ADVERTISEMENT

താടിയുള്ളവൻ ചിന്തകൻ എന്നായിരുന്നു പണ്ടത്തെ പ്രമാണം. വടക്കാഞ്ചേരിയിൽ വോട്ടറാണിപ്പോൾ ശരിക്കും ചിന്തകൻ. മൂന്നു സ്ഥാനാർഥികളും താടിക്കാരാണ്. ആർക്കു കുത്തും? താടിയുടെയും മീശയുടെയും വരമ്പിനുള്ളിൽ മൂന്നുപേരുടെയും ചിരി വടക്കാഞ്ചേരിയിലെ നെൽപ്പാടം പോലെ വിരിഞ്ഞു നിൽക്കുന്നു. ബിജെപി സ്ഥാനാർഥി ഉല്ലാസ് ബാബുവിന്റെ താടിക്കു പിന്നിലൊരു കഥയുണ്ട്. ലോ കോളജിൽ പഠിക്കുന്ന സമയത്തു തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ താടി വടിച്ചാണു മത്സരിച്ചത്.

അന്നൊരു കൂട്ടുകാരി പറഞ്ഞുവത്രേ, താടിവച്ച ഉല്ലാസിനെയാണിഷ്ടമെന്ന്. എന്നാൽ പിന്നെ വടക്കാഞ്ചേരിക്കാരും താടി വച്ച ഉല്ലാസിനെ ഇഷ്ടപ്പെടുമെന്നു കരുതി താടിക്കാരനായി എത്തിയപ്പോൾ മുഖ്യഎതിരാളികൾ രണ്ടും അതിലും കട്ടിയുള്ള താടിക്കാർ. അനിൽ അക്കരയോടു താടിവിശേഷം ചോദിച്ചപ്പോൾ താടിക്കും മീശയ്ക്കും ഇടയിലിരുന്നു ചുണ്ടു ചിരിച്ചു. പിന്നെ പറഞ്ഞു: മൂന്നു പേരും താടിക്കാരാണ്, പക്ഷേ, എന്റെ താടിക്കൊരു പ്രത്യേകതയുണ്ട്: അതിൽ കളറടിച്ചിട്ടില്ല. മീശയുടെ കൂടപ്പിറപ്പാണു സേവ്യറിന്റെ താടി. ഇതുവരെ വടിച്ചു കളഞ്ഞിട്ടില്ല.

സേവ്യറും ആ താടിയും പൊതുപ്രവർത്തനത്തിന്റെ മൂന്നു പതിറ്റാണ്ടു വളർന്നിരിക്കുന്നു. സ്വതന്ത്രസ്ഥാനാർഥി അബൂബക്കറിനു പക്ഷേ താടിയില്ല, മീശയുണ്ട്. മീശ പിരിച്ചു നിൽക്കുന്നൊരു മണ്ഡലമാണിപ്പോൾ വടക്കാഞ്ചേരി. ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതിക്കേസ് വഴി സർക്കാരിനെ പ്രതിരോധത്തിലാക്കിയ മണ്ഡലം  പിടിക്കേണ്ടതു പാർട്ടിയുടെ ആവശ്യം. ജില്ലയിൽ ഏക സിറ്റിങ് മണ്ഡലം  നിലനിർത്തേണ്ടതു യുഡിഎഫിന്റ അഭിമാനപ്രശ്നവും. 

