ഇരിങ്ങാലക്കുട ചൂടാൻ..
Mail This Article
ഭരതപ്രതിഷ്ഠയുള്ള ഏക ക്ഷേത്രമത്രെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം. വനവാസത്തിനു പോയ ജ്യേഷ്ഠൻ ശ്രീരാമനെ തിരികെക്കൊണ്ടുവരാൻ രാജഭരണം ഉപേക്ഷിക്കാൻ തയാറായി കാട്ടിലേക്കു പോയ ഭരതന് ഇരിങ്ങാലക്കുടയിൽ എങ്ങനെ പ്രതിഷ്ഠ വന്നു? അധികാരമോഹികളല്ലാത്തവരെ വണങ്ങാനാണ് പണ്ടും ഇരിങ്ങാലക്കുടക്കാർക്കു താൽപര്യം. രാമപാദുകം സിംഹാസനത്തിൽ വച്ച് ഭരതൻ രാജാധികാരം ഏറ്റെടുത്തപ്പോൾ അവകാശവാദങ്ങളൊന്നുമില്ലാതെ ആജ്ഞാനുവർത്തിയായി മാത്രം നിന്ന ശത്രുഘ്നനുമുണ്ട് പായമ്മലിൽ ഒരു ക്ഷേത്രം.
അങ്ങനെ, അധികമൊന്നും ആഘോഷിക്കപ്പെടാത്തവരെ ആരാധിക്കാൻ ഇരിങ്ങാലക്കുടയ്ക്ക് ഒരു മനസ്സുണ്ട് എന്നും. അതുകൊണ്ടാവാം അത്രയേറെ സൗമനസ്യത്തോടെയാണ് ഇരിങ്ങാലക്കുടയെ എന്നും സ്ഥാനാർഥികൾ വണങ്ങിയിട്ടുള്ളത്.കൂടിയാട്ടത്തിന്റെയും കഥകളിയുടെയും തട്ടകം കൂടിയാണ് ഇരിങ്ങാലക്കുട.കഥ ഗ്രഹിച്ചെടുക്കാൻ ഒരു രാത്രി മുഴുവൻ ഉറക്കമിളച്ചിരിക്കാൻ ക്ഷമയുള്ള ഇരിങ്ങാലക്കുടക്കാർ തിരഞ്ഞെടുക്കാൻ പോകുന്ന ആളെ ഗ്രഹിക്കാനും എത്ര വേണമെങ്കിലും കാത്തിരിക്കും.
കൂടിയാട്ടത്തിന്റെ നാട്ടിൽ സൂര്യനുദിച്ചസ്തമിക്കും വരെ ഇപ്പോൾ ‘കൂടി’യാട്ടങ്ങളാണ്. വ്യത്യസ്ത ആശയങ്ങളും ആദർശങ്ങളും തിരഞ്ഞെടുപ്പു ഗോദയിൽ കൂടിയാടുമ്പോൾ കഥ തിരിഞ്ഞു കിട്ടാൻ കാത്തിരിക്കുകയാണ് ഇരിങ്ങാലക്കുടക്കാർ.എൽഡിഎഫിനു വേണ്ടി ആർ. ബിന്ദുവും യുഡിഎഫിനു വേണ്ടി തോമസ് ഉണ്ണിയാടനും എൻഡിഎക്കു വേണ്ടി ജേക്കബ് തോമസും വോട്ട് തേടുമ്പോൾ സ്വതന്ത്രരായി ബിന്ദു ബാലചന്ദ്രൻ, ബിന്ദു ശിവദാസൻ, ജോഷി, വാക്സറിൻ എന്നിവരും മത്സരത്തിനുണ്ട്.
ചിഹ്നമാണ് കേന്ദ്രബിന്ദു
തന്റെ പേരല്ല, ചിഹ്നം വേണം മനസ്സിലുറപ്പിക്കാനെന്നാണ് എൽഡിഎഫ് സ്ഥാനാർഥി ആർ. ബിന്ദു എല്ലാ വോട്ടർമാരോടും പറയുന്നത്. കാരണം, വോട്ടിങ് യന്ത്രത്തിൽ വേറെ രണ്ടു ബിന്ദുമാർ കൂടിയുണ്ടല്ലോ. ‘മറ്റു മുന്നണികളുടെ സംഭാവനയാണ് ആ ബിന്ദുമാർ. അവരുടെ പരാജയം അവർ തന്നെ ഉറപ്പിച്ചതിന്റെ തെളിവാണ് ഈ അപരർ’– ബിന്ദു പറഞ്ഞു. രാവിലെ വൃന്ദാ കാരാട്ട് പങ്കെടുത്ത സമ്മേളനത്തിനും റോഡ് ഷോയ്ക്കും ശേഷം ഉച്ചഭക്ഷണം കഴിഞ്ഞ് ബിന്ദു കരുവന്നൂർ, മാപ്രാണം പൊറുത്തിശേരി ഭാഗങ്ങളിൽ കോളനികളും പ്രമുഖ വ്യക്തികളുടെ വീടുകളും ചില സ്ഥാപനങ്ങളും സന്ദർശിക്കാൻ ഇറങ്ങി.
