‘സ്വന്തം സ്ഥാനാർഥിക്കൊരു വോട്ട്’; വിധി കാത്ത്, പ്രതീക്ഷയോടെ ബിജെപി പ്രവർത്തകർ
Mail This Article
ഗുരുവായൂർ∙ തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥിക്കു വോട്ടു ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിൽ ഹൈക്കോടതിയുടെ അനുകൂല വിധിക്കായി കാത്തിരിക്കുകയാണ് ബിജെപി പ്രവർത്തകർ. ഇന്നലെയും എൻഡിഎയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് രാവും പകലും സജീവമായിരുന്നു. കേസിന്റെ കാര്യങ്ങൾക്കായി ഹൈക്കോടതിയിൽ പോയ നേതാക്കൾ അപ്പപ്പോൾ വിവരങ്ങൾ നൽകിയിരുന്നു. കേസെടുക്കുകയും വാദം കേൾക്കുകയും ഇന്നേക്ക് മാറ്റി വയ്ക്കുകയും ചെയ്തത് ശുഭസൂചനയായിട്ടാണ് നേതാക്കളും കാണുന്നത്.
അനുകൂല വിധിയുണ്ടായാൽ മണ്ഡലം ഇളക്കി മറിക്കുന്ന പ്രചാരണത്തിന് ഒരുങ്ങിയിരിക്കുകയാണ് പ്രവർത്തകർ. ഇതിനിടെ ബിജെപിയുടെ പത്രിക തള്ളിയത് എൽഡിഎഫും യുഡിഎഫും പ്രചാരണ ആയുധമാക്കുന്നു. ബിജെപി- യുഡിഎഫ് കൂട്ടുകെട്ടുണ്ടെന്ന് എൽഡിഎഫ് ആരോപിക്കുന്നു. എന്നാൽ ബിജെപി എൽഡിഎഫ് അന്തർധാര സജീവമാണെന്ന് യുഡിഎഫും മറുവാദം നിരത്തുന്നു.
കൂട്ടായ്മകളിൽ പങ്കെടുത്ത് മുരളി പെരുനെല്ലി
പാവറട്ടി ∙ മണലൂരിലെ എൽഡിഎഫ് സ്ഥാനാർഥി മുരളി പെരുനെല്ലി രണ്ട് പഞ്ചായത്തുകളിലായി ഒട്ടേറെ കൂട്ടായ്മകളിൽ പങ്കെടുത്തു. രാവിലെ എളവള്ളി പഞ്ചായത്തിലും ഉച്ചയ്ക്ക് ശേഷം കണ്ടാണശേരി പഞ്ചായത്തിലുമായിരുന്നു പര്യടനം. അഗതി മന്ദിരങ്ങൾ, ആരാധനാലയങ്ങൾ, കോളനികൾ എന്നിവയും സ്ഥാനാർഥി സന്ദർശിച്ചു. എം.പി.സിദ്ധാർഥൻ സ്മാരക മന്ദിരത്തിലെത്തി നിർമാണത്തിന്റെ പുരോഗതിയും സ്ഥാനാർഥി വിലയിരുത്തി.
പ്രവർത്തക യോഗവുമായി എൻഡിഎ
പാവറട്ടി ∙ മണലൂർ നിയോജക മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും പ്രവർത്തക യോഗവും മുഴുവൻ വീടുകളിലും ഗൃഹ സമ്പർക്ക പരിപാടികളുമായാണ് ഇന്നലെ എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. രാവിലെ ചൂണ്ടൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന നിയോജക മണ്ഡലത്തിലെ രണ്ട് ബൂത്തുകളിൽ പ്രവർത്തക യോഗം സ്ഥാനാർഥി എ.എൻ.രാധാകൃഷ്ൺ ഉദ്ഘാടനം ചെയ്തു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പിൽ, സർജു തൊയക്കാവ്, എ.ആർ.അജയ്ഘോഷ് എന്നിവർ പ്രസംഗിച്ചു.