‘വീട്ടു’കാര്യക്കാരൻ അനിൽ

വെളപ്പായ ചൈനാ ബസാറിലേക്കു തുറന്ന വാഹനത്തിൽ വീട്ടുകാർക്കു നേരെ ‘കൈ’വീശി കടന്നുപോവുകയാണ് അനിൽ അക്കര. ഇടയ്ക്ക് വഴിയിൽ ഉഷ എന്ന വീട്ടമ്മ വണ്ടി തടഞ്ഞു നിർത്തി. സ്ഥാനാർഥി കൈ നീട്ടി. ആ കയ്യിൽപ്പിടിച്ച് ഉഷ പറഞ്ഞു, ‘ഇതാണ് എന്റെ വീട്. ജയിച്ചു വരണം. എനിക്കൊരു വീടു വച്ചു തരണം.’ വീട് ആണഉ വടക്കാഞ്ചേരിയിലെ സംസാരവിഷയം. ലൈഫ് പദ്ധതി, ഫ്ലാറ്റ്, അഴിമതി ഇവയൊക്കെ പുട്ടിലെ പീരപോലെ മണ്ഡലചർച്ചകളിൽ സജീവം. ജയിച്ചാൽ ഇതൊരു ‘ലൈഫ്’ടൈം അച്ചീവ്മെന്റാണു തനിക്കെന്ന് അനിൽ അക്കരയ്ക്കറിയാം.

കാരണം വടക്കാഞ്ചേരി ഫ്ലാറ്റ് അഴിമതി പുറത്തു കൊണ്ടുവന്നതഉ മുഖ്യമന്ത്രിയെയും ഇടതുപക്ഷത്തെയും കുറച്ചൊന്നുമല്ല വെട്ടിലാക്കിയത്. ഓരോ കവലയിലെയും പ്രസംഗത്തിൽ അനിൽ അക്കര ലൈഫ് അഴിമതിയെക്കുറിച്ചു സംസാരിക്കുന്നുമുണ്ട്. ചൈനാ ബസാറിൽ കാത്തുനിന്നവർ പടക്കം പൊട്ടിച്ചു സ്വീകരിച്ചപ്പോൾ അനിൽ അമിട്ടു പൊട്ടുന്നതുപോലൊരു പ്രസംഗം കാച്ചി. ശബരിമല യുവതീപ്രവേശം, പിൻവാതിൽ നിയമനം, ആഴക്കടൽ മത്സ്യബന്ധനം വഴി വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റ് വിവാദം, സ്പീക്കർ വിവാദം, ഊത്രാളിക്കാവ് മച്ചാട് പൂരങ്ങൾ നേരിട്ട പ്രതിസന്ധി, തെച്ചിക്കോട്ടുകാവ് രാമൻ പ്രശ്നം, പാവറട്ടി പള്ളി വെടിക്കെട്ട്,

കാളിയാ റോഡ് നേർച്ച ഇങ്ങനെ വിവിധ വിഷയങ്ങൾ ഓരോ അമിട്ടുകളായി പൊട്ടിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാൽ 100 ദിവസത്തിനകം ആചാരസംരക്ഷണത്തിനു നിയമമുണ്ടാക്കുമെന്നും അതിൽ ആദ്യത്തെ വോട്ട് വടക്കാഞ്ചേരിക്കു വേണ്ടി താൻ നിയമസഭയിൽ ചെയ്യുമെന്നുള്ള ഉറപ്പോടെ  അവസാനിപ്പിച്ചു. മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്ന അവണൂർ പഞ്ചായത്തിലായിരുന്നു പര്യടനമെന്നതിനാൽ കെ. കരുണാകരൻ നൽകിയ സമ്മാനമായ മെഡിക്കൽ കോളജിന് എംഎൽഎ എന്ന നിലയിൽ നടത്തിയ വികസനത്തെക്കുറിച്ചും 2 വാക്ക് പറഞ്ഞാണു പ്രചാരണയാത്ര. അടുത്തദിവസം മുതൽ വീടുകൾ കയറാൻ തുടങ്ങുകയാണ്.