കരുവന്നൂർ സഹകരണ സൂപ്പർ മാർക്കറ്റിൽ സ്റ്റോക്കെടുപ്പു മൂലം അവധിയാണെങ്കിലും ജീവനക്കാരുണ്ടായിരുന്നു. വോട്ട് അഭ്യർഥിക്കാൻ കയറിയപ്പോൾ ‘വോട്ട് ചോദിക്കേണ്ടതില്ല, ഫോട്ടോ എടുത്താലോ’ എന്നായി അവർ. ആ തിരക്കിലും ഫോട്ടോയ്ക്ക് പോസ് ചെയ്ത് നേരേ മാപ്രാണത്തേക്ക്. മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കു മാത്രമല്ല, പിണറായി വിജയൻ സർക്കാരിന്റെ തുടർച്ചയ്ക്കാണ് വോട്ട് ചോദിക്കുന്നതെന്ന് ബിന്ദു ഉറപ്പിച്ചു പറഞ്ഞു. അടുത്ത കേന്ദ്രത്തിൽ സ്വീകരണത്തിനുള്ള മറുപടിയും അതു തന്നെയായിരുന്നു. ‘പ്രതിസന്ധികളെ മറികടക്കാൻ ഈ സർക്കാർ നൽകിയ ധൈര്യം ചെറുതല്ല. അതിന്റെ തുടർച്ച ജനങ്ങൾ ആഗ്രഹിക്കുന്നതാണ് കാണാൻ കഴിയുന്നത്’.
കിറ്റ്, ക്ഷേമ പെൻഷൻ, പട്ടയമേളകൾ, ലൈഫ് പദ്ധതിയിൽ 2.5 ലക്ഷം വീടുകൾ, ആരോഗ്യ മേഖലയിൽ പുരസ്കാരങ്ങൾ...... അങ്ങനെ പലതും പരാമർശിക്കുന്നുണ്ട് ഇത്തിരി നേരം കൊണ്ട്. ഹോളി ക്രോസ് തീർഥാടന കേന്ദ്രത്തിലേക്കുള്ള യാത്രയിൽ ബിന്ദു പ്രതീക്ഷകൾ പങ്കുവച്ചു. ‘ഇരിങ്ങാലക്കുടയിലെ മറ്റ് 2 സ്ഥാനാർഥികളും ഇവിടേക്ക് വന്നവരാണ്. ഞാൻ ഇവിടെത്തന്നെ ഉള്ള ആളാണ്. അച്ഛൻ 19–ാം വയസ്സു മുതൽ ഇരിങ്ങാലക്കുട നാഷനൽ സ്കൂൾ അധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ വിദ്യാർഥികൾ ഏറെപ്പേരുണ്ട് മണ്ഡലത്തിൽ.’അച്ഛന്റെ ശിഷ്യർ പ്രത്യേക സ്ക്വാഡ് ഉണ്ടാക്കിയതിനു പുറമേ, കേരള വർമ കോളജിൽ ബിന്ദു പഠിപ്പിച്ചവരിൽ ചിലരും പ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.
വീണ്ടെടുക്കാൻ വീറോടെ..
എന്നെന്നും ഇരിങ്ങാലക്കുടയ്ക്കൊപ്പം’ – പോസ്റ്ററുകളിലെല്ലാമുള്ള ഈ ടാഗ് ലൈനിൽ ആർക്കൊക്കെയോ ഉള്ള മറുപടി ഒളിപ്പിച്ചുവച്ചിട്ടുണ്ട് യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ. ‘ഞാൻ സർവേ നടത്തിയിട്ടുണ്ട്. ഇവിടെ ഞങ്ങൾക്കാണു മുൻതൂക്കം; ജയിക്കാനുള്ള മുൻതൂക്കം’– ചാനൽ സർവേകളെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ ഉണ്ണിയാടന്റെ മറുപടി അതാണ്. 3 തവണ ഇരിങ്ങാലക്കുടയെ സഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട് തോമസ് ഉണ്ണിയാടൻ.
