ADVERTISEMENT

സി.സി.ശ്രീകുമാറിന്റെ വികസന പദയാത്രയ്ക്കു തുടക്കമായി

ചെറുതുരുത്തി∙ ചേലക്കര നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി സി.സി. ശ്രീകുമാർ നടത്തുന്ന 100 കിലോമീറ്റർ വികസന സന്ദേശ പദയാത്രയ്ക്ക് തുടക്കമായി. രാവിലെ ചെറുതുരുത്തി വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചനയെ തുടർന്ന് പ്രശസ്ത സാഹിത്യകാരൻ ബാലചന്ദ്രൻ വടക്കേടത്ത് പദയാത്ര ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ പി.എം.അമീർ അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർമാരായ ടി.എം.കൃഷ്ണൻ, ജോണി മണിച്ചിറ, കെപിസിസി അംഗം എൻ.എസ്. വർഗീസ്, ഡിസിസി ജനറൽ സെക്രട്ടറി പി. സുലൈമാൻ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.എ അബ്ദുൽ കരീം, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി അംഗം വിനോദ് ചേലക്കര, എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ റംഷാദ് പള്ളം, എം. മുരളീധരൻ, ഒ.യു.ബഷീർ, എം.വി സുലൈമാൻ, രാഹുൽ സൂര്യൻ, കെ .വൈ. അഫ്സൽ എന്നിവർ പ്രസംഗിച്ചു.

ദിവസവും 25 കിലോമീറ്റർ നടക്കുന്ന യാത്ര ഇന്നലെ വള്ളത്തോൾ നഗർ, ദേശമംഗലം, വരവൂർ തുടങ്ങിയ പഞ്ചായത്തുകൾ പിന്നിട്ട് വെട്ടിക്കാട്ടിരിയിൽ സമാപിച്ചു. ഇന്ന് രാവിലെ 8ന് വാഴക്കോട് നിന്ന് പുനരാരംഭിക്കുന്ന പദയാത്ര പാഞ്ഞാൾ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും തുടർന്ന് ചേലക്കര പഞ്ചായത്തിലെ കുറുമലയിൽ സമാപിക്കും. നാളെ ചേലക്കര പഞ്ചായത്തിലെ വെങ്ങാനെല്ലൂരിൽ നിന്നാരംഭിച്ച്, കൊണ്ടാഴി, തിരുവില്വാമല പഞ്ചായത്തുകൾ പിന്നിടും. വെളളിയാഴ്ച രാവിലെ പഴയന്നൂർ പഞ്ചായത്തിലെ ചീരക്കുഴിയിൽ നിന്നാരംഭിക്കുന്ന പദയാത്ര വൈകിട്ട് ചേലക്കരയിൽ സമാപിക്കും. സമാപന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.

വടക്കാഞ്ചേരി നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി ഉല്ലാസ് ബാബു കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകി പ്രവർത്തകർ ഒരുക്കിയ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്നു.
വടക്കാഞ്ചേരി നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി ഉല്ലാസ് ബാബു കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകി പ്രവർത്തകർ ഒരുക്കിയ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്നു.

സ്ഥാനാർഥിയുടെ ജന്മദിനം ആഘോഷമാക്കി പ്രവർത്തകർ

വടക്കാഞ്ചേരി ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സ്വന്തം ജന്മദിനം എൻഡിഎ സ്ഥാനാർഥി ഉല്ലാസ് ബാബു മറന്നെങ്കിലും കേക്ക് മുറിച്ച് ആഘോഷിച്ച് പ്രവർത്തകർ. കൈപ്പറമ്പ് പഞ്ചായത്തിലെ പര്യടനം രാവിലെ ആരംഭിക്കുന്നതിനു മുൻപ് പ്രവർത്തകർ കേക്കും മധുരവുമായി എത്തി. ആദ്യം ഒന്നമ്പരന്ന ഉല്ലാസ് ബാബു പിന്നീട് കേക്ക് മുറിച്ച് കുട്ടികൾ ഉൾപ്പെടെയുള്ളവർക്കു വിതരണം ചെയ്തു.

മഹിളാ കോൺഗ്രസ് കൺവൻഷൻ നടത്തി

വടക്കാഞ്ചേരി ∙ മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം കൺവൻഷൻ ജില്ലാ പ്രസിഡന്റ് കെ.ലീലാമ്മ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ആനി ജോസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കര എംഎൽഎ, കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസ്, യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ കെ.അജിത്കുമാർ, ഷാഹിത റഹ്മാൻ, ജിമ്മി ചൂണ്ടൽ, ജിജോ കുര്യൻ,

വി.ഒ.ചുമ്മാർ, കെ.സുലോചന എന്നിവർ പ്രസംഗിച്ചു. കരുമത്ര രണ്ടാംവാർഡ് മഹിളാ കോൺഗ്രസ് പ്രവർത്തക കൺവൻഷൻ സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്ഘാടനം ചെയ്തു. അൽഫോൻസ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കര എംഎൽഎ, പി.രാധാകൃഷ്ണൻ, തോമസ് പുത്തൂർ, പി.ജെ.രാജു, പി.എസ്.റഫീക്ക്, കുട്ടൻ മച്ചാട്, വിനോദ് മാടവന, ബേബി കുട്ടൻ, ദീപ സന്തോഷ് എന്നിവർ പ്രസംഗിച്ചു.

സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിച്ചു 

വടക്കാഞ്ചേരി ∙ നിയോജകമണ്ഡലത്തിൽ 3 മുന്നണി സ്ഥാനാർഥികൾക്കും സ്വതന്ത്രനും ചിഹ്നങ്ങൾ അനുവദിച്ചു. യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കരയ്ക്ക് ‘കൈ’, എൽഡിഎഫ് സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളിക്ക് ‘ചുറ്റിക അരിവാൾ നക്ഷത്രം’, എൻഡിഎ സ്ഥാനാർഥി ഉല്ലാസ് ബാബുവിന് ‘താമര’ സ്വതന്ത്രനായി മത്സരിക്കുന്ന അബൂബക്കർ ഹാജിക്ക് ‘ഫുട്ബോളു’മാണു ചിഹ്നം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com