അപ്പോൾ ഈ വെള്ളമുണ്ട് മാറ്റും. വീട്ടിലുപയോഗിക്കുന്ന കൈലി ഉടുക്കും എന്നാലേ അതിവേഗം വീടുകയറാനാകൂ. പറഞ്ഞപ്പോൾ മുണ്ടിന്റെ ഉറപ്പിനെക്കുറിച്ചായി സംസാരം. ബെൽറ്റ് കെട്ടുന്നതിനേക്കാൾ സ്ട്രോങ്ങായാണു മുണ്ടുറപ്പിച്ചിരിക്കുന്നത്. ഇത് ഒരാൾക്കും അഴിക്കാനാകില്ല. പൊലീസ് ലാത്തിച്ചാർജ് നേരിട്ട പഴയകാലത്തെ ശീലമാണ്.വഴിയിൽ ഉയർത്തിയ പുതിയ പോസ്റ്റർ ചൂണ്ടിക്കാട്ടി അനിൽ അക്കര പറഞ്ഞു:

ഇത് ഇന്നു വച്ചതാണ്. ‘അനിൽ അക്കര തുടരും’ എന്നതാണു പുതിയ പോസ്റ്ററിൽ തലയ്ക്കരികിലെ തലവാചകം. ‘നമ്മൾ ജയിക്കും നമ്മളേ ജയിക്കൂ’ എന്നതാണു മറ്റൊരു പോസ്റ്റർ. ഓരോ കേന്ദ്രങ്ങളിലും അനിൽ അക്കരയുടെ വരവ് കാത്ത് ജനക്കൂട്ടമുണ്ട്. അവർ അനിൽ അക്കരയെ കാത്തിരിക്കുന്നു. വടക്കാഞ്ചേരിയിൽ നീതു ജോൺസൺ എന്ന  ഇല്ലാത്ത പരാതിക്കാരിയെ അനിൽ അക്കര കാത്തിരുന്നതുപോലെയല്ല; സഫലപ്രതീക്ഷയുള്ള കാത്തിരിപ്പ്.

വടക്കാഞ്ചേരി എൽഡിഎഫ് സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളിയെ പെരിങ്ങണ്ടൂർ ഗുരു മന്ദിരത്തിൽ സ്വീകരിക്കുന്ന പ്രവർത്തകർ.
വടക്കാഞ്ചേരി എൽഡിഎഫ് സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളിയെ പെരിങ്ങണ്ടൂർ ഗുരു മന്ദിരത്തിൽ സ്വീകരിക്കുന്ന പ്രവർത്തകർ.

പുഞ്ചിരികൊണ്ട് നേരിട്ട് സേവ്യർ

‘ഈ തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ ഇടയിലും നിനക്ക് എങ്ങനെ എപ്പോഴും ഇങ്ങനെ ചിരിക്കാൻ  കഴിയുന്നു സേവ്യറേ..? ഇതു ചോദിച്ചതു സാറാ ജോസഫാണ്. എല്ലാ പ്രതിസന്ധികളെയും പുഞ്ചിരി കൊണ്ടു നേരിടുന്ന വടക്കാഞ്ചേരിയുടെ നായകൻ സേവ്യർ ഈ വാഹനത്തിനു തൊട്ടു പിന്നാലെ എന്നാണ് അനൗൺസ്മെന്റ്. കുറച്ചു നാൾ മുൻപു വന്നു പിടികൂടിയ കോവിഡിനെയും പുഞ്ചിരിച്ചു കൊണ്ടാണു സേവ്യർ നേരിട്ടത്. വടക്കാഞ്ചേരി തിരിച്ചുപിടിക്കാനുള്ള പോരാട്ടവും അങ്ങനെത്തന്നെ. പര്യടനം എത്തുന്ന സ്ഥലങ്ങളിലും വീട്ടുമുറ്റത്തുമെല്ലാം വീട്ടമ്മമാരും വയോധികരുമടക്കം കാത്തു നിൽക്കുന്നു.