‘1996 മുതൽ കാണാത്ത ആവേശമാണ് ഇക്കുറി യുഡിഎഫിൽ. ഭൂരിപക്ഷം കൂടും’– ഉച്ചയ്ക്ക് പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിൽ കൂടുതൽ സമയം വെയിലേറ്റതിന്റെ ക്ഷീണം വിട്ട് അദ്ദേഹം ആവേശഭരിതനായി. ‘5 വർഷം അവർ പരാജയമായിരുന്നു എന്ന് അവർക്കു തന്നെ അറിയാവുന്നതു കൊണ്ടാണല്ലോ സ്ഥാനാർഥിയെ മാറ്റിയത്. തെറ്റു സമ്മതിച്ചുകൊണ്ട് അതിന്റെ തുടർച്ചയ്ക്ക് വോട്ട് ചോദിച്ചാൽ അത് വോട്ടർമാർ അംഗീകരിക്കുമോ?’– ഉണ്ണിയാടൻ ചോദിക്കുന്നു. എല്ലാ ബജറ്റിലും ഇരിങ്ങാലക്കുടയ്ക്കു വേണ്ടി എന്തെങ്കിലും നീക്കി വച്ചിട്ടുള്ള തന്റെ പഴയ കാലത്തെക്കുറിച്ചും അദ്ദേഹത്തിനു പറയാനുണ്ട്. ഇപ്രാവശ്യം പുതിയ ചിഹ്നത്തിലാണു മത്സരിക്കുന്നത്.
അതുകൊണ്ട് ചിഹ്നത്തിനു പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട് പ്രചാരണത്തിൽ. ‘കേരള കോൺഗ്രസ്(എം) മുന്നണി മാറിയതൊന്നും ഇരിങ്ങാലക്കുടയിൽ പ്രതിഫലിക്കില്ല’– ഉച്ചത്തെ ഊണു കഴിഞ്ഞുള്ള വിശ്രമ വേളയിലും അദ്ദേഹം വിശ്രമമില്ലാതെ രാഷ്ട്രീയം പറഞ്ഞു. മുരിയാട് പഞ്ചായത്തിലാണ് ഉച്ചത്തെ പര്യടനം. ‘നിരാലംബർക്ക് ആശ്രയമായി, നമ്മുടെ തോമസ് ഉണ്ണിയാടൻ’’ എന്ന അനൗൺസ്മെന്റോടെ പൈലറ്റ് വാഹനം മുന്നോട്ടെടുത്തു. ചിത്രവും ചിഹ്നവും പതിച്ച ഒരു ട്രാക്ടറും ഉണ്ട് സ്ഥാനാർഥിയുടെ വാഹനത്തിനു മുൻപിലായി.
കാണാൻ കൂടി നിൽക്കുന്നവർക്ക് കൈ വീശുമ്പോഴും അദ്ദേഹം രാഷ്ട്രീയം പറയുന്നുണ്ട്. ‘സിപിഎമ്മുകാരും ബിജെപിക്കാരും പാർട്ടിയില്ലാത്തവരും എനിക്കു വോട്ട് ചെയ്യും. പേടിക്കാനില്ല’. ന്യൂനപക്ഷ വോട്ടുകൾ ബിജെപി പിടിക്കുമോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം ഗൗരവത്തിലായി. ‘ന്യൂനപക്ഷങ്ങൾ തങ്ങൾക്കൊപ്പമാണെന്ന് ബിജെപി വെറുതേ പ്രചരിപ്പിക്കുകയാണ്’. ആനന്ദപുരം പിന്നിട്ട് വെള്ളിലംകുന്ന് കോളനിയിലെത്തിയപ്പോൾ ആളുകൾ ഓടിക്കൂടുന്നു. പേരെടുത്തു പറഞ്ഞ് ചേർത്തുപിടിക്കുന്നു ചിലരെ. ആരോടും വോട്ട് തേടുന്നില്ല. കുശലാന്വേഷണങ്ങൾ മാത്രം.
ചിട്ട തെറ്റാതെ, ചുവടുറപ്പിച്ച്..
