്പ്.

സിറ്റിങ് എംഎൽഎ എന്ന നിലയിൽ വികസന വിശദീകരണ ജാഥയിലൂടെയാണ് രാജൻ പ്രചാരണത്തിൽ മുന്നിട്ടു നിൽക്കുന്നത്. യൂത്ത് കോൺഗ്രസ്, കെഎസ്‌യു തലത്തിലും മണ്ഡലത്തിലും നേതാക്കളുടെയും അണികളുടെയുമിടയിലുള്ള വിപുലമായ ബന്ധമാണ് ജോസ് വള്ളൂരിന്റെ മികവ്. പ്രചാരണത്തിലെ പരിചയസമ്പത്താണ് ഗോപാലകൃഷ്ണന്റെ കരുത്ത്.

പുതുപോരാളികളുടെ പുതുക്കാട്

വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ വിജയത്തുടർച്ച ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്ന എൽഡിഎഫ് സ്ഥാനാർഥി കെ.കെ. രാമചന്ദ്രനെ നേരിടാൻ യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത് കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാടിനെയാണ്. രവീന്ദ്രനാഥിന്റെ അഭാവത്തിൽ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയാണു യുഡിഎഫിന്. പുതുക്കാട് മുൻപ് മത്സരിച്ചിട്ടുള്ള സംസ്ഥാന സെക്രട്ടറി എ. നാഗേഷാണ് ബിജെപിയുടെ തുറുപ്പുചീട്ട്. മത്സരം കടുക്കുമെന്നുറപ്പ്.

കൂട്ടുപോരിന്റെ ചാലക്കുടി

‘കോൺഗ്രസ് – കേരള കോൺഗ്രസ് ’ പോരാട്ടത്തിനു കളമൊരുങ്ങിയതാണ് ചാലക്കുടിയിലെ വിശേഷം.  മുൻ ജില്ലാ പഞ്ചായത്തംഗവും ഒന്നരപതിറ്റാണ്ടായി പൊതുരംഗത്തെ സജീവ സാന്നിധ്യവുമായ ടി.ജെ. സനീഷ്കുമാറാണ് യുഡിഎഫിനുവേണ്ടി മത്സരിക്കുന്നത്. എൽഡിഎഫിൽ  ഇടം നേടിയ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥി ഒന്നരയാഴ്ച മുൻപ് കോൺഗ്രസിൽ നിത്തെത്തിയ ഡെന്നിസ് ആന്റണിയാണ്. എൻഡിഎ സ്ഥാനാർഥി ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ചാലക്കുടി പ്രചാരണത്തിൽ 2 ദിവസം മുൻപേ സജീവമാണ്.

ശ്രദ്ധാകേന്ദ്രമായി ഇരിങ്ങാലക്കുട 

മുൻ ഡിജിപി ജേക്കബ് തോമസും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്റെ ഭാര്യ ആർ. ബിന്ദുവും കേരള കോൺഗ്രസ് ജോസഫിലെ തോമസ് ഉണ്ണിയാടനും മത്സരിക്കുന്ന ഇരിങ്ങാലക്കുട സംസ്ഥാനത്ത്  ശ്രദ്ധാകേന്ദ്രമായി. തോമസ് ഉണ്ണിയാടൻ മൂന്നുതവണ എംഎൽഎ ആയിരുന്ന മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് എൽഡിഎഫ് പിടിച്ചെടുത്തത്.

കേരള കോൺഗ്രസിലെ പിളർപ്പിനുശേഷം ജോസഫ് ചേരിയിൽ ഉറച്ചുനിന്ന ഉണ്ണിയാടനു വിജയം അനിവാര്യമാണ്. പിടിച്ചെടുത്ത മണ്ഡലം കൈവിട്ടുപോകാതിരിക്കാനുള്ള ഉത്തരവാദിത്തമാണു ബിന്ദുവിൽ മുന്നണി ഏൽപിച്ചിരിക്കുന്നത്. ജേക്കബ് തോമസ് കേരളം ഉറ്റുനോക്കുന്ന സ്ഥാനാർഥിയും.