സമ്മേളന സ്ഥലങ്ങളിൽ സ്ത്രീകളും യുവാക്കളും സേവ്യറിനൊപ്പം സെൽഫിയെടുക്കുന്നു. സേവ്യർ ഒരു പോരാളി മാത്രമല്ല; സെലിബ്രിറ്റി കൂടിയാണ് വടക്കാഞ്ചേരിയിൽ. അത്താണി സിൽക്ക് നഗറിലേക്കു പര്യടനം എത്തുമ്പോൾ എതിരെ വന്ന ഒരുകാറിന്റെ ചില്ലുകൾ താണു. ഡ്രൈവിങ് സീറ്റിൽ നിന്നും പിൻ സീറ്റിൽ നിന്നും ഓരോ കൈകൾ‍ ലാൽസലാം പറയുന്നതുപോലെ പുറത്തേക്കുയർന്നു. പരിചയക്കാരല്ല, പക്ഷേ ആ  ലാൽസലാമിന് സേവ്യർ കൈ ചുരുട്ടി ഉയർത്തി മറുപടിനൽകി. സിൽക്ക് നഗറിൽ എത്തിയപ്പോൾ പടക്കം പൊട്ടിച്ചു സ്വീകരണം.

സിൽക്കിലെ ജീവനക്കാരാണ് ഇവിടെ കാത്തുനിൽക്കുന്നവരെല്ലാം. അവിടുത്തെ യൂണിയന്റെ നേതാവ് സേവ്യർ ആയിരുന്നു. പിന്നീട് ഡയറക്ടർ  ബോർഡംഗവും. ആ ഒരടുപ്പം എല്ലാവരിലുമുണ്ട്. ഓരോരുത്തരെയും പേരെടുത്തു വിളിക്കുന്നു. പ്രസംഗത്തിലെ 2 വരി ആത്മബന്ധം വെളിപ്പെടുത്തുന്നതാണ്. ഓരോ ആവശ്യത്തിനു ഞാൻ നിങ്ങളെയും നിങ്ങൾ എന്നെയും  സമീപിച്ചിട്ടുണ്ട്. നാം സുപരിചിതരാണ്. 3 പതിറ്റാണ്ട് ഞാൻ ചെയ്ത പ്രവർത്തനങ്ങൾ നിങ്ങൾക്കറിയാം.

അതിനുള്ള സാക്ഷ്യപ്പെടുത്തലും കരുത്ത് പകരലും ആവും നിങ്ങൾ എനിക്കു നൽകുന്ന കരുത്ത്. എപ്പോഴും ഞാൻ നിങ്ങളുടെ കൂടെയുണ്ടാകും. ഏതാണ്ട് എല്ലാ കേന്ദ്രങ്ങളിലും ഇതേ രീതിയിലാണു പ്രസംഗം. കൂടുതൽ രാഷ്ട്രീയമോ പ്രഖ്യാപനങ്ങളോ ഇല്ല. ധീര ജംക്‌ഷനിൽ നിന്ന് പുഞ്ചിരി ക്ലബ്  ജംക്‌ഷനിലെത്തിയപ്പോൾ ‘പുഞ്ചിരിക്കാരനെ’ വരവേറ്റത് കൂറ്റൻ നാസിക് ധോൽ മേളവുമായാണ്. പ്രചാരണം ഓരോ കവലയിലും പൊലിപ്പിക്കുന്നുണ്ട്. വടക്കാഞ്ചേരിയിൽ എ.സി. മൊയ്തീന്റെയും എൻ.ആർ. ബാലന്റെയുമൊക്കെ പ്രചാരണങ്ങളുടെ ചുക്കാൻ പിടിച്ച പരിചയമുള്ള സേവ്യറിന് പ്രചാരണം എങ്ങനെ നടത്തണമെന്നു നന്നായി അറിയാം.

വടക്കാഞ്ചേരി പഞ്ചായത്തായിരുന്ന കാലത്ത് 23–ാംവയസ്സിൽ ജയിച്ച് ‘അംഗം’  കുറിച്ചതാണ് സേവ്യർ. വീണ്ടും ജയിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി. ഡിവൈഎഫ്ഐയുടെയും പാർട്ടിയുടെയും വടക്കാഞ്ചേരി മേഖലയിലെ ശക്തിയാണ് എല്ലാക്കാലത്തും സേവ്യർ. പഞ്ചായത്തംഗമായിരിക്കുമ്പോൾ ഏരിയാ സെക്രട്ടറിയുടെ ചുമതലയും വഹിച്ചയാൾ.