ആദ്യമായാണ് കേരളത്തിൽ ഒരു ഐപിഎസുകാരൻ നിയമസഭാമത്സരത്തിന്റെ കളത്തിലേക്കിറങ്ങുന്നത്. പ്രചാരണത്തിലെ പൊലീസ് ചിട്ട കൂടെയുള്ള പ്രവർത്തകർക്കെല്ലാം കൗതുകമാകുന്നത് അതുകൊണ്ടാവാം. പ്രചാരണ പര്യടനങ്ങൾ ഒന്നും രണ്ടു മണിക്കൂർ വൈകിയോടുന്നതാവും ഇതുവരെ നാം കണ്ടു പരിചയിച്ച ശീലം. എന്നാൽ, എൻഡിഎ സ്ഥാനാർഥി ജേക്കബ് തോമസിന്റെ കാര്യത്തിൽ ചിട്ട വിട്ടൊരു കളിയില്ല. രാവിലെ എഴുന്നേൽക്കുന്ന ഉടൻ ഉദിച്ചുയരുന്ന സൂര്യനെ കാണുന്ന ശീലം തൊട്ട് ഒന്നിലും മാറ്റമില്ല അദ്ദേഹത്തിന്.
മണ്ഡലത്തിലെ കലാകാരന്മാരെ കാണാനുള്ള യാത്രയ്ക്കിടെ തട്ടാമറ്റത്തിൽ കലാനിലയം പരമേശ്വരനെ കണ്ടപ്പോൾ അദ്ദേഹം തന്റെ ‘ചുട്ടി– കലയും ശാസ്ത്രവും’ എന്ന പുസ്തകമാണ് സ്ഥാനാർഥിക്കു സമ്മാനമായി നൽകിയത്. ഒപ്പിട്ടു തരണേ എന്നായി അദ്ദേഹത്തിന്റെ അഭ്യർഥന. ഇതിനിടെ ഒരു സ്ത്രീ കാലിൽ തൊട്ടുവന്ദിച്ചു. ‘അഴിമതിക്കെതിരായ സാറിന്റെ നിലപാടുകൾ കണ്ടപ്പോൾ തൊട്ടുള്ള ആഗ്രഹമാണ്’– അവർ പറഞ്ഞു. ആളൂർ എസ്എൻവി എച്ച്എസ്എസിലെ അധ്യാപകരെയും ജീവനക്കാരെയും കാണാൻ നിശ്ചയിച്ച സമയം തെറ്റിക്കാനാവാത്തതിനാൽ കാറിൽ ഇരുന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ കുറിച്ച് പറഞ്ഞത്.
‘അഴിമതിക്കെതിരെ നിലപാട് എടുത്തതിന്റെ സ്വീകാര്യത ലഭിക്കുന്നുണ്ട്. പക്ഷേ, ഞാൻ ഉയർത്തുന്ന വിഷയം വികസനം തന്നെയാണ്. അത് വെറുതേ കെട്ടിടങ്ങൾ കെട്ടിയുള്ള വികസനമല്ല. കലയും സംസ്കാരവും എല്ലാം ഗ്രഹിക്കാൻ കഴിയുന്ന, ഭംഗി ഉപയോഗപ്പെടുത്തുന്ന, നാടിനു തണൽ വിരിക്കുന്ന മരങ്ങൾ വച്ചു പിടിപ്പിക്കുന്നതുൾപ്പെടെയുള്ള വികസനം’ സ്കൂളിൽ അധ്യാപകർക്കെല്ലാവർക്കും അദ്ദേഹം തന്റെ പുസ്തകങ്ങൾ ഒപ്പിട്ടു നൽകി. പുസ്തകങ്ങളെക്കുറിച്ചാണ് ഏറെയും സംസാരിച്ചത്. എംഎൽഎ ആയി അടുത്ത വർഷം സ്കൂളിൽ ഉദ്ഘാടനത്തിനു വരണമെന്ന് ആരോ പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു. ‘ഉദ്ഘാടനം എനിക്കു തീരുമാനിക്കാവുന്നതേ ഉള്ളൂ.
എംഎൽഎ ആക്കുന്നത് നിങ്ങളുടെ തീരുമാനവും’.കിറ്റും പെൻഷനും ശബരിമലയും എല്ലാം അദ്ദേഹത്തിനു പറയാനുണ്ട്. ‘ആറു പതിറ്റാണ്ടു ഭരിച്ച നാട്ടിൽ ജനങ്ങൾക്ക് 350 രൂപയുടെ കിറ്റ് കൊടുത്തതു മഹത്തരമായി പറയേണ്ടി വരുന്നത് രണ്ടു മുന്നണികളുടെയും സെൽഫ് ഗോൾ ആണ്’. കാറിലിരുന്ന് അദ്ദേഹത്തിന്റെ പുസ്തകം തുറന്നു നോക്കി. ഒരു അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്: ‘രാഷ്ട്രീയക്കാരൻ അടുത്ത തിരഞ്ഞെടുപ്പു മാത്രമാണ് നോക്കിക്കാണുന്നത്. രാഷ്ട്രചിന്തകൻ അടുത്ത തലമുറയെയാണു നോക്കിക്കാണുന്നത്’.