കൊടിയ പോരിന്റെ കൊടുങ്ങല്ലൂർ

തീരദേശ മണ്ഡലമായ കൊടുങ്ങല്ലൂരിൽ കഴിഞ്ഞ തിരഞ്ഞെടുപ്പു വിജയത്തിലൂടെ നങ്കൂരമിട്ട വി.ആർ. സുനിൽകുമാറിനെ നേരിടാൻ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് പൊതുപ്രവർത്തനത്തിലെ പരിചയസമ്പന്നൻ കെപിസിസി നിർവാഹകസമിതിയംഗം എം.പി. ജാക്‌സണെയാണ്. ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്തോഷ് ചിറാക്കുളമാണ്  എൻഡിഎ സ്ഥാനാർഥി.  മുൻപ് ബിഡിജെഎസ് പ്രവർത്തകനായിരിക്കുമ്പോൾ മുതൽ മണ്ഡലത്തിലുള്ള പരിചയസമ്പത്തുമായാണ് സന്തോഷിന്റെ രംഗപ്രവേശം.

ശ്രദ്ധാകേന്ദ്രമായി ഗുരുവായൂർ 

ലീഗ് സ്ഥിരം സീറ്റായ ഗുരുവായൂർ പിടിച്ചെടുക്കാൻ അവരുടെ താരത്തിളക്കമുള്ള കെഎൻഎ ഖാദറിനെ രംഗത്തിറക്കിയതോടെ ഗുരുവായൂർ മണ്ഡലം ശ്രദ്ധാകേന്ദ്രമായി. സിറ്റിങ് എംഎൽഎ കെ.വി. അബ്ദുൽ ഖാദറിനു പകരം ചാവക്കാട്  ഏരിയ സെക്രട്ടറിയും നഗരസഭാ മുൻ ചെയർമാനുമായ എൻ.കെ. അക്ബർ ആണ് എൽഡിഎഫ് പോരാളി. മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യനെയാണ് ക്ഷേത്രമണ്ഡലം പിടിച്ചെടുക്കാൻ എൻഡിഎ സ്ഥാനാർഥിയാക്കിയിരിക്കുന്നത്.

ചിത്രം തെളിയാത്ത കയ്പമംഗലം

തീരദേശത്തിന്റെ പോരാളി യുവനേതാവ് ശോഭാ സുബിനെ രംഗത്തിറക്കിയതോടെ യുഡിഎഫ് ഉയർത്തിയിരിക്കുന്നതു കടുത്ത വെല്ലുവിളി. സിറ്റിങ് എംഎൽഎ ഇ.ടി. ടൈസന്റെ വിപുലമായ ബന്ധങ്ങളും പ്രചാരണത്തിലെ മുന്നേറ്റവും ഇടതിനു തുണയാകുമെന്നു കരുതുമ്പോൾ സ്ഥാനാർഥി നിർണയത്തിലെ ആശയക്കുഴപ്പം തീർക്കാനുള്ള ശ്രമത്തിലാണ് എൻഡിഎ.

ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് സി.ഡി. ശ്രീലാലാണ് പ്രഖ്യാപിത സ്ഥാനാർഥി. കൊടുങ്ങല്ലൂരിൽ ബിജെപിയും ബിഡിജെഎസും ഒരേസമയം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതുമൂലമുള്ള ആശയക്കുഴപ്പം മൂലം സീറ്റുവിഭജനം പുനഃപരിശോധിക്കേണ്ടി വരുമെന്നു ശ്രീലാൽ വ്യക്തമാക്കിയിട്ടുണ്ട്.

മത്സരം കടുപ്പിച്ച് മണലൂർ

സിറ്റിങ് എംഎൽഎ മുരളി പെരുനെല്ലിയെ എൽഡിഎഫ് വീണ്ടും മത്സരിപ്പിക്കുന്ന മണലൂരിൽ യുവനേതാവ് കോൺഗ്രസിന്റെ ഐടി സെല്ലിന്റെ ചുമതല വഹിക്കുന്ന വിജയ് ഹരി വന്നതോടെ മത്സരം കടുത്തതായി. മണലൂരിന്റെ പരിചിതമുഖവും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ എ.എൻ. രാധാകൃഷ്ണനും വിജയപ്രതീക്ഷയിലാണ്. 