പാർട്ടി പ്രവർത്തനത്തെ അങ്ങനെയല്ല സേവ്യർ വിളിക്കുന്നത് ‘പാർട്ടി ജീവിതം’ എന്നാണ്. സേവ്യറിന്റെ ജീവിതം അറിയാവുന്ന പാർട്ടി ഒത്തിണക്കത്തോടെ പിന്നിൽ അണിനിരന്നിരിക്കുന്നു. വടക്കാഞ്ചേരി തിരിച്ചു പിടിക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കും മുന്നണിക്കുമാണ്; അതിന് എന്നെ നിയോഗിച്ചിരിക്കുന്നു... സേവ്യറിന്റെ ചുണ്ടിൽ ചിരി മാത്രമല്ല,ആത്മവിശ്വാസവും പുഞ്ചിരിക്കുന്നുണ്ട്.

വടക്കാഞ്ചേരി എൻഡിഎ സ്ഥാനാർഥി ടി.എസ്. ഉല്ലാസ് ബാബു വടക്കാഞ്ചേരി കോടതിക്കു സമീപം പ്രവർത്തകരോടൊപ്പം.
വടക്കാഞ്ചേരി എൻഡിഎ സ്ഥാനാർഥി ടി.എസ്. ഉല്ലാസ് ബാബു വടക്കാഞ്ചേരി കോടതിക്കു സമീപം പ്രവർത്തകരോടൊപ്പം.

തിരയിളക്കി ഉല്ലാസപ്പൂങ്കാറ്റ്

പ്രചാരണക്കൊടുങ്കാറ്റല്ല, ഉല്ലാസപ്പൂങ്കാറ്റാണ് വടക്കാഞ്ചേരിയിലെ എൻഡിഎ സ്ഥാനാർഥി ഉല്ലാസ് കുമാർ. പ്രചാരണത്തിനൊപ്പം ഉല്ലാസവും. എന്നുവച്ചാൽ ഒരാളെ കുശലം പറയാൻ കിട്ടിയാൽ ഈ തിരക്കിനിടയിലും ചിലപ്പോൾ 5 മിനിറ്റ് സംസാരിച്ചു കളയും. ഉല്ലാസ് സംസാരിക്കുന്നതു കേൾക്കാൻ നല്ല രസമാണ്. നെട്ടോട്ടമോടേണ്ട കാലത്ത് ഇങ്ങനെ ഉല്ലാസപ്പൂങ്കാറ്റായിരിക്കാൻ ഇദ്ദേഹത്തിനെങ്ങനെ കഴിയുന്നുവെന്നു തോന്നും. പക്ഷേ, തൊട്ടടുത്ത കവലയിൽ മൈക്കെടുത്താൽ പൂങ്കാറ്റ് പതിയെ പൂഴിക്കടകൻ ആകും.

അത് ഇടതിനും വലതിനും നേരെ ആഞ്ഞടിക്കും.  ദാ ഏതാണ്ട് ഇങ്ങനെ: ‘വ്യവസായമന്ത്രിയായിരുന്നു എ.സി. മൊയ്തീൻ. മന്ത്രിയുടെ വീടിനരികിലാണു വിരുപ്പാക്ക സ്പിന്നിങ് മില്ല്. ഏക്കർ കണക്കിനു സ്ഥലമുണ്ട്. അതൊന്നു രക്ഷപ്പെടുത്തിയെടുക്കാൻ മന്ത്രിക്കു കഴിഞ്ഞോ? 1000 പേർക്ക് തൊഴിൽ കൊടുത്തുകൂടേ? മില്ലിന്റെ സ്ഥലം ജില്ലാ സഹകരണബാങ്ക് സിസി ചെയ്തുകൊണ്ടു പോയില്ലേ? ഇതുപോലും ചെയ്യാൻ പറ്റാതെ ഇവരെന്തു വികസനമാണു നടപ്പാക്കാൻ പോകുന്നത്?’

