മീനച്ചൂടിനെ കൂസാതെ കാത്തുനിന്നു സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങൾ; മനം കവർന്ന് പ്രിയങ്ക
Mail This Article
വടക്കാഞ്ചേരി ∙ യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കരയ്ക്കൊപ്പം ടൗണിനെ ഇളക്കി മറിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ. മീനച്ചൂടിനെ കൂസാതെ മണിക്കൂറുകളായി റോഡരികിൽ കാത്തുനിന്ന സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങൾക്കു നേരെ തുറന്ന വാഹനത്തിൽ ചിരിച്ചു കൈവീശിയ പ്രിയങ്ക ആവേശം വാരിവിതറിയാണു മുന്നേറിയത്. വടക്കാഞ്ചേരി മണ്ഡലം അതിർത്തിയായ കാഞ്ഞിരക്കോട്ടു നിന്ന് നൂറു കണക്കിനു യുവാക്കൾ പങ്കെടുത്ത ഇരുചക്ര വാഹന റാലിയുടെ അകമ്പടിയോടെയാണു പ്രിയങ്കയെ വരവേറ്റത്.
ഓട്ടുപാറയിൽ എത്തിയപ്പോൾ അവരുടെ യാത്ര തുറന്ന വാഹനത്തിൽ റോഡ് ഷോയായി. കൊടികളേന്തി ആരവവും മുദ്രാവാക്യവും മുഴക്കി റോഡിൽ നിറഞ്ഞ പ്രവർത്തകർക്കിടയിലൂടെ ഇഴഞ്ഞിഴഞ്ഞാണു പ്രിയങ്കയുടെ വാഹനം മുന്നോട്ടു നീങ്ങിയത്. റോഡരികിലും കെട്ടിടങ്ങൾക്കു മുകളിലും വീടുകൾക്കു മുമ്പിലുമായി തന്നെ കാത്തു നിന്ന ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്ത് പ്രിയങ്ക നീങ്ങിയപ്പോൾ ജനം ആവേശാരവങ്ങൾ മുഴക്കി. റോഡിന്റെ ഇരുവശങ്ങളിലും കാത്തു നിന്നവർക്കു നേരെ പൂക്കളെറിയാനും അവർ മറന്നില്ല.