കച്ചമുറുക്കി കുന്നംകുളം 

മന്ത്രി എ.സി. മൊയ്തീന്റെ തട്ടകമായ കുന്നംകുളത്ത് ഇത്തവണ കടുത്ത മത്സരത്തിനു കളമൊരുങ്ങി. മുൻ ജില്ലാ പഞ്ചായത്ത് അംഗം കെ. ജയശങ്കറിനെ കോൺഗ്രസ് കളത്തിലിറക്കിയത് ജനസമ്മതിയുടെ കൂടി  ബലത്തിലാണ്. ബിജെപിക്കും കുന്നംകുളം പ്രധാനമാണ്. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറിനെ എൻഡിഎ കളത്തിലിറക്കിയിരിക്കുന്നതും മികച്ച പോരാട്ടം ഉറപ്പിച്ചു തന്നെ.

 ‘പ്രസ്റ്റീജ്’ പോരിന്റെ വടക്കാഞ്ചേരി

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടാക്കിയ ക്ഷീണം തീർക്കാൻ എൽഡിഎഫിനാവശ്യം വടക്കാഞ്ചേരിയിൽ അനിൽ അക്കരയുടെ തോൽവിയാണ്. നാട്ടിൽ പരിചയസമ്പത്തുള്ള സേവ്യർ ചിറ്റിലപ്പിള്ളിയെ കളത്തിലിറക്കി ശക്തമായ പ്രചാരണമാണ് എൽഡിഎഫ് നടത്തുന്നത്. വികസന സന്ദേശയാത്രയിലൂടെ അനിൽ അക്കരയും മുന്നേറുന്നു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിനെ എൻഡിഎ രംഗത്തിറക്കിയതോടെ വടക്കാഞ്ചേരിപ്പോര് ശക്തം. 

പോരാട്ടത്തിന്റെ ചേലക്കര

പരിചയ സമ്പന്നനായ മുൻ സ്പീക്കർ കെ. രാധാകൃഷ്ണനെ മത്സരിപ്പിക്കുന്നതിന്റെ ആനുകൂല്യം ചേലക്കരയിൽ എൽഡിഎഫിനുണ്ടെങ്കിലും സിറ്റിങ് എംഎൽഎ യു.ആർ. പ്രദീപിനു സീറ്റ് നിഷേധിച്ചതിന്റെ ചലനങ്ങൾ അടങ്ങിയിട്ടില്ല. ഈ മണ്ഡലത്തിലേക്ക് യു‍ഡിഎഫ് ഇറക്കിയ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാറും മണ്ഡലത്തിലെ പടലപ്പിണക്കം തീർക്കാനുള്ള ശ്രമത്തിലാണ്. എൻഡിഎ സ്ഥാനാർഥി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാടിനും മണ്ഡലത്തിൽ വിപുലമായ ബന്ധങ്ങളുണ്ട്. 

പുതുമുഖങ്ങളുടെ നാട്ടിക 

സംവരണ മണ്ഡലമായ നാട്ടികയിൽ ഇത്തവണ പുതുമുഖങ്ങളുടെ പോരാട്ടമാണ്. സിറ്റിങ് എംഎൽഎ ഗീതാ ഗോപിക്കു പകരം സി.സി. മുകുന്ദൻ എൽഡിഎഫ് പോരാട്ടം ഏറ്റെടുത്ത നാട്ടികയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളിലൂടെ ശ്രദ്ധനേടിയ സുനിൽ ലാലൂരിനെയാണ് യുഡിഎഫ് നിശ്ചയിച്ചിരിക്കുന്നത്. എൻഡിഎ സ്ഥാനാർഥി എ.കെ. ലോചനനും മണ്ഡലത്തിൽ വിപുലമായ ബന്ധങ്ങളുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com