വഴിയോരത്ത് ഒരു സമോവർ കണ്ടയുടൻ ഉല്ലാസ് പ്രചാരണം നിർത്തി. സ്വതന്ത്ര സ്ഥാനാർഥി ആയിരുന്നെങ്കിൽ ഉല്ലാസ് തീർച്ചയായും സമോവർ ചിഹ്നമായി ചോദിച്ചേനെ.  കാരണം ചായയാണ് വീക്ക്നെസ്.  ഒരു ദിവസം 30 ചായ വരെ കുടിക്കും. നാട്ടുകാരെ  ചായകുടിപ്പിക്കുന്ന ഹോട്ടൽ ബിസിനസിന്റെ ആളാണല്ലോ. ‘ഡബിൾ സ്ട്രോങ് ചായ മധുരം കുറച്ച്’ അതാണ് ഓർഡർ. എത്ര തിരക്കിട്ട പ്രചാരണയാത്രയും ഒരു  സമോവർ കണ്ടാൽ ‘ടേക്ക് എ ടീ ബ്രേക്ക്’ എന്ന ബ്രേക്കിടും. പിന്നെ ചായ്പേ ചർച്ചയായി ബാക്കി.

യുഡിഎഫിനെതിരെയുള്ള ആഞ്ഞടി അതിലാണു വന്നത്. ‘വടക്കാഞ്ചേരി ഫ്ലാറ്റ് അഴിമതിവിവരം അനിൽ അക്കര അറിഞ്ഞത് ഫ്ലാറ്റിന്റെ പണി കഴിയാറായപ്പോഴാണ്. അതിന്റെ അർഥമെന്താ, മണ്ഡലത്തിൽ  നടക്കുന്നതൊന്നും അറിയുന്നില്ല. മണ്ഡലത്തിന്റെ വികസനം 140 ഫ്ലാറ്റിൽ ചുറ്റിത്തിരിയുകയാണ്. ഇവിടെ സ്റ്റാർട്ട് അപ്സ് ഉണ്ടോ? കാർഷകമേഖലയ്ക്കു കേന്ദ്രം കൊണ്ടുവന്ന ഏതെങ്കിലും പദ്ധതി ഉപയോഗപ്പെടുത്തിയോ?’ വടക്കാഞ്ചേരി ജംക്‌ഷനിൽ ടാക്സി സ്റ്റാൻഡ് പരിസരത്ത് വോട്ടു ചോദിച്ചു. അതിനിടെ പറഞ്ഞു:

‘ഇവിടെ നല്ലൊരു സാധനം കിട്ടും. നെല്ലിക്കയും കാന്താരിമുളകും അരച്ച ജ്യൂസ്. ഓരോന്നു പൂശാം.’ നല്ല എരിവുള്ള ജ്യൂസു കുടിക്കുന്നതിനിടെ ഇരുമുന്നണികളുടെയും കണ്ണിൽ കാന്താരി തേക്കുന്നൊരു വാചകം പൂശി ഉല്ലാസ്. ‘എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രചാരണത്തിന്റെ നോട്ടിസ് നോക്കൂ. ആ കോളനി, ഈ കോളനി... മറ്റേ കോളനി...’ ഇവർ ഇത്രയും കാലം ഭരിച്ചിട്ടും ഇവിടെ  ഓലപ്പുര കോളനികൾ അങ്ങനെ തന്നെയുണ്ട്. വോട്ടു ചോദിക്കാനുള്ള സൗകര്യത്തിന് അതങ്ങനെ  നിർത്തിയിരിക്കുകയാണ്.’’ ശരിയാണ് കാന്താരി ജ്യൂസിന് നല്ല എരിവുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com