മുഖ്യമന്ത്രി ഭയത്തിന്റെ അന്തരീക്ഷം വളർത്തിയെടുത്തു: വി.എം.സുധീരൻ
Mail This Article
വരന്തരപ്പിള്ളി ∙ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ മടിക്കും വിധം ഭയത്തിന്റെ അന്തരീക്ഷം സംസ്ഥാനത്ത് വളർത്തിയെടുത്തിരിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. വരന്തരപ്പിള്ളി പൗണ്ടിൽ പുതുക്കാട് യുഡിഎഫ് സ്ഥാനാർഥി സുനിൽ അന്തിക്കാടിന്റെ പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊലപാതകികളെ സംരക്ഷിക്കാൻ സർക്കാരിന്റെ പണം ദുർവിനിയോഗം ചെയ്യുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും സുധീരൻ പറഞ്ഞു.
രാഷ്ട്രീയ എതിരാളികൾക്ക് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന സംസ്ഥാന സർക്കാർ നരേന്ദ്രമോദി സർക്കാരിൽ നിന്ന് വ്യത്യസ്തമല്ലെന്നും വി.എം.സുധീരൻ പറഞ്ഞു. നരേന്ദ്രമോദി കുത്തക മുതലാളിമാരെ സംരക്ഷിക്കുന്ന അതേ മാതൃകയിൽ കമ്യൂണിസ്റ്റ് പാരമ്പര്യം കൈവിട്ട് സംസ്ഥാന സർക്കാർ മുതലാളിത്ത താൽപര്യങ്ങളെ സംരക്ഷിക്കുകയാണെന്ന് വി.എം. സുധീരൻ പറഞ്ഞു.
ഭൂരഹിതരായി ലക്ഷക്കണക്കിനാളുള്ളപ്പോൾ സർക്കാർ ഭൂമി കൈവശം വച്ചിരിക്കുന്ന കുത്തക കമ്പനികൾക്കായി സർക്കാർ കോടതിയിൽ തോറ്റു കൊടുക്കുകയാണെന്നു സുധീരൻ ആരോപിച്ചു. മദ്യലോബികൾക്ക് സർവ സംരക്ഷണവുമൊരുക്കിയ സർക്കാർ സാമൂഹിക ദുരന്തത്തിലേക്കാണ് സംസ്ഥാനത്തെ നയിക്കുന്നത്. വരന്തരപ്പിള്ളി മണ്ഡലം പ്രസിഡന്റ് പി.ടി. വിനയൻ അധ്യക്ഷനായി. കെ. ഗോപാലകൃഷ്ണൻ, ടി.എം. ചന്ദ്രൻ, ഇ.എ. ഉമ്മർ, കെ.എൽ. ജോസ്, എന്നിവർ പ്രസംഗിച്ചു.